Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് ഡിജിറ്റൽ സാക്ഷരതാ ലൈബ്രറി മലയാളത്തിലും

Facebook Logo

എല്ലാ കൈകളിലും മൊബൈൽ, എല്ലാവർക്കും ഇന്റർനെറ്റ്, എന്നാൽ സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ചു ധാരണയുള്ളവർ തുലോം തുച്ഛവും. ഇന്ത്യയുടെ ഈ പ്രത്യേക പശ്ചാത്തലത്തിലാണു മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷകളിൽ ഡിജിറ്റൽ സാക്ഷരതാ ലൈബ്രറിയുമായി ഫെയ്സ്ബുക്ക് എത്തുന്നത്. മലയാളത്തിനു പുറമേ ഹിന്ദി, ബംഗാളി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണു ഫെയ്സ്ബുക്ക് ഡിജിറ്റൽ സാക്ഷരതാ ലൈബ്രറി തുടങ്ങിയത്. 2018 ന്റെ അവസാനത്തോടെ മൂന്നു ലക്ഷം പേരെ പരിശീലിപ്പിക്കുകയാണു ലക്ഷ്യം.

ഡിജിറ്റൽ സാങ്കേതിക വിദ്യ സുരക്ഷിതമായി ആസ്വദിക്കുന്നതിനു വേണ്ട ശേഷി ഈ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയിലൂടെ വികസിപ്പിക്കും. യുവാക്കളെയും സ്ത്രീകളെയുമാണു പ്രധാനമായും പരിശീലിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. ഹാർവഡ് സർവകലാശാലയ്ക്കു കീഴിലുള്ള ബെർക്ക്മാൻ ക്ലെൻ സെന്റർ ഫോർ ഇന്റർനെറ്റ് ആൻഡ് സൊസൈറ്റിയിലെ യൂത്ത് ആൻഡ് മീഡിയ ടീം തയാറാക്കിയ പാഠങ്ങളാണ് ഇതിനായി തിരഞ്ഞെടുത്തത്. ഇന്ത്യയിൽ 200 ദശലക്ഷം യുവാക്കൾ ഓൺലൈൻ ഇടങ്ങളിലുണ്ടെന്നാണു കണക്കാക്കുന്നത്. ഡിജിറ്റൽ സാക്ഷരതാ പരിശീലകർക്കും ഈ വിഭവശേഷി ഉപയോഗപ്പെടുത്താം.

സൈബർ പീസ് ഫൗണ്ടേഷൻ, ലേണിങ് ലിങ്ക്സ് ഫൗണ്ടേഷൻ, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ, സെന്റർ ഫോർ സോഷ്യൽ റിസർച് തുടങ്ങി നിരവധി സംഘടനകളുടെ സഹായത്തോടെയാണ് ഫെയ്സ്ബുക്ക് ഈ സാക്ഷരതാ ലൈബ്രറി പദ്ധതി നടപ്പാക്കുന്നത്.

Education News>>