Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ചു മെഡിക്കൽ കോളജുകളെ ഒഴിവാക്കി ട്രയൽ അലോട്മെന്റ്

അഞ്ചു മെഡിക്കൽ കോളജുകളെയും രണ്ടു ഡെന്റൽ കോളജുകളെയും രണ്ട് ആർക്കിടെക്ചർ കോളജുകളെയും പ്രവേശനപരീക്ഷാ കമ്മിഷണർ ട്രയൽ അലോട്മെന്റിൽ നിന്ന് ഒഴിവാക്കി. സർവകലാശാലാ അഫിലിയേഷൻ ലഭിക്കാത്തതാണു കാരണം. കൊച്ചി ഗവ. മെഡിക്കൽ കോളജ്, കൊല്ലം അസീസിയ മെഡിക്കൽ കോളജ്, കണ്ണൂർ മെഡിക്കൽ കോളജ്, കാരക്കോണം സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ്, തിരുവനന്തപുരം എസ്‌യുടി മെഡിക്കൽ കോളജ് എന്നിവയാണ് ഒഴിവാക്കപ്പെട്ട മെഡിക്കൽ കോളജുകൾ.

കോതമംഗലം ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസസ്, കണ്ണൂർ ഡെന്റൽ കോളജ്, കൊല്ലം നിസാർ റഹീം ആൻഡ് മാർക്ക് സ്കൂൾ ഓഫ് ആർക്കിടെക്ചർ, എടപ്പാൾ ടാലന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ചർ എന്നിവയെയും ഒഴിവാക്കി. സർക്കാർ ഉത്തരവ് ലഭിക്കാത്തതിനാൽ കാർഷിക സർവകലാശാലയുടെ അമ്പലവയൽ കോളജിനെയും ഉൾപ്പെടുത്തിയില്ല. അഫിലിയേഷനും രേഖകളും ഇന്നു രാത്രിയെങ്കിലും ലഭിച്ചാൽ നാളത്തെ ആദ്യ അലോട്മെന്റിൽ ഈ കോളജുകളെ ഉൾപ്പെടുത്തും. 

കുറഞ്ഞ ഫീസുള്ള കൊച്ചി ഗവ. മെഡിക്കൽ കോളജ് ആദ്യ അലോട്മെന്റ് ഘട്ടത്തിൽ ഇല്ലാത്തത് പ്രവേശന നടപടികളെ ബാധിക്കാം. ആരോഗ്യ സർവകലാശാലയുടെ എതിർപ്പ് മറികടന്ന് അവിടെ അലോട്മെന്റ് നടത്താൻ സർക്കാർ നിർബന്ധിതമാകുമെന്ന് അറിയുന്നു. കോളജിലെ 15 % അഖിലേന്ത്യാ ക്വോട്ടയിലേക്ക് അലോട്മെന്റ് നടന്നിരുന്നു. ഇന്നലെ പുലർച്ചെ മൂന്നുമണിയോടെയാണ് ട്രയൽ അലോട്മെന്റ് നടത്തിയത്. ആരോഗ്യ സർവകലാശാലയുടെ അഫിലിയേഷനില്ലാത്ത കോളജുകളെ ട്രയലിൽനിന്ന് ഒഴിവാക്കണമെന്ന നിർദേശം കമ്മിഷണർക്കു ബുധനാഴ്ച രാത്രി വൈകിയാണു ലഭിച്ചത്. നേരത്തെ പ്രശ്നമുണ്ടായിരുന്ന പരിയാരം മെഡിക്കൽ കോളജിന് അംഗീകാരമുള്ളതായി ആരോഗ്യ സർവകലാശാല അറിയിച്ചതിനാൽ അവിടെ ട്രയൽ അലോട്മെന്റ് നടത്തി. 

അതേസമയം, പ്രവേശന നടപടികളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേരള സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റ്സ് അസോസിയേഷൻ സർക്കാരിനെതിരെ നൽകിയ കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കുന്നുണ്ട്. ഓപ്ഷൻ ഇന്ന് രാവിലെ 10 വരെ ട്രയലിലെ സാധ്യതകൾ അനുസരിച്ച് ഓപ്ഷനുകളിൽ മാറ്റം വരുത്താനും പുതിയ ഓപ്ഷൻ നൽകാനും ഇന്നു രാവിലെ 10 വരെ സമയമുണ്ട്. നാളെ രാത്രി എട്ടിനാണ് ആദ്യ അലോട്മെന്റ്. 

അലോട്മെന്റിന് കൂടുതൽ കോഴ്സ്
ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പുന്നപ്ര കാർമൽ, ചെറുതുരുത്തി ജ്യോതി എൻജിനീയറിങ് കോളജ്, കോട്ടയം പാത്താമുട്ടം സെന്റ് ഗിറ്റ്സ്, ചെങ്ങന്നൂർ മൗണ്ട് സിയോൻ എന്നീ എൻജിനീയറിങ് കോളജുകളിലെ ഏതാനും കോഴ്സുകളെക്കൂടി അലോട്മെന്റ് പ്രക്രിയയിൽ ഉൾപ്പെടുത്തി. ഹൈക്കോടതിയുടെ അന്തിമ വിധിക്കു വിധേയമായിരിക്കും അലോട്മെന്റ്. അതേസമയം ഈ വർഷം പ്രവേശനം നടത്തുന്നില്ലെന്ന് അറിയിച്ച കൂനംകര ബിലീവേഴ്സ് ചർച്ച് കാർമൽ കോളജിനെ ഒഴിവാക്കി. 

ന്യൂനപക്ഷ സർട്ടിഫിക്കറ്റ്: ഇന്ന് അഞ്ചുവരെ സമയം
ന്യൂനപക്ഷ പദവിയുള്ള സ്വകാര്യ സ്വാശ്രയ മെഡിക്കൽ, ഡെന്റൽ കോളജുകളിലെ ന്യൂനപക്ഷ ക്വോട്ടയിലേക്കു പ്രവേശനം വേണ്ട വിദ്യാർഥികൾക്ക് ന്യൂനപക്ഷ സമുദായ സർട്ടിഫിക്കറ്റ് ഓൺലൈനായി സമർപ്പിക്കാൻ ഇന്ന് അഞ്ചു വരെയാണു സമയം. പ്രവേശനപരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിൽ ഓരോ സമുദായത്തിനും നേരേ അതിനായി സമർപ്പിക്കേണ്ട സമുദായ സർട്ടിഫിക്കറ്റിന്റെ പ്രൊഫോമ ലഭ്യമാണ്. പ്രിന്റ്‍ ഔട്ട് എടുത്ത് ബന്ധപ്പെട്ട അധികൃതരുടെ സാക്ഷ്യപ്പെടുത്തലോടെ, ആവശ്യമെങ്കിൽ റവന്യു അധികൃതരുടെ സർട്ടിഫിക്കറ്റിനൊപ്പമാണു സമർപ്പിക്കേണ്ടത്. ക്രിസ്ത്യൻ ന്യൂനപക്ഷ കോളജുകളിലേക്കു സഭാ അധികൃതരുടെ സർട്ടിഫിക്കറ്റാണു നൽകേണ്ടത്.

ന്യൂനതകൾ തീർത്താൽ അനുമതി: ആരോഗ്യ സർവകലാശാല
ജൂലൈ ഏഴിനകം ന്യൂനതകൾ പരിഹരിച്ചാൽ അഞ്ചു മെഡിക്കൽ കോളജുകളിലും രണ്ടു ഡെന്റൽ കോളജുകളിലും പ്രവേശനം തടയില്ലെന്ന് ആരോഗ്യ സർവകലാശാല. മാനദണ്ഡം പാലിക്കുന്ന കോളജുകൾക്ക് ജൂലൈ ഏഴിനു ചേരുന്ന ഗവേണിങ് കൗൺസിലിൽ പ്രവേശനാനുമതി നൽകുമെന്നു വൈസ് ചാൻസലർ ഡോ. എം.കെ.സി.നായർ പറഞ്ഞു. അധ്യാപകരുടെ കുറവ്, അടിസ്ഥാന സൗകര്യമില്ലായ്മ, രോഗികളുടെ കുറവ് തുടങ്ങിയ ന്യൂനതകളാണു കണ്ടെത്തിയത്. ഈ കോളജുകൾ ഒന്നാം അലോട്മെന്റിനു മുൻപു സൗകര്യങ്ങൾ ഉറപ്പാക്കിയാൽ പ്രവേശനാനുമതി നൽകും. മതിയായ രേഖകൾ ലഭ്യമാകുന്ന മുറയ്ക്ക് ഇവയെ അലോട്മെന്റിൽ ഉൾപ്പെടുത്തുമെന്നു പ്രവേശനപരീക്ഷാ കമ്മിഷണറും അറിയിച്ചു.

Education News>>