Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡിജിറ്റല്‍ വിദ്യാഭ്യാസം ശക്തിപ്പെടുത്താന്‍ കൈറ്റും ഖാന്‍ അക്കാദമിയും തമ്മില്‍ ധാരണയായി

MOU

കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് ഉതകുന്ന ഓണ്‍ലൈന്‍ സാമഗ്രികള്‍ ലഭ്യമാക്കുന്ന ‘ഖാന്‍ അക്കാദമി’യും പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എജ്യുക്കേഷനും (കൈറ്റ്) ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥിന്റേയും സാന്നിധ്യത്തില്‍ കൈറ്റ് വൈസ് ചെയര്‍മാന്‍ കെ.അന്‍വര്‍ സാദത്തും ഖാന്‍ അക്കാദമി ഇന്ത്യ ഡയറക്ടര്‍ സന്ദീപ് ബാപ്‍നയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു.

നിലവില്‍ സമഗ്ര റിസോഴ്സ് പോര്‍ട്ടലില്‍ ഹയര്‍ സെക്കൻഡറി മേഖലയില്‍ അധിക വിഭവമായി ഖാന്‍ അക്കാദമി പോര്‍ട്ടല്‍ പ്രയോജനപ്പെടുത്തുന്നുണ്ട്. എന്നാല്‍ ഗണിതത്തില്‍ വ്യക്തിഗത പഠനം സാധ്യമാക്കുന്നതരത്തിലുള്ള അക്കാദമിക ഇടപെടല്‍ നടപ്പാക്കാനാണ് ധാരണയായിട്ടുള്ളത്. പൈലറ്റടിസ്ഥാനത്തില്‍ ഇരുപത്തിരണ്ടു സ്കൂളുകളില്‍ ഇതു തുടങ്ങും. ഇവിടെ ഓരോ കുട്ടിക്കും പ്രത്യേക ലോഗിന്‍ നല്‍കി അവരുടെ പഠനനേട്ടം കൃത്യമായി വിലയിരുത്താനും ഫീഡ്ബാക്കുകള്‍ വഴി മെച്ചപ്പെടുത്താനും അവസരം ലഭിക്കും. പൈലറ്റനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഈ മാതൃക വിപുലപ്പെടുത്തും.

ലൈസന്‍സ് നിയന്ത്രണങ്ങളില്ലാത്ത ക്രിയേറ്റീവ് കോമണ്‍സില്‍ ആഗോളതല ത്തില്‍ പ്രയോജനപ്പെടുത്തുന്ന ഏറ്റവും വലിയ പോര്‍ട്ടലാണ് ഖാന്‍ അക്കാദമി. ലോകത്ത് 190 രാജ്യങ്ങളിലായി 6.4 കോടിയിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളുള്ള ഖാന്‍ അക്കാദമി പോര്‍ട്ടല്‍ പ്രതിമാസം 1.5 കോടി പഠിതാക്കള്‍ പ്രയോജനപ്പെടുത്തി വരുന്നുണ്ട്. യൂട്യൂബില്‍ നൂറുകോടിയിലധികം പേര്‍ ഇവരുടെ പഠന വിഡിയോകള്‍ കണ്ടിട്ടുണ്ട്.

കൈറ്റ് സി.എം.ഡി. ഡോ. ഉഷ ടൈറ്റസ്, ഹയര്‍ സെക്കൻഡറി ഡയറക്ടര്‍ പി.കെ.സുധീര്‍ ബാബു, ഖാന്‍ അക്കാദമി ഇന്ത്യ സ്ട്രാറ്റജിസ്റ്റ് മഥു ശാലിനി എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.