Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മിടുമിടുക്കനാക്കിയത് ആ പഴം!

Vinod

ആഹ്ലാദം എന്തെന്ന് അറിയണമെങ്കിൽ സി.വിനോദിന്റെ (23) മുഖത്തേക്കു നോക്കിയാൽ മതി. കുട്ടിത്തംവിടാത്ത ചിരി. അതു സ്വന്തം ജീവിതത്തിന് അർഥമുണ്ടാക്കിയെടുത്തവന്റെ വിജയച്ചിരിയാണ്. കാട്ടുചെടിയായി മുളച്ചു പൊന്തി നാട്ടിൻപുറത്തും നഗരത്തിലും വേരുപടർത്തിയ കഥ പറയുന്ന ചിരി. ആദിമ ഗോത്രവിഭാഗമായ ചോലനായ്‌ക്കർക്കിടയിലെ ആദ്യ ബിരുദാനന്തര ബിരുദക്കാരനാണു വിനോദ്. 

ഉൾവനത്തിലെ ഗുഹയിൽ കഴിഞ്ഞിരുന്നപ്പോൾ കാട്ടുവിഭവങ്ങളായിരുന്നു ഭക്ഷണം. വേഷം, മുട്ടിനു മീതെ നിൽക്കുന്ന ചെറിയൊരു മുണ്ട്. അന്ന് വയസ്സ് ആറ്. ഏറ്റവും ഇഷ്ടം എന്തായിരുന്നെന്നോ– പഴം. 

പിന്നാക്കക്ഷേമത്തിനായുള്ള കിർത്താഡ്സ് ജീവനക്കാർ കാടിറക്കാനെത്തിയത് ആയിടയ്ക്കാണ്. വർണക്കുപ്പായങ്ങളും കളിപ്പാട്ടങ്ങളും കാണിച്ചു. പക്ഷേ, വിനോദ് വീണില്ല. അങ്ങനെ അന്നത്തെ ഡയറക്ടർ വിശ്വനാഥൻ അവസാനത്തെ സൂത്രം പുറത്തെടുത്തു, ‘ഒപ്പം വന്നാൽ ഒത്തിരി പഴം തരാം’. 18 വർഷം മുൻപ് ആ പഴത്തിൽ  തെന്നി വിനോദ് വീണു, പുതിയ ജീവിതത്തിലേക്ക്. 

ഇപ്പോൾ കുസാറ്റിൽ എംഫിൽ പ്രവേശന പരീക്ഷയ്‌ക്കു തയാറെടുക്കുമ്പോൾ വിനോദ് പറയുന്നു, അന്നു പഴം തരാമെന്നു പറഞ്ഞു പറ്റിച്ചിരുന്നില്ലെങ്കിൽ എന്റെ ജീവിതവും കാടിനകത്തു തളയ്‌ക്കപ്പെടുമായിരുന്നു. കുസാറ്റിൽനിന്ന് 75% മാർക്കോടെ അപ്ലൈഡ് ഇക്കണോമിക്‌സിൽ എംഎ നേടിയ മിടുക്കന്റെ വാക്കുകൾക്കു കാടോളം കരുത്ത്. 

വനത്തിനകത്ത് എട്ടു കിലോമീറ്റർ ഉള്ളിലായാണു വിനോദ് താമസിച്ചിരുന്ന അള. അവിടെനിന്നു നിലമ്പൂരിലെ ഇന്ദിരാഗാന്ധി സ്‌മാരക മാതൃകാ ആശ്രമവിദ്യാലയത്തിൽ പോയി വരിക അസാധ്യമായിരുന്നു. കിർത്താഡ്‌സ് ഉദ്യോഗസ്‌ഥർ വിനോദിനെ ഹോസ്‌റ്റലിലാക്കി. ആദ്യമൊന്നും ആ അന്തരീക്ഷവുമായി പൊരുത്തപ്പെടാനായില്ല. പിന്നെ പഠനം ഹരമായി മാറി. വിജയിച്ചു മുന്നേറാനുള്ള വാശിയായി. കാട്ടുജീവിതം മറന്നുതുടങ്ങി.

പിന്നീട് പത്തനംതിട്ട വടശ്ശേരിക്കര മോഡൽ റസിഡൻഷ്യൽ സ്‌കൂളിൽ  പ്ലസ്‌ ടു .ചോലനായ്‌ക്കരിൽ പ്ലസ്‌ ടു ജയിക്കുന്ന ആദ്യത്തെ ആൾ. തുടർപഠനം വഴിമുട്ടിയപ്പോൾ ‘മലയാള മനോരമ’ പ്രസിദ്ധീകരിച്ച വാർത്ത വഴിത്തിരിവായി. 

പാലേമാട് വിവേകാനന്ദ ആർട്‌സ് ആൻഡ് സയൻസ് കോളജ് മാനേജർ കെ.ആർ.ഭാസ്‌കരൻ പിള്ള ബിഎ ഇക്കണോമിക്‌സിനു പ്രവേശനം നൽകി. അദ്ദേഹത്തിന്റെ വീട്ടിൽ താമസസൗകര്യവുമൊരുക്കി. ഉയർന്ന മാർക്ക് വാങ്ങി ജയിച്ചപ്പോൾ ഗോത്രത്തിലെ ആദ്യ ബിരുദക്കാരനുമായി. പട്ടികവർഗക്ഷേമവകുപ്പിൽ ജോലി ചെയ്യണമെന്നതാണു വിനോദിന്റെ ആഗ്രഹം. സിവിൽ സർവീസ് മോഹവുമുണ്ട്.

മണ്ണള ചെല്ലന്റെയും വിജയയുടെയും മകനാണ്. വനത്തിനകത്ത് പാണപ്പുഴയിലെ അളയിലാണ് ഇവർ ഇപ്പോൾ താമസിക്കുന്നത്. ആറു സഹോദരങ്ങൾ. രണ്ടു ജ്യേഷ്‌ഠന്മാർ വിവാഹിതരായി വനത്തിനകത്തുതന്നെ കഴിയുന്നു. ഒരു സഹോദരി കല്യാണം കഴിച്ചു. മൂന്ന് അനിയത്തിമാർ പഠിക്കുന്നു. 

ജോലികിട്ടിക്കഴിഞ്ഞാൽ കുടുംബത്തിലെ എല്ലാവരെയും കാടിറക്കി കൊണ്ടുവരുമോ? ചെറു ചിരിയോടെ മറുപടി: ‘അച്‌ഛനും അമ്മയും വരില്ല. അവർക്കു കാടുവിട്ടൊരു ജീവിതമില്ല. അനിയത്തിമാർ എന്റെ കൂടെ വരും. ഉറപ്പാണ്.’ പിന്നെയും ചിരി, നിറഞ്ഞ ചിരി.

Education News>>