Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പേറ്റന്റിന്റെ കാര്യത്തില്‍ ഇന്ത്യയില്‍ വിദേശ ആധിപത്യം

507448843

മുറിവുണക്കാനുള്ള മഞ്ഞളിന്റെ കഴിവു മലയാളികള്‍ക്ക് അറിവുള്ളതാണ്. പക്ഷേ ഇതിന് ആദ്യമായി പേറ്റന്റ് നേടിയതാകട്ടെ അമേരിക്കയിലെ മിസ്സിസിപ്പി സര്‍വകലാശാലയും. ആര്യവേപ്പിന്റെ ഔഷധ ഗുണത്തിന്‍മേലും പേറ്റന്റിനുള്ള ശ്രമം സായിപ്പ് നടത്തിയിട്ടുണ്ട്. പേറ്റന്റിന്റെ കാര്യത്തിലുള്ള നമ്മള്‍ ഇന്ത്യക്കാരുടെ ഈ മണ്ണുംചാരി നില്‍പു തുടരുകയാണെന്നാണ് ഇന്ത്യയിലെ പേറ്റന്റ് അപേക്ഷകളെ സംബന്ധിച്ച കണക്കുകള്‍ വ്യക്തമാക്കുന്നത്. ഓഫിസ് ഓഫ് ദ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് പേറ്റന്റ്‌സ്, ഡിസൈന്‍സ്, ട്രേഡ് മാര്‍ക്സ് ആന്‍ഡ് ജിയോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍സിന്റെ 2016-17 ലെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യയില്‍ ഫയല്‍ ചെയ്യപ്പെട്ട 45,444 പേറ്റന്റ് അപേക്ഷകളില്‍ 29.2 % മാത്രമേ ഇന്ത്യക്കാരുടേതായുള്ളൂ- അതായത് 13,219 എണ്ണം. ശേഷിക്കുന്ന 70.8 ശതമാനവും വിദേശ നിര്‍മാതാക്കളും അപേക്ഷകരുമാണ്.

8981 അപേക്ഷകളുമായി അമേരിക്കന്‍ സ്ഥാപനങ്ങളാണു വിദേശ പേറ്റന്റ് അപേക്ഷകരില്‍ മുന്നില്‍. ജപ്പാന്‍ (3399 അപേക്ഷകള്‍), ചൈന (2256 അപേക്ഷകള്‍) എന്നീ രാജ്യങ്ങള്‍ രണ്ടും മൂന്നും സ്ഥാനത്തു നില്‍ക്കുന്നു. വിദേശ സ്ഥാപനങ്ങളുടെ പട്ടികയെടുത്താല്‍ ക്വാല്‍കോം എന്ന കമ്പനിയാണ് 1840 പേറ്റന്റ് അപേക്ഷകളുമായി മുന്നില്‍. സാംസങ് (706), ഹുവായ്(625), മൈക്രോസോഫ്റ്റ് (589) എന്നിവരും ഇന്ത്യയില്‍ നിരവധി പേറ്റന്റ് അപേക്ഷകള്‍ നല്‍കി കാത്തിരിക്കുന്നു.

ഇനി ഇന്ത്യക്കാരുടെ അപേക്ഷകളുടെ സ്ഥിതി പരിശോധിക്കാം. ഏറ്റവും കൂടുതല്‍ പേറ്റന്റ് അപേക്ഷകള്‍ 2016-17 കാലയളവില്‍ വന്നതു മഹാരാഷ്ട്രയില്‍ നിന്നാണ്- 3513 എണ്ണം. തമിഴ്‌നാടും (2003) കര്‍ണ്ണാടകയുമാണ് (1764 ) രണ്ടും മൂന്നും സ്ഥാനത്ത്. 276 അപേക്ഷകളുമായി 11-ാം സ്ഥാനത്താണു കേരളം. സ്ഥാപനങ്ങളില്‍ ഐഐടികളാണു മുന്നില്- 400 അപേക്ഷകള്‍. വിപ്രോ (226), സിഎസ്‌ഐആര്‍ (225), മഹിന്ദ്ര & മഹിന്ദ്ര (205), ഭെല്‍ (174) എന്നീ സ്ഥാപനങ്ങളാണ് ഐഐടികള്‍ക്ക് പിന്നില്‍. സര്‍വകലാശാലകളുടെ പേറ്റന്റ് അപേക്ഷകളില്‍ ഐഐടികള്‍ക്ക് ശേഷം രണ്ടാമത് നില്‍ക്കുന്നത് അമിറ്റി യൂണിവേഴ്‌സിറ്റിയാണ്- 106 അപേക്ഷകള്‍. മൂന്നാം സ്ഥാനത്തുള്ളത് 54 പേറ്റന്റ് അപേക്ഷകള്‍ നല്‍കിയ ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്. 

ഇന്ത്യക്കാര്‍ പൊതുവെയും ഇവിടുത്തെ സ്ഥാപനങ്ങള്‍ പ്രത്യേകിച്ചും ഗവേഷണത്തോടു പുലര്‍ത്തുന്ന ഒട്ടും ഗൗരവമില്ലാത്ത സമീപനമാണ് പേറ്റന്റുകളുടെ കാര്യത്തില്‍ തുടരുന്ന ഈ വിദേശ ആധിപത്യത്തിനു കാരണമെന്ന് ആക്ഷേപമുണ്ട്. എന്നാല്‍ പ്രതീക്ഷയ്ക്കു വക നല്‍കുന്ന ഒരു സംഗതി വാര്‍ഷിക റിപ്പോര്‍ട്ടിലുണ്ട്. ആഭ്യന്തര പേറ്റന്റ് അപേക്ഷകരുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 1.2 % വളര്‍ച്ചയുണ്ടായപ്പോള്‍ വിദേശ അപേക്ഷകരുടെ എണ്ണത്തില്‍ 4.8 % കുറവാണ് റിപ്പോര്‍ട്ട് കാലഘട്ടത്തില്‍ ഉണ്ടായത്. മണ്ണുംചാരി നിന്ന ഇന്ത്യക്കാരൊക്കെ പതിയെ ഉണര്‍ന്നു തുടങ്ങിയെന്നു ചുരുക്കം.

Education News>>