Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രഫഷണൽ കോളജുകൾക്ക് അവധിയുണ്ടോ?

harthal

കാറ്റായാലും, മഴയായാലും, വെള്ളപ്പൊക്കമായാലും കളക്ടർമാർ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധികൊടുക്കുമ്പോൾ, പ്രഫഷണൽ വിദ്യാർഥികൾ ചെവികൂർപ്പിച്ചു ശ്രദ്ധിക്കുന്ന ഒരു കാര്യമുണ്ട്; ‘‘പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയുണ്ടോ?’’ മഴയും വെള്ളപ്പൊക്കവുമെല്ലാം എല്ലാ മനുഷ്യരെയും ഒരു പോലെ ബാധിക്കുന്നതു കൊണ്ട് അത്തരം സാഹചര്യങ്ങളിൽ ഇത്തരമൊരു വേർതിരിവു വലിയ സാംഗത്യമില്ലെങ്കിലും ഇന്നു കേരള സമൂഹം മറുപടിയറിയാൻ ആഗ്രഹിക്കുന്ന ഒരു ചോദ്യമുണ്ട്– ഹർത്താലിൽ നിന്നും പ്രഫഷണൽ വിദ്യാർഥികൾക്ക് അവധിയുണ്ടാകുമോ? കേരളത്തിലെ വ്യാപാരി വ്യവസായികളെയും ബസുകളെയും ടൂറിസത്തെയും ഹർത്താലിൽ നിന്നും ഒഴിവാക്കാൻ ശക്തമായി ചിന്തിച്ചു കൊണ്ടിരുന്ന ഈ സമയത്ത് അതോടൊപ്പം തന്നെ ചേർത്തു വയ്ക്കേണ്ട ഗണമാണു പ്രഫഷണൽ വിദ്യാർഥികളുടേതും. 

കോഴിക്കോട് എൻ.ഐ.ടി (ദേശീയ സാങ്കേതിക കേന്ദ്രം)യിൽ ഡീപ് ലേണിങ്ങില്‍ അഞ്ചു ദിവസത്തെ അധ്യാപക ശിൽപശാലയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് ഇതു കുറി ക്കുന്നത്. കേന്ദ്രമാനവ ശേഷി മന്ത്രാലയത്തിന്റെ ദേശീയ റാങ്കിങ്ങിൽ 35–ാം സ്ഥാനത്തുള്ള ഈ എഞ്ചിനീയറിങ് കോളജിന്റെ മികവിന്റെ അടിസ്ഥാനം എന്തെന്ന് അന്വേഷിച്ചപ്പോൾ നല്ല അധ്യാപകർക്കും നിർലോഭമായ ഗവൺമെന്റ് ഗ്രാന്റുകൾക്കുമൊപ്പം മറ്റൊന്നുകൂടെ കണ്ടെത്താനായി. ഒരു പ്രവൃത്തിദിന നഷ്ടം പോലും ഇവിടുണ്ടാകുന്നില്ല. ഈ അധ്യയനവർഷത്തിലെ രണ്ടാം സെമസ്റ്റർ ഇവിടെ തുടങ്ങി കഴിഞ്ഞു. കെടിയുവിനു കീഴിലുള്ള കേരളത്തിലെ ബഹുഭൂരി പക്ഷം എഞ്ചിനീയറിങ് വിദ്യാർഥികൾക്കും കഴിഞ്ഞയാഴ്ച മാത്രമാണ് ഒന്നാം സെമസ്റ്റർ പരീക്ഷകൾ ആരംഭിച്ചത്. അതു തുടങ്ങിയതോ, ആദ്യത്തെ മൂന്നു ദിവസത്തിനിടയിൽ രണ്ടു പരീക്ഷകൾ കേരളത്തിലെ എല്ലാ എഞ്ചിനീയറിങ് കോള ജിലും മാറ്റി വയ്ക്കേണ്ടി വന്നു, ഹർത്താലുകൾ കാരണം. 

ഇതിന്റെ ഭീകരത മനസ്സിലാകണമെങ്കിൽ യൂണിവേഴ്സിറ്റി അക്കാദമിക് കലണ്ടറും സിലബസും വിലയിരുത്തണം. 73 പ്രവൃത്തി ദിവസങ്ങൾ മാത്രമാണു മിനിമം ആറു വിഷയങ്ങളും രണ്ടു ലാബുകളുമുള്ള ഒരു സെമസ്റ്ററിലുള്ളത്. ഓരോ വിഷയത്തിനും ആറു നെടുനീളൻ മൊഡ്യൂളുകളും. കഴിഞ്ഞ സെമസ്റ്ററിൽ പ്രളയവും ഹർത്താലുകളും ചേർന്നു കവർന്നെടുത്തതു 10 പ്രവൃത്തി ദിവസങ്ങൾ ആയിരുന്നു. ശേഷിച്ച ക്ലാസു നടന്നതു 63 ദിവസങ്ങൾ മാത്രം. ഒരു 90 ദിവസമെങ്കിലും പഠിപ്പിക്കുവാനുള്ള മുതലെങ്കിലും ഓരോ വിഷയത്തിനുമുണ്ടെന്നതു മനസ്സിലാക്കുകയും വേണം. ഹർത്താലുകൾ മൂലം രണ്ടു പരീക്ഷകൾ ഇപ്പോൾ തന്നെ മാറ്റിവയ്ക്കപ്പെടുകയും, ഇനി വരുന്ന ദ്വിദിന പണിമുടക്കു കൂടെ രണ്ടു ദിവസത്തെ പരീക്ഷകൾ മാറ്റി വയ്ക്കുന്നതിലേക്ക് എത്തിക്കുകയും ചെയ്താൽ, ഫലത്തിൽ അടുത്ത സെമസ്റ്റർ തുടങ്ങുന്നതിനു മുമ്പേ തന്നെ മറ്റൊരു പ്രളയം വന്നതുപോലെയാകും. കേരളത്തില എഞ്ചിനീയറിങ് വിദ്യാർഥികൾക്ക്.

പിന്നെ എങ്ങിനെയാണ് കേരളത്തിലെ എഞ്ചിനീയറിങ് വിദ്യാഭ്യാസം, പ്രൊഫഷണൽ വിദ്യാഭ്യാസം പൊതുവെയും, അന്താരാഷ്ട്ര തലത്തില്‍ പോകട്ടെ, ദേശീയ തലത്തിലേക്കു തന്നെയും ഉയരാൻ സാഹചര്യമൊരുങ്ങുന്നത്? അമൃതയുംഎൻഐടിയും കുസാറ്റും ഒഴികെ മറ്റൊരു സാങ്കേതിക സ്ഥാപനവും മാനവശേഷി മന്ത്രാലയത്തിന്റെ ദേശീയ റാങ്കിങ്ങിൽ ആദ്യ നൂറു സ്ഥാനത്തില്ല എന്നുള്ളതും ഇതിനോടൊപ്പം കൂട്ടിവായിക്കണം. മറ്റു പല ഘടകങ്ങൾ കൂടെയുണ്ടെങ്കിലും പ്രവൃത്തി ദിനങ്ങൾ സംരക്ഷിക്കപ്പെടുകയെന്നത് ഉന്നത സാങ്കേതിക വിദ്യാഭ്യാസത്തിന് അനുകൂലമായ അന്തരീക്ഷം കേരളത്തിൽ ഉണ്ടാക്കുന്നതിന് അനുപേക്ഷണീയമാണ്. അതു കൊണ്ടു ഹർത്താലുകളിൽ നിന്നും പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കൊടുത്തേ തീരൂ. അതിന് തുടക്കമായി ഏതാനും നിർദേശങ്ങളും മുന്നോട്ടു വയ്ക്കുന്നു. 

∙ പ്രിൻസിപ്പാൾമാരുടെ മീറ്റിങ് വിളിച്ച് കൂട്ടി ഉന്നത വിദ്യാഭ്യാസ മന്ത്രിയും വി.സി. മാരും എല്ലാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ഹർത്താലിൽ നിന്നും പ്രഫഷണല്‍ കോളജുകളെ ഒഴിവാക്കുന്നതുമായി സംബന്ധിച്ചു ചർച്ച നടത്തുക. 

∙കോളജു ബസുകൾ പൂർണ്ണമായും ഹർത്താലിൽ നിന്നും ഒഴിവാക്കുവാൻ ധാരണയാകുക.

∙യൂണിവേഴ്സിറ്റി പരീക്ഷകളെ നിശ്ചയമായും ഹർത്താലുകളിൽ നിന്നും ഒഴിവാക്കുക. 

∙വരാനിരിക്കുന്ന ദ്വിദിന പൊതുപണിമുടക്കിൽ നിന്നും യൂണിവേഴ്സിറ്റി പരീക്ഷകളെ നിർബന്ധമായും ഒഴിവാക്കുക. 

തൃശൂർ ജ്യോതി എഞ്ചിനീയറിങ് കോളജ് പ്രിൻസിപ്പലാണ് ലേഖകൻ.