Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അവിട്ടം വീട്ടിലെ മൂന്നു നക്ഷത്രങ്ങൾക്ക് ഫുൾ എ പ്ലസാണ് !

avittam-full-a-plus

കൊല്ലം ∙ അസാധാരണ ബുദ്ധിസാമർഥ്യവും അറിവുമുള്ളവരാണ് അവിട്ടം നക്ഷത്രജാതരെന്നാണ് ജ്യോതിഷവിധി. പേരൂർ അവിട്ടം വീട്ടിലെ മൂന്നു നക്ഷത്രങ്ങൾ അതിന്റെ നേർസാക്ഷ്യമാണ്. ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം വന്നപ്പോൾ ഈ വീട്ടിൽ മൂന്നു പേർക്ക് ഫുൾ എ പ്ലസാണ് കിട്ടിയിരിക്കുന്നത്. ഒറ്റപ്രസവത്തിൽ ജനിച്ച ആർച്ച, ആർദ്ര, ആർഷ എന്നീ മിടുക്കിക്കുട്ടികൾ എ പ്ലസ് തിളക്കത്തിലും ഒരുപോലെയാണ്. കരിക്കോട് ടികെഎം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണിവർ. നൃത്തവും ചിത്രരചനയുമാണ് പാഠ്യേതരവിഷയങ്ങളിൽ ഇവർക്ക് പ്രിയപ്പെട്ടത്. മികച്ച വിജയത്തിനു പിന്നിൽ തീർച്ചയായും കൃത്യമായ പഠനരീതികളുമുണ്ട്. ഓരോ ആഴ്ചയിലും പരീക്ഷയെഴുതി പഠിക്കുന്ന രീതിയിലായിരുന്നു ഇവരുടെ പഠനം. ട്യൂഷൻ ക്ലാസുകളും പഠനത്തിൽ ഏറെ സഹായിച്ചിരുന്നു.

ഫുൾ എ പ്ലസോടെയുള്ള വിജയം തന്നെയായിരുന്നു മൂന്നുപേരും പ്രതീക്ഷിച്ചിരുന്നത്. മൂന്നു കുട്ടികളെ ഒരുപോലെ വളർത്തിക്കൊണ്ടു വരാൻ അൽപം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോഴത്തെ വിജയത്തിൽ ഏറെ സന്തോഷമുണ്ടെന്ന് അച്ഛൻ ഷിജി സനാതനൻ അമ്മ റീനയും പറഞ്ഞു. പഠനത്തിന്റെ കാര്യത്തിൽ മൂവരേയും ഇതുവരെ നിർബന്ധിക്കേണ്ടിവന്നിട്ടില്ല. അവരുടെ ജന്മനക്ഷത്രമായ അവിട്ടമാണ് വീട്ടുപേരായി തിരഞ്ഞെടുത്തത്. കേരളാ പിഎസ്‌സിയിൽ സിസ്റ്റം അനലിസ്റ്റാണ് ഷിജി. റീന വീട്ടമ്മയാണ്. മിടുക്കിക്കുട്ടികൾക്ക് ഭാവിയിൽ ആരാകാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് ഷാജിയുടെയും റീനയുടെയും മറുപടി ചിരിയാണ്.- ‘അത് അവർ ഞങ്ങളോടുപോലും പറഞ്ഞിട്ടില്ല. സസ്പെൻസാണത്രേ’.  ഏഴാം മാസത്തിൽത്തന്നെ ജനിച്ച് അച്ഛനും അമ്മയ്ക്കും ഏറെ ടെൻഷൻ കൊടുത്തിട്ടുണ്ട് ഇവർ; ഇപ്പോൾ മികച്ച വിജയത്തിലൂടെ സന്തോഷവും