സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് പദ്ധതി രാജ്യവ്യാപകമാക്കുന്നു

തിരുവനന്തപുരം∙ കേരള പൊലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് (എസ്പിസി) പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കുന്നു. ഇതിന്റെ ദേശീയതല ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് നാളെ ഹരിയാനയിലെ ഗുഡ്ഗാവിൽ നിർവഹിക്കും. ചരിത്ര മുഹൂർത്തത്തിൽ പങ്കാളികളാകാൻ രാജ്യത്ത് ആദ്യമായി ഈ പദ്ധതി നടപ്പാക്കിയ കേരളത്തിൽ നിന്നു 20 കെഡറ്റുകളും നോഡൽ ഓഫിസറായ ഐജി: പി.വിജയനും ഇന്നു ഡൽഹിയിലെത്തും.

ഇന്നലെ പൊലീസ് ആസ്ഥാനത്തു കെഡറ്റുകൾക്കു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ യാത്രയയപ്പു നൽകി.  2006ലാണു കേരളത്തിൽ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതി നടപ്പിലാക്കിയത്. ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ  പദ്ധതി സ്കൂൾ വിദ്യാർഥികൾക്ക്  ഏറെ സ്വീകാര്യമായി. ഇതിനോടകം 7,00,000 വിദ്യാർഥികളെ  പദ്ധതിയിലൂടെ പരിശീലിപ്പിച്ചു. നിലവിൽ സംസ്ഥാനത്തെ 600 സ്കൂളുകളിലെ 50,000 വിദ്യാർഥികൾ  പങ്കാളികളാണ്. പ്രത്യേകം തയാറാക്കിയ പാഠ്യപദ്ധതി പ്രകാരമാണ് എസ്പിസിയിൽ വിദ്യാർഥികളെ പരിശീലിപ്പിക്കുന്നത്. ആഭ്യന്തര, വിദ്യാഭ്യാസ വകുപ്പുകൾ സംയുക്തമായാണു സംസ്ഥാനത്തു പദ്ധതി നടപ്പാക്കുന്നത്. വിദ്യാർഥികളിൽ അച്ചടക്ക ബോധവും നിയമ ബോധവും ദേശീയതയും നേതൃപാടവും വർധിപ്പിക്കാൻ പദ്ധതി ഏറെ പ്രയോജനപ്പെടുന്നതായി ഡിജിപി: ലോക്നാഥ് ബെഹ്റ പറഞ്ഞു. ഈ വർഷം 100 സ്കൂളുകളിൽ കൂടി പദ്ധതി വ്യാപിപ്പിക്കാനാണു ലക്ഷ്യം.