ബിഗ് ക്യു ചാലഞ്ച് ക്വിസ്: ഇടുക്കിയിൽ ജോസ് തോമസ് ഒന്നാമത്

ഒന്നാം സ്ഥാനം നേടിയ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസിലെ ജോസ് തോമസ്(നടുവിൽ), രണ്ടാം സ്ഥാനം നേടിയ കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസിലെ അലൻ ആന്റണി(ഇടത്ത്), മൂന്നാം സ്ഥാനം നേടിയ വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ ജോയൽ സെബാസ്റ്റ്യൻ(വലത്ത്) എന്നിവർ ക്വിസ് മാസ്റ്റർ മേജർ ഡോ. ചന്ദ്രകാന്ത് നായർ, തൊടുപുഴ നഗരസഭ ചെയർപഴ്സൻ മിനി മധു, സെന്റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ് അസി. പ്രഫ ജെറിൻ സെബാസ്റ്റ്യൻ, മലയാള മനോരമ ഇടുക്കി ജില്ലാ ലേഖകൻ എസ്.വി. രാജേഷ് എന്നിവർക്കൊപ്പം.

മലയാള മനോരമ സെന്റ് ഗിറ്റ്സ് ബിഗ് ക്യു ചാലഞ്ച് ക്വിസ് ഇടുക്കി ജില്ലാതല മത്സരത്തിൽ മുതലക്കോടം സെന്റ് ജോർജ് എച്ച്എസ്എസിലെ ജോസ് തോമസിന് ഒന്നാം സ്ഥാനം. കട്ടപ്പന സെന്റ് ജോർജ് എച്ച്എസ്എസിലെ അലൻ ആന്റണി രണ്ടാം സ്ഥാനവും വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ ജോയൽ സെബാസ്റ്റ്യൻ മൂന്നാം സ്ഥാനവും നേടി. 

ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 7000, 5000, 3000 രൂപവീതം സമ്മാനം നൽകി. സ്കൂൾ മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും മെഡലുകളും സമ്മാനിച്ചു. ജില്ലയിലെ 71 സ്കൂളുകളിൽനിന്നുള്ള ആദ്യഘട്ട വിജയികൾ ക്വിസ് മത്സരത്തിൽ പങ്കെടുത്തു. ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ ജോസ് തോമസും അലൻ ആന്റണിയും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കും. 14 ജില്ലകളിലെയും മൂന്നാം സ്ഥാനക്കാരിൽ നിന്ന് ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന രണ്ടുപേരും സംസ്ഥാനതലത്തിലെത്തും. മൂന്നുലക്ഷം രൂപയും മാതാപിതാക്കളോടൊപ്പം വിദേശയാത്രയുമാണു സംസ്ഥാനതല വിജയിയെ കാത്തിരിക്കുന്നത്.  

രണ്ടാംസമ്മാനം രണ്ടു ലക്ഷം രൂപയും മൂന്നാംസമ്മാനം ഒരു ലക്ഷം രൂപയുമാണ്. ആദ്യ മൂന്നു സ്ഥാനക്കാർ സമ്മാനത്തുക സ്കൂളുകളുമായി പങ്കിടും. സംസ്ഥാന മത്സരം 11 എപ്പിസോഡുകളിലായി മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും.

Education News>>