Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എംബിബിഎസ് മികവ് അളക്കാൻ ഇനി ചികിൽസയ്‌ക്കൊപ്പം സഹാനുഭൂതിയും

Representative Image Representative Image

ചികിൽസാരംഗത്തെ വെല്ലുവിളികളെയും പുതിയ രോഗങ്ങളെയും നേരിടാൻ ഡോക്‌ടർമാരെ സജ്‌ജമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ എംബിബിഎസ് പാഠ്യപദ്ധതി പരിഷ്‌കരിച്ചു. എംബിബിഎസ് പരീക്ഷയിൽ മികച്ച മാർക്ക് ലഭിക്കണമെങ്കിൽ രോഗികളുമായി ഇടപെടുന്നതിലെ മികവും അവരോടു കാട്ടുന്ന സഹാനുഭൂതിയും ഇനി പരിഗണിക്കപ്പെടും. 21 വർഷത്തിനുശേഷം നടത്തിയ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിലാണ് ഇന്ത്യൻ മെഡിക്കൽ കൗൺസിൽ (ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സ് ) ആധുനിക ഡോക്‌ടർമാരുടെ കഴിവും വൈഭവവും ക്ലാസ്‌മുറിക്കും അപ്പുറത്തേക്കു  കടന്നുചെല്ലണമെന്നു നിഷ്‌കർഷിച്ചത്. 

ധാർമികത, ആശയവിനിമയം എന്നിവയ്‌ക്ക് പ്രാധാന്യം നൽകുന്ന പുതിയ സിലബസ്  അടുത്ത വർഷം മുതൽ നടപ്പിലാക്കാനാണു തീരുമാനം. രോഗീ–ഡോക്‌ടർ ബന്ധത്തിന്റെ ഊഷ്‌മളത കുറയുന്ന പശ്‌ചാത്തലത്തിൽ ചികിൽസയ്‌ക്ക് പുറമെ രോഗിയുടെയും ബന്ധുക്കളുടെയും വിഷമാവസ്‌ഥയിൽ ഏറ്റവും നല്ല വഴികാട്ടിയും സഹായിയുമായി ഡോക്‌ടർ മാറണമെന്നാണ് പുതിയ കാഴ്‌ചപ്പാട്. രോഗിയുടെ വിശ്വാസവും ആർജിക്കാൻ കഴിയണം. മനോഭാവം (ആറ്റിറ്റ്യൂഡ്) തൊഴിൽപരമായ കടപ്പാടും ധാർമികതയും (എത്തിക്‌സ്), ആശയവിനിമയം എന്നിവ  പുതിയ പാഠ്യപദ്ധതിയുടെ ഭാഗമാണ്.   അവയവദാനം, സാന്ത്വന ചികിൽസ  എന്നിവ സംബന്ധിച്ചു നടത്തുന്ന ബോധവൽക്കരണവും മികവായി പരിഗണിക്കും. 

പുസ്‌തകാധിഷ്‌ഠിതമായ ഇപ്പോഴത്തെ പാഠ്യപദ്ധതിയെ കുറച്ചു കൂടി രോഗീ ബന്ധിതമാക്കുകയാണ് മാറ്റത്തിന്റെ ലക്ഷ്യം. വിദേശത്തേതു പോലെ  ആദ്യവർഷം മുതലേ പഠനം വാർഡുകളിലേക്കു മാറും.  വിവിധ മേഖലകളിൽ നിന്ന് എത്തുന്ന വിദ്യാർഥികളെ   രണ്ട് മാസത്തെ അടിസ്‌ഥാന പരിശീലനം നൽകി ഒരുക്കിയശേഷമാവും പഠനം ആരംഭിക്കുക.  ചില ഇഷ്‌ടവിഷയങ്ങൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവുമുണ്ട്.  ഇത് തെറ്റാണെന്ന വാദവും ഉയർന്നു. പഠനത്തിനായി മൃതദേഹങ്ങൾക്കൊപ്പം മനുഷ്യരൂപങ്ങളെ ഉപയോഗിക്കാനും ആലോചിക്കുന്നു.  മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ പിരിച്ചുവിട്ട് പകരം ബോർഡ് ഓഫ് ഡയറക്‌ടേഴ്‌സിനാണ് ഇപ്പോൾ ചുമതല.

More Campus Updates>