Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിരുദങ്ങളുടെ തുല്യത: സർക്കാർ ഉത്തരവായി

x-default

തിരുവനന്തപുരം∙ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ കൗൺസിൽ ശുപാർശ ചെയ്ത മാനദണ്ഡങ്ങളും മാർഗ നിർദേശങ്ങളും അംഗീകരിച്ചു സർക്കാർ ഉത്തരവായി. ഇതു സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ കൗൺസിലിൽ 15 അംഗ സംസ്ഥാന തല അക്കാദമിക് കമ്മിറ്റി രൂപീകരിക്കും. ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ.പി.എം.രാജൻ ഗുരുക്കളാണ് കമ്മിറ്റിയുടെ ചെയർമാൻ. 

സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഏജൻസികളും തൊഴിൽ ദാതാക്കളും, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്, ദേശീയ തലത്തിലുള്ള മറ്റു പ്രമുഖ സ്ഥാപനങ്ങൾ, സംസ്ഥാന, കേന്ദ്ര സർവകലാശാലകൾ, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ ബിരുദങ്ങൾ അംഗീകരിക്കണം. 

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്് ഓഫ് സയൻസ്, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച്് തുടങ്ങിയ ദേശീയ സ്ഥാപനങ്ങൾ, യുജിസി അംഗീകാരമുള്ള മറ്റു സ്ഥാപനങ്ങൾ എന്നിവയുടെ ബിരുദങ്ങൾക്ക് അംഗീകാരം–തുല്യതാ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെടരുത്. യുജിസി പട്ടികയിൽ ഉൾപ്പെട്ട സർവകലാശാലകളുടെയും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും ബിരുദങ്ങൾ പരസ്പരം അംഗീകരിക്കണം. 

‌സംസ്ഥാനത്തെ സർവകലാശാലകൾ,ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽ ഏജൻസികൾ, തൊഴിൽ ദാതാക്കൾ എന്നിവർ ബിരുദങ്ങൾക്കു യുജിസി പ്രസിദ്ധീകരിക്കുന്ന പേരുകളേ ഉപയോഗിക്കാവൂ. വിദേശ സർവകലാശാലകളുടെ ബിരുദങ്ങളുടെ അംഗീകാരം, തുല്യത എന്നീ വിഷയങ്ങളിൽ സംസ്ഥാനത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ ഏജൻസികളും തൊഴിൽ ദാതാക്കളും, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് വ്യവസ്ഥ ചെയ്ത നയങ്ങളും നടപടിക്രമങ്ങളും സ്വീകരിക്കണം. 

ഓപ്പൺ,വിദൂര വിദ്യാഭ്യാസ രീതിയിൽ നേടുന്ന ബിരുദങ്ങൾ, യുജിസിയുടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിങ് റഗുലേഷനുകൾക്ക്് അനുസൃതമായി സംസ്ഥാനത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ ഏജൻസികളും അംഗീകരിക്കണം. യുജിസി ചട്ടങ്ങൾ പുറപ്പെടുവിക്കപ്പെടുന്നതിനു മുൻപ്് ഈ രീതിയിൽ നേടിയ ബിരുദങ്ങളുടെ തുല്യതയും അംഗീകാരവും സംബന്ധിച്ചു സർവകലാശാലകൾക്ക് അനുയോജ്യമായ തീരുമാനം എടുക്കാം. യുജിസി അംഗീകാരമുള്ളവയും യുജിസി മാനദണ്ഡങ്ങളിലും റഗുലേഷനുകളിലും വരുത്തുന്ന ഭേദഗതികൾക്കനുസൃതമായി പ്രവർത്തിക്കുന്നവയുമായ സ്വകാര്യ സർവകലാശാലകളുടെ ബിരുദങ്ങൾ സംസ്ഥാനത്തെ സർവകലാശാലകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും തൊഴിൽ ഏജൻസികളും തൊഴിൽദാതാക്കളും അംഗീകരിക്കണം.ബിരുദങ്ങളുടെ പേര്, അംഗീകാരം, തുല്യത തുടങ്ങിയവ സംബന്ധിച്ച പരാതികളിൽ സ്റ്റേറ്റ്് ലെവൽ അക്കാദമിക് കമ്മിറ്റി തീരുമാനം എടുക്കും.