Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ടെയ്‌നറുകളെ സ്‌കൂളാക്കി മാറ്റുന്ന വനിത

container-school

കപ്പല്‍ വഴിയുള്ള ചരക്കു ഗതാഗതത്തിനു വേണ്ടി നിര്‍മ്മിക്കപ്പെടുന്നവയാണു വലിയ കണ്ടെയ്‌നറുകള്‍. കാലപ്പഴക്കം ചെന്നു തുരുമ്പെടുത്ത് തുടങ്ങുമ്പോള്‍ മറ്റു പലതിനെയും പോലെ ഇവ വെറും ആക്രിവസ്തുവായി മാറും. ഈ കണ്ടെയ്‌നറുകളെടുത്ത് അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തി ചെലവു കുറഞ്ഞ വീടുകള്‍ നിര്‍മ്മിക്കുന്നവരെ നാം കണ്ടിട്ടുണ്ട്. അത്യുഗ്രന്‍ സജ്ജീകരണങ്ങളും പുറം മോടികളുമായി കണ്ടെയ്‌നറുകളെ ചെറിയ ഹോട്ടലുകളാക്കി മാറ്റിയവരുമുണ്ട്. എന്നാല്‍ ഇതേ കണ്ടെയ്‌നറുകളെ സഞ്ചരിക്കുന്ന സ്‌കൂളുകളാക്കി മാറ്റിയ ഒരു വനിതയെ പരിചയപ്പെടാം. ഇന്ത്യയിലെ ട്രെയിനിങ്, സ്‌കില്ലിങ്, കണ്‍സല്‍ട്ടിങ് സ്ഥാപനമായ സാഫ്എജ്യുക്കേറ്റിന്റെ സിഇഒയും സഹസ്ഥാപകയുമായ ദിവ്യ ജയിനാണ് കണ്ടെയ്‌നര്‍ സ്‌കൂള്‍ പ്രോഗ്രാം എന്ന കിടിലന്‍ ആശയത്തിനു പിന്നിലെ ബുദ്ധികേന്ദ്രം. 

ഗവണ്‍മെന്റിന് എത്തിപ്പെടാന്‍ സാധിക്കാത്ത വിദൂര ഗ്രാമപ്രദേശങ്ങളിലും ടയര്‍3 നഗരങ്ങളിലും വിദ്യാഭ്യാസത്തിന്റെയും നൈപുണ്യ വികസനത്തിന്റെയും പാഠങ്ങളുമായി കടന്നു ചെല്ലുകയാണ് ദിവ്യയുടെ കണ്ടെയ്‌നര്‍ സ്‌കൂളുകള്‍. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ എസി ക്ലാസ്‌റൂമുകള്‍ വഴി ഇതിനകം പരിശീലനം നല്‍കിയത് 20,000ല്‍ അധികം വിദ്യാർഥികള്‍ക്കാണ്. 2015ലാണ് സാഫ്എജ്യുക്കേറ്റ് കണ്ടെയ്‌നര്‍ സ്‌കൂള്‍ പദ്ധതി ആവിഷ്‌ക്കരിക്കുന്നത്. 

കണ്ടെയ്‌നറുകളെ ക്ലാസ്‌റൂമുകളും, റെസ്റ്റ്‌റൂമുകളും, കംപ്യൂട്ടര്‍ ലാബുകളും, ലൈബ്രറികളും, ഡോര്‍മിറ്ററികളും, സിമുലേഷന്‍ ലാബുകളും, ഓഫീസ് സ്‌പേസുകളുമൊക്കെയായി സാഫ്എജ്യുക്കേറ്റ് മാറ്റിയെടുക്കുന്നു. കെട്ടിട നിര്‍മ്മാണം സാധ്യമല്ലാത്തതും ചെലവേറിയതുമായ വിദൂരപ്രദേശങ്ങളിലേക്ക് ഈ കണ്ടെയ്‌നര്‍ സ്‌കൂളുകള്‍ കടന്നെത്തി അവിടുത്തെ കുട്ടികള്‍ക്കും യുവാക്കള്‍ക്കും നൈപുണ്യപരിശീലനം നല്‍കുന്നു. ഒരേ കണ്ടെയ്‌നര്‍ തന്നെ വിവിധ പ്രദേശങ്ങളില്‍ കൊണ്ടു ചെന്നു വയ്ക്കാന്‍ സാധിക്കും. ഇവ എളുപ്പത്തില്‍ ആവശ്യത്തിന് അനുസരിച്ച് സംയോജിപ്പിക്കാനും വിഘടിപ്പിക്കാനുമൊക്കെ സാധിക്കും. പൂര്‍ണ്ണമായും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുമെന്നതിനാല്‍ വൈദ്യുതി എത്തിച്ചേരാത്ത പ്രദേശങ്ങളിലും ഇവ എളുപ്പത്തില്‍ പയോഗപ്പെടുത്താം. 

containers

എല്ലാവര്‍ഷവും നൂറു കണക്കിന് കണ്ടെയ്‌നറുകളാണ് വിവിധ കാരണങ്ങള്‍ കൊണ്ട് ആക്രിയാക്കി മാറ്റുന്നത്. ഇവ വാങ്ങി റീസൈക്കിള്‍ ചെയ്താണ് സ്‌കൂള്‍ പദ്ധതിക്കായി ഉപയോഗപ്പെടുന്നത്. കെട്ടിടമൊക്കെ പണിത് ഒരു നൈപുണ്യവികസന കേന്ദ്രം ആരംഭിക്കാന്‍ കുറഞ്ഞത് 16 മുതല്‍ 17 ലക്ഷം രൂപ വരെ ചെലവ് വരുന്നിടത്ത് ഒരു കണ്ടെയ്‌നര്‍ സ്‌കൂള്‍ എട്ട് മുതല്‍ 12 ലക്ഷം രൂപയ്ക്ക് പണിതെടുക്കാം. ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍, ലോജിസ്റ്റിക്‌സ് സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍, റിട്ടെയ്‌ലേഴ്‌സ് അസോസിയേഷന്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി സഹകരിച്ചാണ് സാഫ്എജ്യുക്കേറ്റിന്റെ പ്രവര്‍ത്തനം.

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ(ഓണേഴ്‌സ്) സാമ്പത്തികശാസ്ത്രവും കേംബ്രിജ് സര്‍വകലാശാലയില്‍ നിന്ന് മാനേജ്‌മെന്റ് ബിരുദാനന്തരബിരുദവും ലണ്ടന്‍ സര്‍വകലാശാലയില്‍ നിന്ന് എല്‍എല്‍ബിയും ദിവ്യ നേടിയിട്ടുണ്ട്. സാഫ്എജ്യുക്കേറ്റിലെ പ്രവര്‍ത്തനങ്ങള്‍ക്ക് യങ് വിമന്‍സ് ലീഡര്‍ഷിപ്പ് പുരസ്‌ക്കാരം ഉള്‍പ്പെടെയുള്ള അംഗീകാരങ്ങള്‍ ദിവ്യയെ തേടിയെത്തിയിട്ടുണ്ട്. കണ്ടെയ്‌നര്‍ സ്‌കൂള്‍ പ്രോഗ്രാമിന്റെ രണ്ടാം ഘട്ടത്തില്‍ ഇത് കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിച്ച് 70,000 പേര്‍ക്കെങ്കിലും പരിശീലനം നല്‍കാനാണ് സാഫ്എജ്യുക്കേറ്റ് ലക്ഷ്യമിടുന്നത്.