Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവോദയ പ്രവേശനം: അപേക്ഷ 30 വരെ

navodaya

അടിസ്‌ഥാന സൗകര്യങ്ങൾ കുറവായ ഗ്രാമപ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച റസിഡൻഷ്യൽ സ്‌കൂളുകളിലേതിനു സമാനമായ ഗുണമേന്മയാർന്ന വിദ്യാഭ്യാസം സൗജന്യമായി നൽകുകയെന്ന നയമനുസരിച്ച് 661 നവോദയ വിദ്യാലയങ്ങൾ ദേശീയതലത്തിൽ പ്രവർത്തിക്കുന്നു. കേരളത്തിലെ 14 ജില്ലകളിലും ഓരോ നവോദയ വിദ്യാലയമുണ്ട്.

6 മുതൽ 12 വരെ ക്ലാസുകളിലെ പഠനം സിബിഎസ്‌ഇ സിലബസനുസരിച്ച്. സ്‌കൂൾ ക്യാംപസിൽ പാർത്തു തന്നെ പഠിക്കണം. പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്‌തകങ്ങൾ എന്നിവ സൗജന്യം. 9–12 ക്ലാസുകളിലെ കുട്ടികൾ മാത്രം 600 രൂപ പ്രതിമാസ ഫീസ് നൽകണം. ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവർ, പെൺകുട്ടികൾ, പട്ടിക, ഭിന്നശേഷി വിഭാഗക്കാർ എന്നിവർ ഈ ഫീസും നൽകേണ്ട. 

അംഗീകാരമുള്ള സ്‌കൂളിൽ ഇപ്പോൾ 5ാം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് അടുത്ത അധ്യയന വർഷം 6ാം ക്ലാസിലെ പ്രവേശനത്തിന് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷിക്കാം. അവസാന തീയതി നവംബർ 30. ഇന്റർനെറ്റ് കൈകാര്യം ചെയ്യാൻ പ്രയാസമുള്ളവർക്ക് അപേക്ഷിക്കാൻ നവോദയ സ്കൂളുകളിൽ സൗജന്യ സഹായം ലഭിക്കും. 

സ്കൂൾ നിലകൊള്ളുന്ന ജില്ലയിലെ കുട്ടികളെ മാത്രമേ പരിഗണിക്കൂ. ജനനത്തീയതി 2006 മേയ് ഒന്നിനു മുൻപോ 2010 ഏപ്രിൽ 30നു ശേഷമോ ആകരുത്. പട്ടികവിഭാഗക്കാരടക്കം ആർക്കും പ്രായത്തിൽ ഇളവില്ല. 

ഫോമും പ്രോസ്‌പെക്‌റ്റസും  http://navodayatrivandrum.gov.in എന്ന വെബ്സൈറ്റിൽ നിന്നു ഡൗൺലോഡ് ചെയ്യാം. ഗ്രാമീണവിദ്യാർഥികൾക്കുള്ള ക്വോട്ടയിൽ പരിഗണിക്കുന്നത് 3, 4, 5 ക്ലാസുകളിലെ പഠനം ഗ്രാമപ്രദേശങ്ങളിൽ നടത്തിയവരെയാണ്. ഈ ഘട്ടത്തിൽ ഒരു ദിവസമെങ്കിലും നഗരപ്രദേശങ്ങളിൽ പഠിച്ചവരെ ഗ്രാമീണരായി പരിഗണിക്കില്ല. 

8 ാം ക്ലാസ് വരെ മലയാളമാധ്യമം. തുടർന്ന് മാത്‌സും സയൻസും ഇംഗ്ലിഷിലും സോഷ്യൽ സയൻസ് ഹിന്ദിയിലും. 10ലും 12ലും സിബിഎസ്‌ഇ പരീക്ഷയെഴുതാം. 75% സീറ്റ് ഗ്രാമീണ വിദ്യാർഥികൾക്ക്. മൂന്നിലൊന്നു പെൺകുട്ടികൾക്ക്. പട്ടികജാതി / വർഗ സംവരണം 15 / 7.5 %. ഭിന്നശേഷിക്കാർക്ക് 3%. ഓരോ സ്കൂളിലും 80 സീറ്റുകളിലേക്കാവും പ്രവേശനം. 9 ാം ക്ലാസിലേക്കു കടക്കുന്ന കുട്ടികൾ ഹിന്ദി പ്രദേശങ്ങളിലെവിടെയെങ്കിലുമുള്ള സ്‌കൂളിലേക്കു മാറി ഒരു വർഷം പഠിക്കേണ്ടിവരും.

2019 ഏപ്രിൽ 6നു നടത്തുന്ന ടെസ്‌റ്റിലെ പ്രകടനം ആധാരമാക്കിയാണ് സിലക്‌‌ഷൻ. ഇതിന്റെ ഘടനയിങ്ങനെ:

മാനസികശേഷി – 40 ചോദ്യം, 50 മാർക്ക്, 60 മിനിറ്റ്

അരിത്‌മെറ്റിക് – 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്

ഭാഷ – 20 ചോദ്യം, 25 മാർക്ക്, 30 മിനിറ്റ്

ആകെ – 100 ഒബ്‌ജെക്‌റ്റിവ് ചോദ്യം, 100 മാർക്ക്, 120 മിനിറ്റ്. തെറ്റിനു മാർക്ക് കുറയ്‌ക്കില്ല. 5 ാം ക്ലാസിൽ പഠിച്ച ഭാഷയിൽ പരീക്ഷയെഴുതാം. ഈ പരീക്ഷയിൽ ഒരു പ്രാവശ്യം മാത്രമേ എഴുതാൻ അനുവാദമുള്ളൂ. 

ടെസ്‌റ്റിലെ ചോദ്യമാതൃകകളുൾപ്പെടെ കൂടുതൽ വിവരങ്ങൾക്കു പ്രോസ്പെക്‌റ്റസ് നോക്കുക.

More Campus Updates>