Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികൾക്കു വേണ്ടി മാതാപിതാക്കള്‍ ചെയ്യുന്നത്

153737554

അവധിദിനങ്ങളിലും ജോലി ചെയ്തും കടം വാങ്ങിയും അധികസമയം പണിയെടുത്തുമൊക്കെയാണ് ഇന്ത്യയിലെ പകുതിയിലേറെ മാതാപിതാക്കളും കുട്ടികളുടെ സര്‍വകലാശാലാ വിദ്യാഭ്യാസത്തിനു പണം കണ്ടെത്തുന്നതെന്നു റിപ്പോര്‍ട്ട്. എച്ച്എസ്ബിസി നടത്തിയ ആഗോള വിദ്യാഭ്യാസ സര്‍വേയാണ് ഇന്ത്യയിലെ മാതാപിതാക്കളുടെ കഷ്ടപ്പാടിന്റെ നേര്‍ചിത്രമായത്. 15 രാജ്യങ്ങളിലെ 1500 വിദ്യാർഥികളെയും 10,000 മാതാപിതാക്കളെയും ഉള്‍പ്പെടുത്തിയാണു സര്‍വേ നടത്തിയത്. 

സര്‍വേ അനുസരിച്ചു 49 ശതമാനം ഇന്ത്യന്‍ മാതാപിതാക്കളും നിലവിലുള്ള ജോലിക്കു പുറമേ ഒരു ജോലി കൂടി ചെയ്യുകയോ അധിക സമയം പണിയെടുക്കുകയോ ചെയ്താണു കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്തുന്നത്. 64 ശതമാനം മാതാപിതാക്കള്‍ക്കും ഇതിനായി കടം വാങ്ങാനും മടിയില്ല. അതേസമയം ആഗോള തലത്തില്‍ ഈ കടം വാങ്ങല്‍ 35 ശതമാനം മാത്രമാണ്.

ഇന്ത്യയിലെ മാതാപിതാക്കള്‍ ശരാശരി 5560 ഡോളര്‍ ഒരു കുട്ടിയുടെ സര്‍വകലാശാലാ പഠനത്തിനായി മുടക്കുന്നുണ്ടെന്നും സര്‍വേ പറയുന്നു. ഇതിനായി 84 ശതമാനം പേരും തങ്ങളുടെ വരുമാനത്തെയാണ് ആശ്രയിക്കുന്നത്. 41 ശതമാനം മാതാപിതാക്കളും കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക വിദ്യാഭ്യാസ ഫണ്ടൊന്നും സ്വരൂപിച്ചു വയ്ക്കാത്തവരാണ്. 

കുട്ടികളുടെ വിദ്യാഭ്യാസമെന്ന ഒറ്റ ലക്ഷ്യം മുന്നില്‍ കണ്ടു ജീവിക്കുമ്പോള്‍, ഇതിനു വേണ്ടി മറ്റു സുഖസൗകര്യങ്ങള്‍ വേണ്ടെന്നു വയ്ക്കാനും നമ്മുടെ മാതാപിതാക്കള്‍ക്കു മടിയില്ല. പുറത്തു പോയി ഭക്ഷണം കഴിക്കല്‍, സിനിമ കാണല്‍ തുടങ്ങിയ വിനോദങ്ങള്‍ വേണ്ടെന്നു വയ്ക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ടെന്ന് 60 ശതമാനം ഇന്ത്യന്‍ മാതാപിതാക്കളും സമ്മതിക്കുന്നു. 

Education News>>