Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

20 വർഷം അമേരിക്കയിൽ ജോലി ചെയ്ത ദമ്പതികൾ ഇന്ത്യൻ സ്കൂളുകളിൽ കണ്ട കാഴ്ച

Aavishkaar

ആവിഷ്കാർ എന്ന സംസ്കൃതപദത്തിന് ‘പുതിയ രീതി’ ‘മാറ്റം’ എന്നെല്ലെമാണർത്ഥം. ആ പേരു സൂചിപ്പിക്കുന്നപോലെ തന്നെ ഇതൊരു പുതുമാറ്റത്തിന്റെ കഥയാണ്. ഹിമാചൽപ്രദേശിലെ ദൗലാധറിലെ ഒരു മഞ്ഞുമൂടിയ ഞായറാഴ്ചയിലെ പ്രഭാതം. കമ്പിളി ഉടുപ്പുകളും തൊപ്പികളും കൈയ്യുറകളും ധരിച്ച കുട്ടികൾ ശാസ്ത്രവും ഗണിതവും പഠിക്കുകയാണ്.. അല്ല അറിയുകയാണ്. ഒച്ചയുയർത്താതെ, ദേഷ്യപ്പെടാതെ, ഏറെ രസകരമായി കണക്കിലെ കളികളും ശാസ്ത്രത്തിന്റെ രസവും അധ്യാപകർ പകർന്നുനൽകുകയാണ്. ഇത് ആവിഷ്കാര്‍ സെന്റർ ഫോർ സയൻസ്, മാത്‍സ്, ആർട്ട്സ് ആൻഡ് ടെക്നോളജി.

സന്ധ്യ ശർമയും ശരത് ഗുപ്തയുമാണ് ആവിഷ്കാർ എന്ന പഠനകേന്ദ്രത്തിന്റെ സൃഷ്ടാക്കൾ. നീണ്ട 20 വർഷം അമേരിക്കയിൽ ജോലി ചെയ്ത് ഇന്ത്യയിൽ തിരിച്ചെത്തിയ ഈ ദമ്പതികൾ താമസത്തിനായി തിരഞ്ഞെടുത്തത് ഹിമാചൽ പ്രദേശിലെ കന്ദ്ബാരി എന്ന ഗ്രാമമായിരുന്നു. അന്ന് അഞ്ചു വയസുകാരിയായ മകളുടെ പഠനം തുടരുന്നതിനായി അടുത്തുളള വിദ്യാലയങ്ങളിലെത്തിയ സന്ധ്യയ്ക്കും ശരത്തിനും കുട്ടികളെ ഭയപ്പെടുത്തി പഠിപ്പിക്കുന്ന രീതിയോടു വിയോജിപ്പ് തോന്നി. വിദ്യാലയങ്ങൾ വളർത്തേണ്ട സംസ്കാരം ഭയപ്പാടിന്റെ വിദ്യാഭ്യാസമല്ലെന്നു ചിന്തിച്ച അവർ തങ്ങളുടെ മകളെ അങ്ങനെയുളള വിദ്യാലയങ്ങളില്‍ ചേർത്തു പഠിപ്പിക്കാൻ മടിച്ചു. അടുത്തുളള ഗവൺമെന്റ് വക വിദ്യാലയത്തിൽ മകളെ ചേർത്ത അവർക്കു വളരെ എളുപ്പം തന്നെ കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്താൻ കഴിഞ്ഞു. ഗണിതമാണു കുട്ടികളെ ഏറ്റവും കുഴപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമെന്നു തിരിച്ചറിഞ്ഞ ശരതും സന്ധ്യയും അറിവു സന്തോഷത്തോടെ ആർജിക്കേണ്ടതാണെന്നും, ഗണിതപഠനം എപ്രകാരം രസകരമാക്കാമെന്നും ചിന്തിച്ചു. ആ ചിന്തയുടെ ആത്മാവിഷ്കാരമായിരുന്നു 2012 ൽ സ്ഥാപിക്കപ്പെട്ട ‘ആവിഷ്കാർ’. 

class-room-avishkar

ഗണിതശാസ്ത്രവും ഭൗതികശാസ്ത്രവും രസതന്ത്രവും എങ്ങനെ പുതുരീതികളിലൂടെ രസകരമായി പഠിക്കാമെന്നു വികസിപ്പിച്ചെടുത്ത ശരതും സന്ധ്യയും പല ഗവൺമെന്റിതര സംഘടനകളിലൂടെ അതു കുട്ടികളിലും അധ്യാപകരിലും എത്തിക്കുന്നതിനുളള ശ്രമങ്ങൾ നടത്തി. ഗണിതത്തിലെയും ശാസ്ത്രത്തിലെയും പല സങ്കൽപങ്ങളും വിവരിക്കുന്നതിനായി സന്ധ്യയും ശരതും തിരഞ്ഞെടുത്തത് ലളിതമായ മാതൃകകളും ചെലവ് തീരെകുറഞ്ഞ വസ്തുക്കളും ഉപയോഗശൂന്യമായ പദാർത്ഥങ്ങളുമാണ്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചെലവ് കുറഞ്ഞ വഴി സ്വീകരിച്ചതെന്ന ചോദ്യത്തിന് സന്ധ്യയ്ക്ക് ഉത്തരമുണ്ട്. ഗ്രാമപ്രദേശങ്ങളിലെ തീരെ സൗകര്യം കുറഞ്ഞ സ്കൂളുകളിൽ വിലകൂടിയ വസ്തുക്കൾ ഉപയോഗിച്ച് പഠിപ്പിക്കാൻ ചെന്നാൽ അവർക്ക് ഈ മാതൃകകള്‍ നിർമിക്കുകയെന്നത് ചിലപ്പോൾ അപ്രാപ്യമായേക്കാം.

ആവിഷ്കാർ എന്ന ഈ പഠനകേന്ദ്രവും ലാളിത്യത്തിന്റെ ഒരു രൂപമാണ്. കാലിത്തൊഴുത്തായിരുന്നു ആദ്യമിത്. പന്നിക്കൂടാണ് വർക്ക്ഷോപ്പായിട്ടു മാറ്റിയെടുത്തത്. ക്ലാസിലെ ഇരിപ്പിടങ്ങളും ഉപകരണങ്ങളും നിർമ്മിച്ചിരിക്കുന്നതു മുള കൊണ്ടാണ്. ഈ ഗ്രാമപ്രദേശത്തു ഞങ്ങൾക്ക് ലഭ്യമായത് ഇതുമാത്രമായിരുന്നു. ഇവിടുത്തെ കുട്ടികൾക്കും ഏറ്റവും പരിചിതമായ സാഹചര്യങ്ങളിലൂടെയായിരിക്കണം പഠനം നടക്കേണ്ടത്. അതുകൊണ്ടുതന്നെ മറ്റൊരു മാർഗത്തെക്കുറിച്ച് കൂടുതലായി ഞങ്ങൾ ചിന്തിച്ചില്ലെന്ന് ശരതും കൂട്ടിച്ചേർക്കുന്നു.

നിരവധി ശാസ്ത്രമേളകളും വിദ്യാർഥികൾക്കും അധ്യാപകർക്കുമായി പഠനക്യാമ്പുകളും ആവിഷ്കാർ സംഘടിപ്പിക്കാറുണ്ട്. വിവിധ സ്ഥാപനങ്ങളിൽ നിന്നുളള ഊർജസ്വലരായ ഒരു സംഘമാളുകൾ എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണയുമായി സന്ധ്യയ്ക്കും ശരത്തിനുമൊപ്പമുണ്ട്. ചെന്നൈ ഐഐടിയിൽ നിന്നു പഠിച്ചിറങ്ങിയ ഭരതിനെപ്പോലുളള അധ്യാപകർ ഈ സ്ഥാപനത്തിനൊരു മുതൽക്കൂട്ടാണ്. ആവിഷ്കാർ എന്ന ഈ പഠനകേന്ദ്രം പരസ്യങ്ങൾ നല്‍കാറില്ല. പക്ഷേ, കേട്ടറിഞ്ഞ് അന്വേഷിച്ചെത്തുന്ന നിരവധി ആളുകളുണ്ട്. അതിൽ വിദേശികളുമുണ്ടെന്നതാണ് ഏറെ കൗതുകകരം. 

വിജയക്കഥകൾ ഏറെ പറയാനുണ്ട് ഈ സ്ഥാപനത്തിന്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് രാജേശ്വർ എന്ന വിദ്യാർഥിയുടേതാണ്. ഒരുസാധാരണ തൊഴിലാളിയുടെ മകനായ രാജേശ്വറിനു സ്വന്തം ഭാവി ശോഭനമാകുന്നതിനെക്കുറിച്ചു യാതൊരുറപ്പുമുണ്ടായിരുന്നില്ല. പത്താം ക്ലാസിനപ്പുറത്തേക്ക് വിദ്യാഭ്യാസം ലഭിക്കുമോയെന്നുപോലും അവന് ശങ്കയുണ്ടായിരുന്നു. എങ്കിലും എഞ്ചിനീയറാകണമെന്നൊരു സ്വപ്നമവനുണ്ടായിരുന്നു. ഗണിതവും ശാസ്ത്രവിഷയങ്ങളുമായിരുന്നു അവനേറ്റവും പ്രയാസമേറിയത്. ആവിഷ്കാറിലെ പഠനരീതി അവനെയിന്ന് അവന്റെ സ്വപ്നത്തിലേക്ക‌ടുപ്പിച്ചു കൊണ്ടിരിക്കുകയാണ്.

തങ്ങളുടെ പഠനരീതി മറ്റു സ്കൂളുകളിലേയ്ക്ക് എത്തിക്കുന്നതിനായി അധ്യാപർക്ക് പരിശീലനക്ലാസുകൾ ഇവിടെ ഒരുക്കുന്നുണ്ട്. ‍ഡൽഹി ഗവൺമെന്റിന്റെയും ഹിമാചൽപ്രദേശ് ഗവൺമെന്റിന്റേയും ക്ഷണപ്രകാരം പലതവണ അവിടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിലെ അധ്യാപകർക്ക് ട്രെയിനിങ് വർക്ക്ഷോപ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട് ഈ പഠനകേന്ദ്രം.

വ്യക്തമായൊരു ലക്ഷ്യമുണ്ട് ആവിഷ്കാറിന്. വിദ്യാർഥികൾ സ്വീകരിക്കേണ്ടത് ഒരു കോപ്പി പേസ്റ്റ് പഠനരീതിയല്ല. അപ്രകാരമുളള പഠനം നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് ഒട്ടും സഹായകരമാകില്ല. കുട്ടികൾ നല്ല ചിന്തകർ കൂടിയാണ്. എന്തിനാണ് ഞാൻ പഠിക്കുന്നത്? എന്താണ് ഞാന്‍ പഠിക്കേണ്ടത്? എന്നവർക്ക് മനസിലാക്കി നൽകണം. സങ്കല്പങ്ങൾ എന്തെന്നു മനസിലാക്കി നിത്യജീവിതവുമായി ബന്ധപ്പെടുത്തി വിഷയവും ഉത്തരവും പഠിക്കാൻ ആവിഷ്കാർ ഒാരോ വിദ്യാർത്ഥിയേയും സഹായിക്കുന്നു.

6 മുതൽ 12 വരെയുളള വിദ്യാർഥികൾക്ക് ഗണിതത്തിനും ശാസ്ത്രത്തിനും നിലവാരമുളള ഒരു പഠനമാതൃക ശരതും സന്ധ്യയും ആവിഷ്കരിച്ചിട്ടുണ്ട്. അതിനനുസരിച്ച് ഒാരോ ക്ലാസിലേക്കും പരീക്ഷകളും ഇവർ സംഘടിപ്പിയ്ക്കാറുണ്ട്. അയൽഗ്രാമങ്ങളിൽ നിന്ന് ആവിഷ്കാറിലെത്തുന്ന വിദ്യാർഥികള്‍ ഈ പരീക്ഷകളിൽ പങ്കെടുക്കാറുണ്ട്.

നന്നായി മനസിലാക്കുകയും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നതാണ് വിദ്യാഭ്യാസത്തിലൂടെ അർത്ഥമാക്കുന്നതെങ്കിൽ ആവിഷ്കാറിലൂടെ സന്ധ്യ ശർമയും ശരത് ഗുപ്തയും ആ ലക്ഷ്യം പ്രാവർത്തികമാക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.