മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങള്‍ക്കു ചില പരിഹാരങ്ങള്‍

Representative image

മെഡിക്കല്‍ വിദ്യാഭ്യാസരംഗത്തു നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു തങ്ങളുടേതായ മാർഗനിര്‍ദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുന്നതിൽ സർക്കാരും സ്വകാര്യ മാനേജ്മെന്റ് അധികൃതരും മൽസരിക്കുന്നതു കഴിഞ്ഞ കുറെ നാളുകളായി കേരളത്തിലെ ഒരു സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇന്നുവര‌‌െ നിലനിൽക്കുന്ന പ്രശ്നങ്ങൾക്കു സ്ഥായിയായൊരു പരിഹാരം കാണുന്നതിനു സർക്കാരിനോ സ്വകാര്യ മാനേജ്മെന്റിനോ സാധിച്ചിട്ടില്ല എന്നത് വേദനാജനകമാണ്. ഈ മേഖലയിൽ നിലനിൽക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റവുമധികം ഗുരുതരമായി ബാധിക്കുന്നതു വിദ്യാർഥികളെയാണ്. വിദ്യാർഥികള്‍ നേരിടുന്ന അനിശ്ചിതത്വവും സമ്മര്‍ദവും ഒരു പരിധിവരെ മാതാപിതാക്കളും അഭിമുഖീകരിക്കുന്നു.

സാമ്പത്തിക പരിമിതികളേറെയുള്ള ഒരു സർക്കാരിനെ സംബന്ധിച്ചിടത്തോളം പുതിയ മെഡിക്കല്‍ കോളജുകള്‍ തുടങ്ങുകയെന്നതു ബുദ്ധിമുട്ടേറിയ കാര്യമാണ്. അതേസമയം കോളജുകള്‍ നടത്തുന്നതിനു ചെലവാക്കുന്ന പണം തിരിച്ചുപിടിക്കാന്‍ സ്വകാര്യ സംരംഭകര്‍ സ്വീകരിക്കുന്ന മാതൃക ഒട്ടും ആശാവഹമല്ലെന്നു മാത്രമല്ല, ആശങ്കാജനകവുമാണ്.

ഫാക്റ്റ്ഷീറ്റ്

ചെലവേറുന്ന ആരോഗ്യസേവനം

രോഗങ്ങൾ നേരത്തെ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനും സാങ്കേതിക വളർച്ച സാധ്യമാക്കുന്നു. കൂടുതൽ കൃത്യതയാർന്ന രോഗനിർണയ സംവിധാനങ്ങളും സ്ക്രീനിങ് പരിശോധനകളും ആധുനിക സാങ്കേതികതയുടെ സംഭാവനയാണ്. രോഗനിർണയം ചികിൽസയുടെ വിജയത്തിന് അത്യന്താപേക്ഷിതമെന്നു തിരിച്ചറിവു കൈവരിച്ചതോടെ ഇന്നു രോഗനിർണയ പരിശോധനകളെ ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്.

പഴയ സി റ്റി സ്കാനുകളേക്കാൾ ഏറെ കൃത്യതയുള്ള സ്കാനിങ് മെഷീനുകൾ ഇന്നു ലഭ്യമാണ്. മറ്റു രോഗനിർണയ ടെസ്റ്റുകൾക്കുള്ള ഉപകരണവും ആധുനിക സജ്ജീകരണത്തോടെയാണെത്തുന്നത്. വിലകൂടിയ ഈ രോഗനിർണയ സംവിധാനങ്ങൾ സജ്ജീകരിക്കുന്നതിനായി വൻ മുതൽമുടക്ക് നടത്തേണ്ടതുണ്ട്. എന്നാൽ ഈ അധിക മുതൽമുടക്ക് ഉപഭോക്താക്കളിൽ നിന്ന് വൻ തുക ഫീസായി വാങ്ങി ഈടാക്കുന്ന പ്രവണത ശരിയല്ല.

അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങളും പഴയ ഉപകരണങ്ങളും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ചു ബോധ്യമില്ലാത്ത രോഗികള്‍ക്കു സിറ്റി സ്‌കാനിനു വിവിധ കേന്ദ്രങ്ങൾ വ്യത്യസ്ത ചാര്‍ജ് ഈടാക്കുന്നത് അസ്വസ്ഥത സൃഷ്ടിക്കും. മികച്ച സൗകര്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്കു ലഭ്യമാക്കുന്നതിനുള്ള മാര്‍ഗങ്ങളാണു നമ്മള്‍ കണ്ടെത്തേണ്ടത്.

മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പങ്ക്

വലിയ ഹോസ്പിറ്റലുകള്‍ക്ക് അവരുടെ മൂലധനനിക്ഷേപം തിരിച്ചുപിടിക്കാനുള്ള പ്രധാന മാര്‍ഗങ്ങളിലൊന്നായി മെഡിക്കല്‍ കോഴ്‌സുകള്‍ നടത്തുന്നതിലൂടെ ലഭിക്കുന്ന ഫണ്ട് സ്വീകരിക്കാവുന്നതാണ്. രോഗികള്‍ക്ക് അധികഭാരമാവാതെ കുറഞ്ഞ തുകയിൽ‌ മികച്ച സേവനം നൽകുന്നതിന് ഈ ഫണ്ടുപയോഗിക്കാനാകും.

സര്‍ക്കാരിനു ഫണ്ടില്ല

അത്യാധുനിക രോഗപരിപാലന സൗകര്യങ്ങൾ ആവിഷ്കരിക്കുന്നതിനും ലഭ്യമാക്കുന്നതിനും ആവശ്യമായ വൻ മൂലധനനിക്ഷേപം നടത്താന്‍ സര്‍ക്കാർ അശക്തമാണ്. സർക്കാരാശുപത്രികളിലൂടെ സൗജന്യമായി ലഭ്യമാക്കുന്ന പ്രാഥമിക ചികിൽസാ സൗകര്യങ്ങൾ നേടുന്നതിനു ആശുപത്രിയിലെ പരിമിത സൗകര്യങ്ങളേക്കാൾ വളരെയധികം ആൾക്കാരെത്തുന്നു. ഇതുമൂലം സർക്കാരാശുപത്രികളിൽ രോഗികൾക്കു വേണ്ടത്ര പരിഗണന നൽകുന്നതിനു അവിടുത്തെ ഡോക്ടർമാർക്കോ മറ്റു ജീവനക്കാർക്കോ സാധിക്കാറില്ല. സർക്കാരാശുപത്രികളുടെ പ്രവർത്തനത്തെക്കുറിച്ചു പരാതി ഉയരുന്നതിനു പ്രധാന കാരണവുമിതാണ്.

സ്വകാര്യ നിക്ഷേപം അഭിലഷണീയമോ?

ഇന്നു രാജ്യത്ത് ആവശ്യമായ ഡോക്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരില്ല. കെട്ടിട നിർമാണത്തിനും സജ്ജീകരണത്തിനും ആവശ്യമായ വൻ മുതൽമുടക്കിനു പുറമെ, ജീവനക്കാർക്കു ശമ്പളവും മറ്റു ആനുകൂല്യങ്ങൾക്കുമായും നല്ലൊരു തുക ചിലവഴിച്ചാൽ മാത്രമേ ഒരു മെഡിക്കൽ കോളജ് നടത്തിക്കൊണ്ടു പോകാനാകു. സാമ്പത്തിക പരാധീനതയിൽ നട്ടംതിരിയുന്ന ഒരു സർക്കാരിനെ സംബന്ധിച്ച് ഈ ഭാരിച്ച തുക ചിലവഴിക്കുകയെന്നതു സാധ്യമല്ല.

ഇത്തരമൊരു ഘട്ടത്തിൽ സ്വകാര്യ നിക്ഷപത്തിനു പ്രാധാന്യമേറുന്നു. ആരോഗ്യ സേവനങ്ങൾക്കൊപ്പം മെഡിക്കല്‍ വിദ്യാഭ്യാസം നല്‍കി അധികചെലവു കുറയ്ക്കാൻ സ്വകാര്യ സംരംഭകർക്കു സാധിക്കും എന്നതിനു പുറമെ മികച്ച പരിശീലനവും ഇതിലൂടെ വിദ്യാർഥികൾക്കു ലഭിക്കും. ഇന്നു രാജ്യം നേരിടുന്ന ഭീഷണിയായ ഡോക്ടർമാരുടെ ക്ഷാമം തുടച്ചുനീക്കാനും ഇതു സഹായകമാകും.

അതേസമയം ഡോക്ടറാകാനുള്ള യോഗ്യത വിലയ്ക്കു വാങ്ങപ്പെടില്ലെന്ന് എങ്ങനെ ഉറപ്പുവരുത്താമെന്ന ചോദ്യം സാധാരണക്കാരിലെന്ന പോലെ മെഡിക്കൽ വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരിലും ഉയരുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസമെന്നത് എല്ലാവര്‍ക്കും ചേര്‍ന്ന കരിയറല്ലെന്ന് ഒരു മെഡിക്കല്‍ അധ്യാപകനെന്ന നിലയ്ക്ക് എനിക്ക് തീര്‍ച്ചയായും പറയാനാകും.

മാതാപിതാക്കളുടെ താല്‍പര്യവും നിർബന്ധവും മൂലം മെഡിക്കല്‍ വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്ന വിദ്യാർഥികൾ ഏറെയാണ്. ഇങ്ങനെ മറ്റുള്ളവരുടെ ആശ തീർക്കാനായി ഡോക്ടർമാരാകുന്നവർക്ക് ജോലിയോട് കൂറും ആത്മാർഥതയും ഉണ്ടാവണമെന്നില്ല. പ്ലസ്ടു പരീക്ഷയിലും എന്‍ട്രന്‍സ് പരീക്ഷയിലുമെല്ലാം ഉയര്‍ന്ന മാര്‍ക്കു നേടിയ വിദ്യാര്‍ത്ഥികളുടെ കാര്യമാണിത്. അപ്പോള്‍ അക്കാഡമിക് പ്രകടനത്തിൽ മികവു പ്രദർശിപ്പിക്കാത്ത വിദ്യാര്‍ത്ഥികള്‍ കോഴ്‌സിനെത്തിയാലുള്ള അവസ്ഥ പറയേണ്ടതില്ലല്ലോ.

മെഡിക്കൽ പ്രവേശനം കൂടുതൽ നിഷ്പക്ഷമാക്കുകയെന്നതാണ് ഇത്തരമൊരു ദുരവസ്ഥ ഒഴിവാക്കുന്നതിനുള്ള ഏക മാർഗം. മെഡിക്കൽ പ്രവേശനം തികച്ചും അക്കാഡമിക് യോഗ്യതയുടെ അടിസ്ഥാനത്തിലാവണം എന്നതിലുപരി അവരെയും സ്ക്രീനിങ് നടത്തി വേണം തിരഞ്ഞെടുക്കാൻ. അക്കാഡമിക് മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു കോഴ്‌സ് ചെയ്യാനുള്ള സാമ്പത്തിക ശേഷിയില്ലാതെ വരുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കുന്നതിനായി ഇത്തരത്തിലായിരിക്കും ഒരു ഐഡിയല്‍ അഡ്മിഷന്‍ പ്രക്രിയ നടക്കുക.

  1. മെഡിക്കല്‍ കോഴ്‌സ് ചെയ്യാനാഗ്രഹിക്കുന്നവരും അക്കാഡമിക് മികവു പുലര്‍ത്തുന്നവരുമായ വിദ്യാര്‍ത്ഥികളെ കണ്ടെത്തുക.

  2. പ്രവേശനം നൽകുന്നതിനു മുൻപായി സൈക്കോളജിക്കല്‍ ആന്‍ഡ് ആപ്റ്റിറ്റ്യൂഡ് ഇവാലുവേഷന്‍ ടെസ്റ്റ് നടത്തി അവര്‍ക്ക് മെഡിക്കൽ രംഗത്തോട് പാഷനുണ്ടെന്ന് ഉറപ്പുവരുത്തുക.

  3. മാനദണ്ഡങ്ങള്‍ കർശനമായി പാലിക്കുന്ന വിദ്യാര്‍ത്ഥികളെ കോഴ്‌സുകളിലേക്ക് തെരഞ്ഞെടുക്കുക.

  4. കോളജുകള്‍ തീരുമാനിക്കുന്ന ഫീസു നൽകി വിദ്യാര്‍ത്ഥികള്‍ പഠിക്കുക.

ബന്ധപ്പെട്ടവര്‍ വളരെ സത്യസന്ധമായ വിലയിരുത്തലുകള്‍ നടത്തിയ ശേഷമായിരിക്കണം ഫീസ് തീരുമാനിക്കേണ്ടത്. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് കോളജുകള്‍ സ്റ്റാഫ്-ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഘടന പിന്തുടരണം. സ്റ്റാഫിന്റെ ശമ്പളം, പഠിപ്പിക്കുന്നതിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍, ടീച്ചിംഗ് സാമഗ്രികള്‍, ഹോസ്റ്റലുകള്‍ തുടങ്ങി വിവിധ കാര്യങ്ങള്‍ക്കായുള്ള ചെലവ് കണക്കാക്കാന്‍ സാധിക്കും. ചെലവിടുന്ന തുകയും ഭാവിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉതകുന്നതുമായിരിക്കണം നിശ്ചയിക്കുന്ന ഫീസ്. സ്വാഭാവികമായും, കോളജുകള്‍ മാറുന്നതനുസരിച്ച് ഈ ഫീസില്‍ വ്യത്യാസമുണ്ടായിരിക്കും.

എന്റെ ചില നിര്‍ദേശങ്ങള്‍ കൂടി ഇവിടെ ചേര്‍ക്കുന്നു

  1. ഫീസ് ഘടന മാനേജ്‌മെന്റുകള്‍ക്ക് നീതീകരിക്കത്തക്കതാകണം. സ്ഥാപനങ്ങള്‍ നിക്ഷേപം നടത്തുന്നതു കുറച്ചെങ്കിലും റിട്ടേണ്‍സ് പ്രതീക്ഷിച്ചാണെന്നതു തിരിച്ചറിയണം.

  2. ഒരു ഓപ്പണ്‍ എന്‍ട്രന്‍സ് പരീക്ഷയിലൂടെയായിരിക്കണം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലേക്ക് അടക്കമുള്ള സ്ഥാപനങ്ങളിലേക്ക് വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കേണ്ടത്.

  3. പഠിക്കാന്‍ താല്‍പ്പര്യമുള്ള കോളജുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നല്‍കണം. തെരഞ്ഞെടുക്കുന്ന കോളജുകള്‍ ഏര്‍പ്പെടുത്തുന്ന ഫീസ് അവര്‍ അടയ്ക്കണം. ഉയര്‍ന്ന മാര്‍ക്ക് നേടിയ ഒരു വിദ്യാര്‍ത്ഥി ഒരു സ്വകാര്യ സ്ഥാപനത്തെയാണ് തെരഞ്ഞെടുക്കുന്നതെങ്കിലും കോളജ് തീരുമാനിക്കുന്ന ഫീസ് അടയ്ക്കണം.

  4. ഉയര്‍ന്ന ഫീസ് താങ്ങാനാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് മെറിറ്റ് അടിസ്ഥാനത്തില്‍ സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണം. എന്നാല്‍ കോളജില്‍ പഠനം തുടങ്ങിയും അതേ അക്കാഡമിക് മികവ് ആ കുട്ടി പുലര്‍ത്തുന്നുവെന്ന് ഉറപ്പാക്കണം. പഠനത്തില്‍ പിന്നോക്കം പോയാല്‍ സ്‌കോളര്‍ഷിപ് പിന്‍വലിക്കണം.

  5. മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് ബാങ്ക് വായ്പ ലഭ്യമാക്കുന്നതിന് സഹായിക്കണം. കൊളറ്ററല്‍ സെക്യൂരിറ്റി ഉറപ്പാക്കുന്നതിനായി സര്‍ക്കാര്‍ ഒരു കോര്‍പ്പസ് ഫണ്ട് രൂപീകരിക്കണം. വിദ്യാഭ്യാസ വായ്പ നല്‍കുന്ന ബാങ്കുകള്‍ക്ക് ഈ ഫണ്ടായിരിക്കണം കൊളറ്ററല്‍ സെക്യൂരിറ്റിയാകേണ്ടത്.

  6. ലോണുകള്‍ തിരിച്ചടയ്ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവെക്കുന്നതിനു സര്‍ക്കാര്‍ നിയമം ഉണ്ടാക്കുക. പോസ്റ്റ് ഗ്രാജുവേറ്റ് പ്രവേശനയോഗ്യത ലോൺ തിരിച്ചടയ്ക്കുന്നതിനെ അടിസ്ഥാനപ്പെടുത്തി നിര്‍ണയിക്കുന്ന രീതിയും അവലംബിക്കാവുന്നതാണ്.

അതേസമയം സര്‍ക്കാര്‍ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കുന്ന മെഡിക്കല്‍ ഗ്രാജുവേറ്റുകളോട് കമ്യൂണിറ്റി മെഡിക്കല്‍ സെന്ററുകള്‍, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ തുടങ്ങിയിടങ്ങളില്‍ നിശ്ചിത സമയത്തേക്കു സേവനം ചെയ്യാന്‍ ആവശ്യപ്പെടാം. ഇതിന് അവര്‍ തിരിച്ചടയ്ക്കാനുള്ള വായ്പയെയും മാനദണ്ഡമാക്കാം. സ്വകാര്യ മാനേജ്‌മെന്റുകളോ സര്‍ക്കാരോ ഈ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ തയാറാവണമെന്നില്ല. പക്ഷേ ഇത് കാര്യക്ഷമമായി നടപ്പാക്കാന്‍ സാധിച്ചാല്‍ അക്കാഡമിക് മികവു പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികളെ ആരോഗ്യസേവന മേഖലയ്ക്കു ലഭിക്കുമെന്നതു തീര്‍ച്ച.