Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബ്രൗണ്‍ പേപ്പറിൽ പൊതി‍ഞ്ഞ പുസ്തകം തുറന്ന അധ്യാപകർ കണ്ടത്!

Bag

ബ്ലേഡ്, ട്രിമ്മര്‍, റേസര്‍, ഷേവിങ് ഫോം, കത്രിക, നെയില്‍ പോളിഷ്, ലിപ്സ്റ്റിക്... ഏതെങ്കിലും ബ്യൂട്ടി പാര്‍ലറിലേക്കുള്ള ഷോപ്പിങ് ലിസ്റ്റ് ആണെന്നു വിചാരിച്ചാല്‍ തെറ്റി. ലക്നൗവിലെ പ്രമുഖ സ്‌കൂളുകളിലെ വിദ്യാർഥികളുടെ ബാഗുകള്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ വസ്തുക്കളുടെ പട്ടികയാണിത്. സിഗരറ്റ്, ലൈറ്റര്‍, അശ്ലീല മാസിക, ഐപോഡ്, മൊബൈല്‍ ഫോണ്‍, ലാപ്‌ടോപ്പ്, ഗുഡ്കാ പായ്ക്കറ്റ് എന്നിങ്ങനെ നീളുന്നു വിവിധ വിദ്യാർഥികളില്‍ നിന്നു പിടിച്ചെടുത്ത വസ്തുക്കള്‍. 

ലക്നൗവിലെ ബ്രൈറ്റ്‌ലാന്‍ഡ് സ്‌കൂള്‍ പരിസരത്ത് വെച്ചു സീനിയര്‍ പെണ്‍കുട്ടി ഒന്നാം ക്ലാസുകാരനെ കത്തി കൊണ്ടു കുത്തി പരുക്കേല്‍പ്പിച്ച സംഭവത്തെ തുടര്‍ന്നാണ് നഗരത്തിലെ സ്‌കൂളുകള്‍ വിദ്യാർഥികളുടെ ബാഗ് പരിശോധന തുടങ്ങിയത്. സംഭവം മൂടി വയ്ക്കാന്‍ ശ്രമിച്ച സ്‌കൂള്‍ പ്രിന്‍സിപ്പലിനെയും ഒരു പെണ്‍കുട്ടിയെയും പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. വിദ്യാർഥികള്‍ മാരകായുധങ്ങള്‍ ബാഗിലാക്കി കൊണ്ടു വരുന്നുണ്ടോ എന്നു കണ്ടു പിടിക്കാനായിരുന്നു പരിശോധന. 

ബ്രൗണ്‍ പേപ്പറൊക്കെ ഇട്ടു പൊതിഞ്ഞ് സയന്‍സ് വിഷയമെന്നു ലേബലും ഒട്ടിച്ച അശ്ലീല മാസികകളാണ് ഒന്‍പതാം ക്ലാസ് വിദ്യാർഥികളുടെ ബാഗില്‍ നിന്നു പിടിച്ചതെന്നു സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മാതാപിതാക്കള്‍ വീട്ടില്‍ വച്ച് ഷേവു ചെയ്യാന്‍ അനുവദിക്കാത്തതു കൊണ്ടാണു ട്രിമ്മറും റേസറും മറ്റുമായി സ്‌കൂളിലേക്കു വരുന്നതെന്നു ചില ആണ്‍കുട്ടികള്‍ കുറ്റസമ്മതം നടത്തി. പെണ്‍കുട്ടികളുടെ ബാഗുകളില്‍ നിന്നു മുഖ്യമായും പെര്‍ഫ്യൂമും ലിപ്സ്റ്റിക്കും പോലുള്ള സൗന്ദര്യവര്‍ദ്ധക വസ്തുക്കളാണു കണ്ടെത്തിയത്. സാധനങ്ങള്‍ പിടിച്ചെടുത്ത സ്‌കൂള്‍ അധികൃതര്‍ കുട്ടികളുടെ മാതാപിതാക്കള്‍ക്കു നോട്ടീസും നല്‍കി. 

എല്ലാ കുട്ടികളുടെയും ബാഗ് പരിശോധന പ്രായോഗികമല്ലെന്നും തങ്ങളുടെ മക്കളുടെ ബാഗുകള്‍ മാതാപിതാക്കള്‍ തന്നെ ശരിക്കും പരിശോധിച്ച ശേഷം മാത്രമേ സ്‌കൂളിലേക്ക് അയക്കാവൂ എന്നും സ്‌കൂള്‍ അധികൃതര്‍ പറയുന്നു. 

More Campus Updates>>