Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നന്നായി പഠിക്കാൻ നല്ല വഴികൾ

study

‘സന്ദേശം’ എന്ന സിനിമയിൽ ഒരു രംഗമുണ്ട്. തിരഞ്ഞെടുപ്പിൽ‌ എന്തുകൊണ്ടു തോറ്റു എന്നതിന് പാർട്ടിയിലെ താത്വികാചാര്യനായ കുമാരപിള്ള എന്ന ശങ്കരാടിയുടെ കഥാപാത്രം പറയുന്ന മറുപടി. ‘‘വിഘടനവാദികളും പ്രതിക്രിയാവാദികളും ‌പ്രഥമദൃഷ്ട്യാ അകൽച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലെ അന്തർധാര സജീവമായിരുന്നു. എന്നുവേണം കരുതാൻ. ബൂര്‍ഷ്വാസികളും തക്കം പാർത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് നമ്മൾ തോറ്റത്.’’ കുമാരപിള്ളയുടെ വിശദീകരണം ആർക്കും മനസ്സിലായില്ല.

കുമാരപിള്ളയുടെ മട്ടിൽ നമ്മുടെ ജീവിതത്തെ വിലയിരുത്തിയാൽ നാം എങ്ങുമെത്തില്ല എന്ന് ആദ്യമേ അറിയുക. എന്തുകൊണ്ടാണു നമ്മൾ പിന്നിലാകുന്നത് എന്നതിന്റെ ഉത്തരം തേടലാണ് യഥാർഥ വിജയത്തിലേക്കുള്ള ഏറ്റവും നിർണായകമായ ആദ്യ മുന്നേറ്റം. ‘പരീക്ഷയ്ക്കു മാർക്ക് കുറഞ്ഞത് ‌എന്തുകൊണ്ടാണ്?’ എന്ന് അച്ഛനോ അമ്മയോ ചോദിക്കുമ്പോൾ ‌ചോദ്യങ്ങള്‍ ഭയങ്കര ‘ടഫ്’ ആയിരുന്നു, മുഴുവൻ ചോദ്യങ്ങളും പഠിപ്പിക്കാത്ത ഭാഗങ്ങളിൽ നിന്നുള്ളവയായിരുന്നു. നന്നായി എഴുതിയതാ പക്ഷേ, പേപ്പർ നോക്കിയ സാർ മാർക്ക് തന്നില്ല... തുടങ്ങിയവയാണ് സാധാരണ ഉത്തരങ്ങൾ. സത്യത്തിൽ ഈ ഉത്തരങ്ങളെല്ലാം ‘നമ്മള്‍ എന്തുകൊണ്ടു തോറ്റു?’ എന്ന ചോദ്യത്തിനു കുമാരപിള്ള പറയുന്ന മറുപടി പോലെയാണ്.

എന്തുകൊണ്ടു പിന്നിലായി?
‘എന്തുകൊണ്ടാണ് ഞാൻ പഠനത്തിൽ പുറകിലാകുന്നത്?’ ഈ ചോദ്യം ‌ഉത്തരം കിട്ടുന്നതുവരെ സ്വയം ചോദിച്ചുകൊണ്ടിരിക്കുക. എന്നാൽ അതിനുള്ള ‌ഉത്തരം ഓരോരുത്തർക്കും ഓരോന്നായിരിക്കും. ഞാൻ പഠനത്തിൽ ഉഴപ്പുന്നു, ക്ലാസിൽ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല, പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പു നന്നായില്ല, ഇത്രയൊക്കെ പഠിച്ചാൽ മതി. പരീക്ഷയ്ക്കു ജയിച്ചാൽ പോരെ എന്ന ചിന്ത, എത്ര വായിച്ചിട്ടും പഠിച്ചിട്ടും മനസ്സിലാകുന്നില്ല, പഠിക്കാനിരിക്കുമ്പോൾ ശ്രദ്ധ മാറിപ്പോകുന്നു, പഠിക്കുമ്പോള്‍ ഭയങ്കര ക്ഷീണം, പഠിക്കുമ്പോള്‍ എല്ലാം ‌മനസ്സിലാകും ഒന്നു രണ്ടു ദിവസം കഴിഞ്ഞാൽ ഒക്കെ മറക്കും. പരീക്ഷാ ഹാളിൽ വച്ച് എല്ലാം മറന്നു പോകുന്നു. ഇങ്ങനെ നിരവധി കാരണങ്ങളിൽ ഒന്നു മാത്രമായോ, ചിലവ കൂടിച്ചേർന്നോ ആയിരിക്കാം യഥാർഥ പ്രശ്നം..

ഏതൊക്കെയാണ് പഠനത്തിനു തടസ്സമാകുന്നവയെന്നു തിരിച്ചറിഞ്ഞാൽ അവ ആദ്യം പരിഹരിക്കണം. മിക്ക പഠനപ്രതിസന്ധികളുടെയും പരിഹാരം സ്വയം ചെയ്യാവുന്നവയാണ്. ശേഷിക്കുന്നവയ്ക്ക് അധ്യാപകരുടെയോ രക്ഷകർത്താക്കളുടേയോ സഹായത്തോടെ പരിഹാരവും കാണാം.

പഠിക്കാൻ നല്ല സമയം
ഓരോ വ്യക്തിയുടെയും ശരീരവും മനസ്സും ദിവസത്തിലെ 24 മണിക്കൂറും ഒരു പോലല്ല ‌പ്രവർത്തിക്കു‌ന്നത്. ഒരു വിഷയത്തില്‍ ‌ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവായ ഏകാഗ്രതയും പഠന താല്‍പര്യവുമൊക്കെ സമയത്തിനും ജീവിതചര്യകളിലെ ക്രമത്തിനനുസരിച്ചും മാറ്റം വരും. ശരീരത്തിലെ ബയോളജിക്കൽ ക്ലോക്ക് എന്നു വിളിക്കുന്ന സർക്കാഡിയൻ റിഥം സ്വയം മനസ്സിലാക്കണം.

ഏതാണ് തനിക്ക് പഠിക്കാൻ ഏറ്റവും ഇണങ്ങുന്ന സമയമെന്ന് ഒരു വിദ്യാർഥി ‌എന്ന നിലയിൽ സ്വയം നിരീക്ഷിക്കണം, പെട്ടെന്നു മനസ്സിലാക്കാൻ സാധിക്കുന്ന, പഠനം മുറിഞ്ഞു പോകാതെ പരമാവധി നീണ്ടുപോകുന്ന, പഠിക്കുമ്പോൾ ഒട്ടും മുഷിയാത്ത, ക്ഷീണം വരാത്ത, ഉറക്കം വരാത്ത സമയമേതെന്ന്. ഒരാഴ്ച തുടർച്ചയായി നിങ്ങളുടെ പഠനക്രമം ശ്രദ്ധിച്ച് കുറിച്ചുവെച്ചാൽ അതു താരതമ്യം ചെയ്ത് ഈ സമയം കണ്ടുപിടിക്കാം. ആ സമയത്തെ നമുക്ക് ‘ബ്രെയിൻ അവർ’ എന്നു വിളിക്കാം. നിങ്ങളുടെ ‘ബ്രെയിൻ അവറില്‍’ പഠനം കൂടുതൽ ലളിതമാകുന്നതു കാണാം.

എല്ലാ കുട്ടികളെയും വെളുപ്പിന് എഴുന്നേറ്റു പഠിക്കാൻ അച്ഛനമ്മമാര്‍‍ ‌നിർബന്ധിക്കാറുണ്ട്. രാവിലെ നേരത്തേ ഉണർന്നു പഠിച്ചാൽ വളരെ കുറച്ചു സമയം കൊണ്ടുതന്നെ കൂടുതൽ പഠിക്കുന്ന കുട്ടികളുണ്ട്. ആ പഠിച്ച കാര്യങ്ങൾ ഓർമയിലും നിൽക്കും. കാക്കയെപോലെ നേരത്തേ ഉണരുന്നതിനാൽ ഇവരെ കാക്കബുദ്ധിക്കാർ എന്നു വിളിക്കാം. എന്നാൽ മറ്റു ചില കുട്ടികൾക്കാകട്ടെ രാത്രി വളരെ വൈകി മാത്രമേ ഉറക്കം വരൂ. സന്ധ്യ സമയം കഴിഞ്ഞായിരിക്കും ഇവർ സജീവമാകുന്നത്, വെളുപ്പിന് ഇവരെ ഉറക്കത്തിൽ നിന്ന് എഴുന്നേൽപ്പിക്കാൻ അച്ഛനമ്മമാർ പണിപ്പെടേണ്ടിയും വരും. അങ്ങനെയുള്ളവർ രാത്രി വൈകിയും നന്നായി പഠിക്കുന്നതു കാണാം. ഇവരെ മൂങ്ങബുദ്ധിക്കാരെന്നു വിളിക്കാം. അവർ ആ സമയം പഠിക്കട്ടെ. വെളുപ്പാൻ കാലത്ത് അവർ സുഖമായി ഉറങ്ങട്ടെ.

പഠിക്കാൻ പറ്റിയ സമയം തിരിച്ചറിഞ്ഞ് പഠിക്കുന്നത് കുട്ടികളുടെ പഠനശേഷിയിൽ 30 ശതമാനം വരെ വർധനവുണ്ടാക്കുമെന്ന് ഗവേഷകർ തെളിയിച്ചിട്ടുണ്ട്.

കാടു കാണാം, പിന്നെ മരം
കാട് ഒരിക്കലും കണ്ടിട്ടില്ലാത്തയാളെ കാട്ടിനുള്ളിൽ കൊണ്ടാക്കിയാൽ അയാൾ മരങ്ങളും ചെടികളും മൃഗങ്ങളെയും ഒക്കെ കാണും, പക്ഷേ അതൊരു കാടാണ് ‌എന്ന് അയാൾ തിരിച്ചറിയില്ല. അതുപോലെയാണ് പഠനവും. അതു തുടങ്ങും മുൻപ് മൊത്തത്തിൽ എന്താണു ‘സംഭവം’ എന്നു മനസ്സിലാക്കണം. ഏതാണു കോഴ്സ്, ഏതാണു ‌വിഷയം, ഏതാണു പുസ്തകം, എന്താണ് അധ്യായം, ഇപ്പോൾ പഠിക്കുന്ന ഭാഗം വിഷയ‌ത്തിന്റെ ഏതു ഘടകമാണ് ഇങ്ങനെ ഇങ്ങനെ പഠിക്കുന്നതെന്തും എന്താണ് ‌എന്നു പൊതുവായി മനസ്സിലാക്കിയിട്ടേ പഠനം ആരംഭിക്കാവൂ. പൊതുവായി മനസ്സിലാ‌ക്കിയ കാര്യത്തിന്റെ സൂക്ഷ്മ ഘടകങ്ങൾ അറിഞ്ഞു തുടങ്ങുന്നതാണ് രണ്ടാം ഘട്ടം. ഇടയ്ക്കു പഠിക്കാന്‍ ബുദ്ധിമുട്ടു തോന്നുമ്പോൾ നിർത്തുക. പിറകിലേക്കു മാറുക. വീണ്ടും പഠനം സ്ഥൂലത്തിൽ നിന്നു സൂക്ഷ്മത്തിലേക്കു പോവുക. പഠിക്കാ‌ൻ ‌പ്രയാസം തോന്നുമ്പോഴെല്ലാം ഇതു പരീക്ഷിക്കം.

പങ്കുവയ്ക്കാം പഠിക്കാം
പഠനം എളുപ്പമാക്കാൻ ഇന്നേവരെ കണ്ടെത്തിയിട്ടുള്ള മാർഗങ്ങളിൽ ഏറ്റവും ‌‌‌‌ലളിതവും മികച്ചതുമായ ഒരു മാര്‍ഗമാണ് പഠിപ്പിച്ചു പഠിക്കൽ. പഠിച്ച കാര്യം, ‌മനസ്സിലാക്കിയ കാര്യം സുഹൃത്തുക്കൾക്കോ ആ വിഷയം മനസ്സിലാക്കാത്തവർക്കോ പറഞ്ഞു കൊടുക്കുക, പഠിപ്പിച്ചു കൊടുക്കുക. നിങ്ങൾ പഠിച്ച കാര്യം ഒരു തവണ ഒരാൾക്കു വിവരിച്ചു കൊടുക്കുന്നത് 10 തവണ ആവർത്തിച്ചു പഠിക്കുന്നതിനെക്കാൾ മികച്ചതാണ്. പലപ്പോഴും മറ്റൊരാൾക്കു പറഞ്ഞു കൊടുക്കുന്ന വേളയിൽ ആ ‌വിഷയത്തിന്റെ നൂനതലങ്ങൾ മനസ്സിൽ ഉണർന്നു വരുന്നതും മനസ്സിലാക്കാം. ‌പഠിക്കാൻ വളരെ പ്രയാസമുള്ള കാര്യങ്ങൾ സ്വന്തം മുറിയിൽത്തന്നെ മറ്റുള്ളവർക്കു പറഞ്ഞു കൊടുക്കുന്ന / പഠിപ്പിക്കുന്ന സാങ്കൽപ്പിക കളിയായും ചെയ്യാം. മറവി ‌കുറയ്ക്കാനും ഫലപ്രദമായ ഒരു ടെക്നിക്കാണ്. ഈ സമയത്ത് ഇന്ദ്രിയങ്ങളെല്ലാം ഏകോപിച്ച് ആ വിഷയത്തിനെ പൂർണതയോടെ അവതരിപ്പിക്കാൻ ശ്രമിക്കും. അതോടെ ആ ഇന്ദ്രിയങ്ങളെല്ലാം ചേർന്ന് ഓർമയില്‍ ആ വിഷയം പാറപോലെ ഉറപ്പിക്കും.

ഏതാദ്യം പഠിക്കണം
വിദ്യാർത്ഥികളുടെ ഒരു പതിവു സംശയമാണിത്. പഠിക്കാനിരിക്കുമ്പോൾ ‌പ്രയാസമുള്ളതാണോ അതോ എളുപ്പമുള്ളതാണോ ആദ്യം പഠിപ്പിക്കേണ്ടതെന്ന്? അവർക്കു കിട്ടുന്ന പതിവുത്തരം പ്രയാസമുള്ള വിഷയം ആദ്യം പഠിക്കണമെന്നതാണ്. എന്നാൽ സാൻഡ്‌‌വിച്ച് ലേണിങ് ആണ് ഉത്തമം. പഠിക്കാനിരിക്കുമ്പോൾ അതിനുമുമ്പു ചെയ്തതും കണ്ടതുമായ പല കാര്യങ്ങളും മനസ്സിലൂടെ കടന്നു പോകും. ടിവിയുടെ മുന്നിൽ നിന്നുമാണ് പഠിക്കാന്‍ പോകുന്നതെങ്കിൽ അല്‍പ നേരത്തേയ്ക്കു കൂടി മനസ്സിലൂടെ ആ ദൃശ്യങ്ങൾ കടന്നു പോകും, ഈ ‌സമയം കഠിനവിഷയം പഠിച്ചാൽ ആ പഠനത്തിൽ മുഴുകാൻ കൂടുതൽ സമയമെടുക്കും, പകരം ആദ്യം 10–15 മിനിറ്റ് ‌എളുപ്പമുള്ള ഇഷ്ടവിഷയം പഠിക്കുക. അപ്പോള്‍ പഠനപ്രക്രിയയിൽ മുഴുകിക്കഴിയും. ഏകാഗ്രത ഫോക്കസ്ഡ് ആയിക്കഴിയും. തുടർന്ന് പഠനം കഠിന വിഷയത്തിലേക്കു കടക്കുക. ആ വിഷയത്തിന്റെ പഠനത്തിൽ മടുപ്പു വരുത്തുന്നതുവരെ പഠനം ‌തുടരുക. തുടർന്ന് വീണ്ടും എളുപ്പമുള്ള വിഷയം പിന്നെ കഠിന വിഷയം ഇങ്ങനെ ഒന്നിടവിട്ട് ‌സാൻഡ്‌വിച്ച് പോലെ പഠിച്ചാൽ മടുപ്പില്ലാതെ ഏകാഗ്രതയോടെ കൂ‌ടുതൽ സമയം പഠിക്കാനും അവ മനസ്സിൽ ഉറപ്പിക്കാനും കഴിയും.

ടൈം ടേബിൾ എഴുതാം, സമയത്തെ മെരുക്കാം
അമേരിക്കൻ പ്രസിഡന്റായാലും ഇന്ത്യൻ പ്രധാനമന്ത്രിയായാലും കിട്ടുന്നത് ഒരു ദിവസം 24 മണിക്കൂർ തന്നെയാണ്. നമുക്ക് കിട്ടുന്ന സമയത്തില്‍ നിന്നും ഒരു മിനിട്ടു പോലും അവർക്ക് കൂടുതൽ കിട്ടുന്നില്ല. സമയത്തെ കൈകാര്യം ‌ചെയ്യുന്നതിലാണ് (ടൈം മാനേജ്മെന്റ്) നമ്മളും അവരുമൊക്കെ വ്യത്യാസപ്പെടുന്നത്. പഠിക്ക‌ന്‍ ‌വേണ്ടത്ര സമയം കിട്ടുന്നില്ലെന്നു പരാതിപ്പെടുമ്പോൾ സത്യത്തിൽ ആ കുട്ടിയുടെ ‌സമയത്തിനുമേൽ അയാൾക്കു നിയന്ത്രണമില്ല എന്നർഥം.

സമയത്തിൻമേൽ നിയന്ത്രണം നേടുന്നതാണ് വിദ്യാർഥിയുടെ ആദ്യ ‌വിജയം. സ്വന്തം പഠനരീതി നന്നായി വിലയിരുത്തി മനസ്സിലാക്കി വേണം സമയം ആസൂത്രണം ‌ചെയ്യാൻ. ഒരു ദിവസം എത്ര സമയം പഠിക്കാൻ വിനിയോഗിക്കണമെന്നതു മുതൽ ഓരോ വിഷയത്തിനും എത്ര സമയം ചെലവഴിക്കണമെന്ന കാര്യത്തിലും ധാരണ വേണം.

ക്ലാസ് സമയം, ഉറക്കസമയം, ഭക്ഷണം കഴിക്കാനുള്ള സമയം, യാത്രാ സമയം, കുളിക്കാനും തയാറാക്കാനുമുള്ള സമയം തുടങ്ങി പതിവായി ചെയ്യുന്നതും മുനൻകൂട്ടി നിശ്ചയിക്കാവുന്നതുമായ സമയം വേണം ആദ്യം ആസൂത്രണം ‌ചെയ്യാൻ ‌കാരണം അവ സ്ഥിരമാണ്. അവയ്ക്ക് എത്ര സമയം വേണമെന്നു നമുക്കറിയാം.

പഠനത്തിനായി സമയം നീക്കി വയ്ക്കുമ്പോൾ കളിക്കാനും രസിക്കാനുമുള്ള ‌സമയത്തെ ഒഴിവാക്കരുത്. തലച്ചോറിന്റെ ഉണർവിന് അവ അത്യാവശ്യമാണ്. പഠി‌ച്ച കാര്യങ്ങൾ നമ്മുടെ സബ്കോൺഷ്യസ് ലവലിലേക്കു (ഉപബോധ മനസ്സ്) മാറുന്നത് ഇത്തരം ഉല്ലാസകരമായ അവസരങ്ങളിലും ഉറക്കത്തിലും ആണ് എന്ന കാര്യം മറക്കരുത്. ഇവയുടെ ഒക്കെ അടിസ്ഥാനത്തിൽ സ്കൂൾ ഉള്ള ദിവസം, അവധി ‌ദിവസം, പരീക്ഷാകാലം, അല്ലാത്ത സമയം, ക്ലാസ് ടെസ്റ്റുകള്‍, ഹര്‍ത്താൽ ദിനങ്ങള്‍, തുടങ്ങിയ ഓരോ അവസരങ്ങള്‍ക്കും യോജിച്ച വിധത്തിലുള്ള ടൈംടേബിൾ ‌പ്രത്യേകം ആസൂത്രണം ചെയ്തു ഉപയോഗിക്കണം. ഇങ്ങനെ തയാറാക്കിയ ഒരു ടൈം ടേബിൾ പഠന മുറിയിൽ എപ്പോഴും കാണാൻ സാധ്യമാകുന്ന തരത്തിൽ വയ്ക്കണം.

കാത്തിരിപ്പു സമയങ്ങൾ
പ്രത്യേകിച്ച് ഒരു പ്രയോജനവുമില്ലാതെ നഷ്ടപ്പെട്ടു പോകുന്ന ചില സമയങ്ങൾ ഉണ്ട്. അതിലേറ്റവും പ്രധാനമാണ് കാത്തിരിപ്പു സമയങ്ങൾ. ബസ്സും ട്രെയിനുമൊക്കെ ‌കാത്തുനിൽക്കുന്ന സമയങ്ങൾ, ഡോക്ടറെ കാണാൻ കാത്തിരിക്കുന്ന സമയം. ഒരു ദിവസം അൽപ്പമെങ്കിലും എവിടെയെങ്കിലും കാത്തിരിക്കാത്തവർ കുറവല്ല. ഈ ‌സമയം നമുക്കു പ്രയോജനപ്പെടുത്താനാകും. പഠിച്ചിട്ടും ഓർമയിൽ നിൽക്കാത്ത സൂത്രവാക്യങ്ങൾ, തത്വങ്ങൾ, ഉദ്ധരണികൾ തുടങ്ങിയവ ചെറിയ കാർഡുകളിൽ എഴുതി സൂക്ഷിച്ചു വച്ചാൽ കാത്തിരിപ്പു സമയങ്ങളിൽ പുറത്തെടുത്ത് ഓർമ പുതുക്കാം.

ടേപ്പ് റിക്കോർഡിലോ, മൊബൈൽ ഫോണിലോ പ്രയാസമുള്ള ചോദ്യോത്തരങ്ങളോ പാഠഭാഗങ്ങളോ വായിച്ച് റിക്കോർഡ് ചെയ്തു വച്ചിരുന്നാൽ ഈ പാഴായിപ്പോകുന്ന സമയങ്ങളിൽ ഒരു ഹെഡ്സെറ്റിന്റെ സഹായത്തോടെ കേൾക്കാം; ‌പഠിക്കാം. ‌തിരക്കേറിയ ബസ്സിൽ നിന്നു യാത്ര ചെയ്യുമ്പോൾ പോലും ഈ ടെക്നിക്ക് ‌ഉപയോഗിച്ച് സമയം ലാഭിക്കാം.

സമയത്തെ കൊല്ലല്ലേ
സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ നിങ്ങളുടെ പഠനസമയം അപഹരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഫോണിലൂടെയും മൊബൈൽ ‌ഫോണിലൂടെയുമൊക്കെയുള്ള സംസാരം ‌നീണ്ടുപോകാതിരിക്കാൻ ‌ശ്രദ്ധിക്കണം. ഫോൺ സംഭാഷണം പോലെതന്നെ ഫെയ്സ്ബുക്കും വാട്ട്സ് ആപ്പും അടക്കമുള്ള ഇന്റർനെറ്റ് സേവനങ്ങൾക്ക് അടിമപ്പെട്ട് സമയം കളയുന്ന നിരവധി പേരുണ്ട്. അഞ്ചോ പത്തോ മിനിറ്റുകൊണ്ട് തീർക്കാവുന്ന ഇടപാടുകളെ ഇത്തരം സോഷ്യൽ മീഡിയകളിൽ വിനിയോഗിക്കാവൂ. സമയത്തിന്റെ നിയന്ത്രണം കൈവിട്ടു ‌പോകുന്നുവെന്നു തോന്നിയാൽ ടൈംടേബിൾ വെച്ചോ അവയെ നിയന്ത്രിക്കാൻ തയാറാകണം. ഒരിക്കലും പഠിക്കുന്നതിനു തൊട്ടുമുന്‍പോ ഇത്തരം സോഷ്യൽമീഡിയകളിൽ കയറുകയോ ചാറ്റിങ് നടത്തുകയോ ‌ചെയ്യരുത്. അവ ‌പഠനത്തിന്റേയും ഉറക്കത്തിന്റേയും ഗുണനിലവാരം ഗണ്യമായി കുറയ്ക്കാം.

ഇന്ന് വിദ്യാർത്ഥികളിലെ ഏകാഗ്രത നശിപ്പിക്കുന്നവയിൽ ഒന്നാം സ്ഥാനത്താണ് മൊബൈൽ ഫോണുകൾ. ഏകാഗ്രമായി പഠിച്ചികൊണ്ടിരിക്കുമ്പോള്‍ കടന്നുവരുന്ന ഒരു കോൾ, മെസേജ്, ഒരു മിസ്ഡ്കോൾ ഒക്കെ പഠനത്തിന്റെ ഒഴുക്കിനെ ‌തടസ്സപ്പെടുത്തുമെന്ന കാര്യത്തിൽ സംശയമില്ല. പഠനസമയത്തിന്റെ ഗുണ‌നിലവാരം നഷ്ടപ്പെടുകയും ചെയ്യും. മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർ പഠിക്കുന്ന സമയത്ത് അവ ശ്രദ്ധയിൽ പെടാത്തവിധം ദൂരെക്കു മാറ്റിവെയ്ക്കുകയോ ഓഫ് ‌ചെയ്ത് വെയ്ക്കുകയോ വേണം.

മറ്റ് ലളിത പഠന സൂത്രങ്ങൾക്കൊപ്പം സമയത്തെകൂടി മെരുക്കി ‌കഴിഞ്ഞാൽ ‌പഠനവും പരീക്ഷയും ഇനി എളിപ്പമാകും, തീർച്ച. 

Your Rating: