Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്യാറ്റ് : എഫ്ബിയും വാട്സാപ്പും സഹായിക്കും, എങ്ങനെ?

Author Details
IND1671B

ഇന്ത്യയിലെ ഏറ്റവും കടുകട്ടി പരീക്ഷകളിൽ ഏറ്റവും മുകളിൽ തന്നെയാണ് കോമൺ അഡ്മിഷൻ ടെസ്റ്റിന്റെ  (ക്യാറ്റ്) സ്ഥാനം. പരീക്ഷയുടെ ഘടനയല്ല, മറിച്ച് മൽസരതീവ്രതയാണു കാരണം. എഴുതുന്നവരുടെ ഏറ്റവും വലിയ ലക്ഷ്യം കോഴിക്കോട് ഉൾപ്പെടെയുള്ള ഐഐഎമ്മുകളിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്) പ്രവേശനം തന്നെ. അടുത്ത ക്യാറ്റ് നവംബർ 25ന്; ഇനി ആറു മാസം. ഇപ്പോൾ ജോലി ചെയ്യുന്നവർക്കും ക്യാറ്റിന് ഇനിയും കാര്യമായി തയാറെടുക്കാത്ത വിദ്യാർഥികൾ‌ക്കും പരിശീലനം ഊർജിതമാക്കാം.

‌ജോലി ചെയ്യുന്നവർ ശ്രദ്ധിക്കൂ
ക്യാറ്റ് വിജയിച്ച് എംബിഎ നേടാൻ ആഗ്രഹിക്കുന്നവരിൽ നല്ലൊരു ശതമാനം വർക്കിങ് പ്രഫഷനലുകളാണ്. എന്നാൽ ജോലി സമയം കഴി‍ഞ്ഞു പരീക്ഷയ്ക്ക്് തയാറെടുക്കുക അസാധ്യമാണെന്ന ചിന്ത ഇവരിൽ പലരെയും പരിശീലനത്തിൽ നിന്നു പിന്തിരിപ്പിക്കുന്നു. യാഥാർഥ്യം നേരെ തിരിച്ചാണ്. 2015ലെ ക്യാറ്റ് ടോപ്പറായ  പ്രതീക് ബാജ്പേയി ആഫ്രിക്കയിൽ എണ്ണക്കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പരിശീലനത്തിനു വേണ്ട പഠനസാമഗ്രികൾ പോലുമുണ്ടായിരുന്നില്ല,  ഇന്റർനെറ്റിനെ മാത്രം ആശ്രയിച്ചുള്ള പഠനം. തൊട്ടടുത്ത വർഷത്തെ ടോപ്പർ അഭിഷേക് സംബാംഗി ദിവസം പത്തുമണിക്കൂർ വരെ ജോലി ചെയ്ത ശേഷമാണു ക്യാറ്റിനു തയാറെടുത്തിരുന്നത്. ഇവരെല്ലാം പറയുന്നത് ഒരേ കാര്യം – എത്രമണിക്കൂർ തയാറെടുത്തു എന്നതല്ല കാര്യം; എങ്ങനെ തയാറെടുത്തു എന്നതാണ്. 

മോക്ക് ടെസ്റ്റിൽ തുടങ്ങാം
എല്ലാ പരീക്ഷകൾക്കും മോക്ക്ടെസ്റ്റ് പ്രധാനമാണ്; ക്യാറ്റിൽ പ്രത്യേകിച്ചും. നാം പിന്നാക്കം നിൽക്കുന്ന ഭാഗങ്ങൾ മനസ്സിലാക്കാന്‍ ഇവ ഉപകരിക്കും. മോക്ക്ടെസ്റ്റുകൾ ചെയ്തശേഷമുള്ള സ്വയം വിലയിരുത്തലാണു തങ്ങളുടെ വിജയത്തിനു പ്രധാനകാരണമായി മിക്ക ടോപ്പർമാരും ചൂണ്ടിക്കാട്ടുന്നത്. ക്യാറ്റിന്റെ ഒട്ടേറെ ടെസ്റ്റ്സീരിസുകൾ ഓൺലൈനിലും അല്ലാതെയുമായി ലഭ്യമാണ്. അതിനാൽ തയാറെടുപ്പിന്റെ പ്രാരംഭഘട്ടമായി ഒരു മോക്ക്ടെസ്റ്റ് ചെയ്യാം. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിങ്, ഡേറ്റ ഇന്റർപ്രറ്റേഷൻ, റീഡിങ് കോംപ്രിഹെൻഷൻ, വെർബൽ എബിലിറ്റി എന്നീ വിഭാഗങ്ങളിൽ ഏതിലാണു നാം ഏറ്റവും പിന്നിലെന്നു പരിശോധിച്ച് അതിൽനിന്നു പരിശീലനം തുടങ്ങുക. ഇടയ്ക്കിടെ മോക്ക്ടെസ്റ്റുകൾ ചെയ്തുകൊണ്ടിരിക്കുകയും വേണം. പൂർണമായും ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായും ഇവ ചെയ്യാം.  കയ്യിൽ നിന്നു വഴുതുന്നുവെന്നു തോന്നുന്ന ഭാഗങ്ങൾ റിവൈസ് ചെയ്യാം. 

എല്ലാ കിളികളും വേണം
‘കൂട്ടിലുള്ള കിളിയെ നന്നായി നോക്കൂ, മരത്തിലുള്ള കിളി പിന്നീട്’– പഴയൊരു ആപ്തവാക്യമാണ്. എന്നാൽ ക്യാറ്റിന്റെ കാര്യത്തിൽ കൂട്ടിലെ കിളിയും മരത്തിലെ കിളിയും ഒരുപോലെ പ്രധാനം.അറിവു കുറവുള്ള വിഷയങ്ങൾക്ക് അൽപം കൂടുതൽ ശ്രദ്ധ നൽകണം. തിരക്കിനും സാഹചര്യങ്ങൾക്കും അനുസരിച്ചുള്ള ഷെഡ്യൂൾ തയാറാക്കണം.എല്ലാ ഭാഗങ്ങൾക്കും ശ്രദ്ധ നൽകുന്നതോടൊപ്പം ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് പോലെ പരിശീലനം ഏറെ വേണ്ട ഭാഗങ്ങൾക്ക്  സമയം കൂടുതൽ നൽകാം.വെർബൽ എബിലിറ്റി, റീഡിങ് കോംപ്രിഹൻഷൻ എന്നീ ഘട്ടങ്ങൾക്കു ടെക്സ്റ്റ്ബുക്ക് പഠനം മാത്രം പോരാ. വായനാശീലം വർധിപ്പിക്കുന്നത് ഇക്കാര്യത്തിൽ ഏറെ ഗുണം ചെയ്യും. പത്രങ്ങൾ, ആനുകാലികങ്ങള്‍, ഓൺലൈൻ സൈറ്റുകൾ എന്നിവ സഹായകരമാകും.

സഹായിക്കും, എഫ്ബിയും വാട്സാപ്പും
ക്യാറ്റിനു തയാറെടുക്കുന്നവരുടെ ഫോറങ്ങളും ഫെയ്സ്ബുക്, വാട്സാപ് ഗ്രൂപ്പുകളും ധാരാളം, ഇവയിൽ അംഗമാകുന്നത് പരീക്ഷയെക്കുറിച്ച് കൂടുതൽ ഉൾക്കാഴ്ചയ്ക്കും സംശയ നിവാരണത്തിനും സഹായകരമാകും.