ബിഗ് ക്യൂ ചാലഞ്ച് ക്വിസ് : കൊല്ലത്ത് കല്യാണി കിരൺ ഒന്നാമത്

കൊല്ലത്തു മലയാള മനോരമ–സെന്റ് ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസിൽ ജില്ലാതലത്തിൽ ഒന്നാംസ്ഥാനം നേടിയ കല്യാണി കിരൺ (മൗണ്ട് കാർമൽ കോൺവന്റ് സ്കൂൾ, തങ്കശേരി) രണ്ടാംസ്ഥാനം നേടിയ ടെറിൻ തങ്കച്ചൻ (സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസ്, പത്തനാപുരം), മൂന്നാംസ്ഥാനം നേടിയ എസ്.എസ്.ഫെമിന (ജിഎച്ച്എസ്എസ്, കുമ്മിൾ) എന്നിവർക്ക് എം. നൗഷാദ് എംഎൽഎ സമ്മാനം നൽകുന്നു. ക്വിസ് മാസ്റ്റർ മേജർ ചന്ദ്രകാന്ത് നായർ, സെന്റ് ഗിറ്റ്സ് കോളജ് അസി. പ്രഫ. ജ്യോതിഷ് ചന്ദ്രൻ എന്നിവർ സമീപം.

സ്കൂൾ വിദ്യാർഥികൾക്ക് അറിവിന്റെ വാതിലുകൾ തുറന്നുകൊടുക്കുന്ന മലയാള മനോരമ– സെന്റ്ഗിറ്റ്സ് ബിഗ് ക്യൂ ചാലഞ്ച് ജില്ലാതല ക്വിസ് മത്സരങ്ങൾക്കു തുടക്കമായി. കൊല്ലം ജില്ലാതല മത്സരങ്ങൾ പഴയാറ്റിൻകുഴി വിമലഹൃദയ ഐഎസ്‌സി സ്കൂളിൽ നടന്നു. 

റജിസ്റ്റർ ചെയ്ത സ്കൂളുകളിൽ നിന്ന് 86 കുട്ടികൾ പങ്കെടുത്തു. തങ്കശ്ശേരി മൗണ്ട് കാർമൽ കോൺവന്റ് സ്കൂളിലെ കല്യാണി കിരൺ ഒന്നാം സ്ഥാനവും പത്തനാപുരം സെന്റ് സ്റ്റീഫൻസ് എച്ച്എസ്എസിലെ ടെറിൻ തങ്കച്ചൻ രണ്ടാം സ്ഥാനവും കുമ്മിൾ ഗവ. എച്ച്എസ്എസിലെ എസ്.എസ്.ഫെമിന മൂന്നാം സ്ഥാനവും നേടി.   ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവർക്കു സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം.   എം.നൗഷാദ് എംഎൽഎ, സെന്റ്ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം അസി. പ്രഫസർ ജ്യോതിഷ് ചന്ദ്രൻ, മലയാള മനോരമ ചീഫ് റിപ്പോർട്ടർ ഷില്ലർ സ്റ്റീഫൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.

മേജർ ചന്ദ്രകാന്ത് നായർ ക്വിസ് മാസ്റ്ററായിരുന്നു. യഥാക്രമം 7,000, 5,000, 3,000 രൂപ വീതമാണ് ജില്ലാതല വിജയികൾക്കുള്ള സമ്മാനങ്ങൾ.  മൂന്നു ലക്ഷം രൂപയും മാതാപിതാക്കൾക്കൊപ്പം വിദേശയാത്രയുമാണു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്കു ലഭിക്കുക. രണ്ടാം സമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയുമാണ്.