റാഗിങ്ങിനു പെണ്‍കുട്ടികള്‍ക്കു ചുമത്തിയ പിഴ 13.5 ലക്ഷം രൂപ!

ഹോസ്റ്റലില്‍ നടന്ന ഒരു റാഗിങ് സംഭവത്തിന്റെ പേരില്‍ കോളജ് അധികൃതര്‍ അവിടുത്തെ പെണ്‍കുട്ടികള്‍ക്കു ചുമത്തിയതു 13.5 ലക്ഷം രൂപയുടെ പിഴ. ബീഹാറിലെ ദര്‍ഭംഗ മെഡിക്കല്‍ കോളജിലാണു സംഭവം. 25,000 രൂപ വച്ചു 54 പെണ്‍കുട്ടികള്‍ക്കാണു കോളജ് പിഴ ചുമത്തിയത്. 

ഹോസ്റ്റലില്‍ റാഗിങ്ങിന് ഇരയായ ഒന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാർഥിനി മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്ക്(എംസിഐ) പരാതി നല്‍കിയതോടെയാണു സംഭവങ്ങളുടെ തുടക്കം. എംസിഐ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു കോളജിനു നിര്‍ദ്ദേശം നല്‍കി. മൂന്നാം വര്‍ഷ വിദ്യാർഥിനികളാണ് ഒന്നാം വര്‍ഷ വിദ്യാർഥിനിയെ റാഗിങ്ങിന് ഇരയാക്കിയത്. 

എന്നാല്‍ കോളജിലെ ആന്റി റാഗിങ് കമ്മിറ്റി തെളിവെടുപ്പു നടത്തിയപ്പോള്‍ ഹോസ്റ്റലിലെ മറ്റു ഒന്നാം വര്‍ഷ വിദ്യാർഥിനികളാരും തന്നെ തെളിവു തരാന്‍ മുന്നോട്ടു വന്നില്ല. ഇതോടെ ഹോസ്റ്റലിലെ ഒന്നും മൂന്നും വര്‍ഷങ്ങളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ഒരുമിച്ച് പിഴ ഈടാക്കാന്‍ കോളജ് തീരുമാനിക്കുകയായിരുന്നു. 

എംസിഐയുടെ റാഗിങ് വിരുദ്ധ ചട്ടങ്ങള്‍ പ്രകാരം സംഭവം റിപ്പോര്‍ട്ട് ചെയ്യാത്തതിനും മൂടിവയ്ക്കാന്‍ ശ്രമിച്ചതിനുമാണു പിഴ ശിക്ഷ വിധിച്ചത്. നവംബര്‍ 25നകം പിഴ അടച്ചില്ലെങ്കില്‍ വിദ്യാർഥിനികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന നിലപാടിലാണു കോളജ് അധികൃതര്‍.

Education News>>