Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സർക്കാർ സ്കൂൾ കുട്ടികളെ ലോകോത്തര നിലവാരത്തിലെത്തിക്കും: മുഖ്യമന്ത്രി

smart-class

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളെ ലോകോത്തര നിലവാരത്തിലെത്തിക്കാനാണു ലക്ഷ്യമിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസരംഗത്തു കൈവരിച്ച നേട്ടം ഉന്നത വിദ്യാഭ്യാസ രംഗത്തും സാധ്യമാക്കുമെന്നും ഇതുകൂടി ലക്ഷ്യമിട്ടാണു പുതിയ ഐടി നയം രൂപപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ 45000 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിന്റെയും ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സാങ്കേതിക വിദ്യാഭ്യാസരംഗത്ത് സ്വതന്ത്രസോഫ്റ്റ്‌വെയർ പ്രയോജനപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭമാണു ഹൈടെക് സ്കൂൾ. ഹൈടെക് സ്കൂൾ, സ്കൂൾ വിക്കി, ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് എന്നിവയെല്ലാം കേരളത്തിനു മാത്രം അവകാശപ്പെട്ട നേട്ടങ്ങളാണ്. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബിനെ സാമ്പത്തികമായി സഹായിക്കാൻ സ്ഥാപനങ്ങളും വ്യക്തികളും തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മന്ത്രി സി.രവീന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ ടി.എം.തോമസ് ഐസക്, ടി.കെ.രാമകൃഷ്ണൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു, വകുപ്പുമേധാവികളായ ഉഷ ടൈറ്റസ്, എ.ഷാജഹാൻ, പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.വി.മോഹൻകുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം സിഇഒ: ഡോ. പി.കെ.ജയശ്രീ, കൈറ്റ്സ് വൈസ്ചെയർമാൻ കെ.അൻവർ സാദത്ത്, വൊക്കേഷനൽ ഹയർസെക്കൻഡറി ഡയറക്ടർ പ്രഫ. എ.ഫാറൂഖ് എന്നിവർ പ്രസംഗിച്ചു. 

ഹൈടെക് ക്ലാസ്മുറി സംസ്ഥാനത്തെ 4775 സ്കൂളിലെ 45,000 ക്ലാസ്മുറികളാണു ഹൈടെക് ആയി വികസിപ്പിക്കുന്നത്. ലാപ്ടോപ്പ്, പ്രൊജക്ടർ, മൗണ്ടിങ് കിറ്റ്, സൗണ്ട് സിസ്റ്റം, ബ്രോഡ്ബ്രാൻഡ് ഇന്റർനെറ്റ്, മൾട്ടി ഫങ്ഷൻ പ്രിന്റർ, ഡിജിറ്റൽ ക്യാമറ, വെബ്ക്യാം, സർവെയ്ലൻസ് സിസ്റ്റം എന്നിവ നൽകും. അടിസ്ഥാനസൗകര്യങ്ങൾ അതത് സ്കൂളുകൾ ഒരുക്കണം. കിഫ്ബിയിൽനിന്നും 493.5 കോടിയാണു ഹൈടെക് സ്കൂൾ പദ്ധതിക്ക് അനുവദിച്ചിട്ടുള്ളത്. ലിറ്റിൽ കൈറ്റ്സ് മുഴുവൻ ഹൈസ്കൂളിലുമായി ഒരുലക്ഷം കുട്ടികളെ ഉൾപ്പെടുത്തി രൂപീകരിക്കുന്നതാണു ലിറ്റിൽ കൈറ്റ്സ്. ഇലക്ട്രോണിക്സ്, അനിമേഷൻ, സൈബർ സുരക്ഷ, മലയാളം കംപ്യൂട്ടിങ്, ഹാർഡ്‌വെയർ തുടങ്ങിയ മേഖലകളിൽ പ്രത്യേകം പരിശീലനം നൽകിയാണു ക്ലബ് രൂപീകരിക്കുക. ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റുഡന്റ് ഐടി നെറ്റ് വർക്കായി ലിറ്റിൽ കൈറ്റ്സ് മാറും.

More Campus Updates>>