Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉത്തരവാദിത്ത ടൂറിസം: സിമ്പോസിയം സംഘടിപ്പിച്ചു

tourism

പാലാ സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ കീഴില്‍ പ്രവർത്തിക്കുന്ന സെന്റ് ജോസഫ്സ് ബിസിനസ് സ്കൂളിൽ ഒക്ടോബർ 29–ാം തീയതി ഉത്തരവാദിത്ത ടൂറിസം എന്ന വിഷയത്തില്‍ കേരളസംസ്ഥാന ടൂറിസം മിഷന്റെ സഹകരണത്തോടെ അന്താരാഷ്ട്ര സിമ്പോസിയം സംഘടിപ്പിച്ചു. കോളജ് ചെയർമാൻ ഡോ. ജോസഫ് കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ടൂറിസം വകുപ്പ് ഡയറക്ടർ പി. ബാലകിരൺ ഐ.എ.എസ്. സിമ്പോസിയം ഉദ്ഘാടനം ചെയ്തു. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് കോട്ടം തട്ടാതെ ടൂറിസം മേഖലയിലെ സാധ്യതകൾ സമൂഹത്തിന് പ്രയോജനകരമായ രീതിയിൽ ഉപയോഗപ്പെടുത്തണമെന്ന് ബാലകിരൺ അഭിപ്രായപ്പെട്ടു. ഈ ആശയം പ്രാവർത്തികമാക്കുന്നതിനായി സംസ്ഥാന ആർ. ടി. മിഷന്‍ ദിശാസൂചികയായി പ്രവർത്തിക്കുന്നതെങ്ങനെയെന്ന് അദ്ദേഹം വിശദീകരിച്ചു. ആർ. ടി. മിഷൻ ആവിഷ്കരിക്കുന്ന പദ്ധതി വഴി 4.5 ലക്ഷത്തോളം പേർക്ക് സമീപഭാവിയിൽ ഈ മേഖലയിൽ തൊഴിൽ സാധ്യതകൾ കണ്ടെത്താനാവുമെന്ന് അദ്ദേഹം പറഞ്ഞു.

അധ്യക്ഷനായിരുന്ന ഡോ. ജോസഫ് കൊല്ലംപറമ്പിൽ ഇത്തരം നൂതനാശയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ടുള്ള അക്കാദമിക പ്രവർത്തനങ്ങൾ നടത്തുന്നതിൽ കോളജ് അധ്യാപക വിദ്യാർഥി സമൂഹത്തെ പ്രശംസിച്ചു. മൂന്നുമാസത്തെ കാലയളവിനുള്ളിൽ രണ്ടു വിദേശ സർവകലാശാലകളുമായി അക്കാദമിക മേഖലയിൽ കൈകോർക്കാനായത് കോളജിന്റെ പ്രവർത്തനങ്ങൾക്ക് മുതൽക്കൂട്ടാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ആർ. ടി. മിഷന്‍ സംസ്ഥാന കോ–ഓർഡിനേറ്റർ രൂപേഷ് കുമാർ ഉത്തരവാദിത്ത ടൂറിസം മേഖലയിലെ പുതിയ ചുവടുവയ്പുകൾ ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ സാമ്പത്തിക, സാമൂഹിക, പാരിസ്ഥിതിക പുരോഗതിക്ക് എങ്ങനെ സഹായകമാകുമെന്ന് വിശദീകരിച്ചു.

പൊതുസമൂഹത്തെ ഉൾക്കൊള്ളിച്ചുകൊണ്ട് സുസ്ഥിരമായ ടൂറിസം പ്രവർത്തനങ്ങളെ എങ്ങനെ വിപുലീകരിക്കാമെന്ന് പെരിയാർ ടൈഗർ റിസേർവ് മുൻ ഡെപ്യൂട്ടി ഡയറക്ടർ സജ്ഞയൻ കുമാർ ഐ.എഫ്.എസ് തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ വിശദീകരിച്ചു. ലീലാ റാവിസ് ജനറൽ മാനേജർ ദിലീപ് കുമാർ, ദി ഹിന്ദു സീനിയർ അസിസ്റ്റന്റ് എഡിറ്റർ അനിൽ രാധാകൃഷ്ണൻ, ലെസെൽഡോൾ ഡയറക്ടർ റോയി ചാക്കോ, എട്രീ കോ–ഓർഡിനേറ്റർ ജോജോ ടി.ഡി, മഡ്ഡി ബൂട്ട്സ് സ്ഥാപക ഡയറക്ടർപ്രദീപ് മൂർത്തി എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.

കൊളറാഡോ സർവ്വകലാശാല സംഘടിപ്പിക്കുന്ന സെമസ്റ്റർ അറ്റ് സീ പ്രോഗ്രാമിലെ വിദ്യാർഥി സംഘത്തോടൊപ്പം പ്രസ്തുത മേഖലയിലെ ഗവേഷകർ, അക്കാദമിക് വിദഗ്ദർ, ടൂറിസം മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ, ബിരുദ ബിരുദാനന്തര വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. ബിസിനസ് സ്കൂൾ മേധാവി ഡോ. അജിത് കെ. തോമസിന്റെ നേതൃത്വത്തിൽ ഗവേഷക വിദ്യാർഥികൾ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തും തേക്കടിയിലും നടത്തിയ പഠനങ്ങളുടെ കണ്ടെത്തലുകൾ അവതരിപ്പിച്ചത് പ്രത്യേക ശ്രദ്ധ നേടി. ഈ കേന്ദ്രങ്ങളിൽ ഉത്തരവാദിത്ത ടൂറിസം നേടിയ വിജയം മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കാൻ സാധിക്കും എന്ന ആശയം പകർന്നു നൽകാൻ സെമിനാറിന് സാധിച്ചു.