Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലോക വിപണി കീഴടക്കാന്‍ ‘സോണി’ക്ക് കഴിഞ്ഞതെങ്ങനെ?

മോൻസി വർഗീസ്
sony-facebook

ഗുണമേൻമയുള്ള ഉൽപന്നങ്ങളുടെ ഉൽപാദകർ എന്ന ഖ്യാതി സ്വന്തം രാജ്യത്തിന് നേടിക്കൊടുത്തുകൊണ്ട് ജപ്പാൻ എന്ന രാജ്യത്തെ സമ്പന്നതയിലേക്കു നയിക്കാൻ  കാരണക്കാരനായ പ്രതിഭാശാലിയാണ് അക്കിയോ മോറിത (Akio Morita). രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോൾ നാശത്തിന്റെ പടുകുഴിയിലേക്കു വീണുപോയ രാജ്യമാണ് ജപ്പാൻ. എന്നാൽ ഇന്ന് ആ രാജ്യം സമ്പന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഉയർന്നതിനു പിന്നിൽ ദീർഘദർശിത്വമുള്ള മഹാപ്രതിഭകളുടെ നേതൃത്വവും കഠിനാധ്വാനം ചെയ്യാൻ മനോഭാവമുള്ള ജനതയുമായിരുന്നു. 

പരമ്പരാഗത ബിസിനസ് കുടുംബത്തിലാണ് അക്കിയോ മോറിത ജനിച്ചത്. അരിയിൽ നിന്നും ജപ്പാന്‍കാരുടെ ഇഷ്ട മദ്യമായ ‘സാക്കേ’ ഉൽപാദിപ്പിക്കുന്ന കുടുംബ ബിസിനസ് ഏറ്റെടുത്ത് നടത്താൻ മോറിത ആഗ്രഹിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ താൽപര്യം പഠനത്തിലായിരുന്നു. ഗണിതത്തിലും ഊർജതന്ത്രത്തിലും തൽപരനായിരുന്ന മോറിത 1944 ൽ ഒസാക്കാ ഇംപീരിയൽ സർവകലാശാലയിൽ നിന്നും സയൻസിൽ ബിരുദമെടുത്തു.  സ്വന്തമായി ആദ്യം തുടങ്ങിയ ബിസിനസ് അമ്പേ പരാജയമായിരുന്നു. റൈസ് കുക്കർ നിർമാണമായിരുന്നു ആദ്യ സംരംഭം. പിന്നീട് 1946 ൽ തന്റെ 25–ാം വയസി‍ൽ സുഹൃത്തായിരുന്ന മസാറു ഇമ്പൂക്കയുടെ ടോക്കിയോ സുഷിൻ കോഗ്‌യോ എന്ന കമ്പനിയിൽ പങ്കാളിയായി. ഈ കമ്പനിയാണ് പിന്നീട് ലോകത്തെ പ്രമുഖ ഇലക്ട്രോണിക് ഉൽപന്ന കമ്പനി ‘സോണി’ ആയി വളർന്നത്. 

ടേപ്പ് റെക്കോർഡർ, റേഡിയോ, ട്രാൻസിസ്റ്റർ ടെലിവിഷൻ, വാക്ക്മാൻ എന്നിങ്ങനെ ‘സോണി’ പുറത്തിറക്കിയ ഓരോ ഉൽപന്നവും മേൻമയുടെ കാര്യത്തിൽ ലോകോത്തര നിലവാരം പുലർത്തുന്നവ ആയിരുന്നു. ക്രമേണ അമേരിക്കൻ വിപണിയും ലോക വിപണിയും കീഴടക്കാന്‍ ‘സോണി’ക്ക്  കഴിഞ്ഞത് മികവുറ്റ ഉൽപന്നങ്ങൾ എന്ന പേരെടുക്കാൻ കഴിഞ്ഞതിനാലാണ്. ക്വാളിറ്റി ഉറപ്പു വരുത്തുന്ന  ഉൽപന്നങ്ങൾ വിപണിയിലിറക്കാൻ മറ്റ് ജപ്പാൻ കമ്പനികൾക്കും പ്രചോദനമായത് മോറിതയുടെ നിലപാടുകളാണ്.  അക്കിയോ മോറിതയിലൂടെ ലോക വിപണിയിൽ ഒരു പുതിയ ഉൽപന്ന സംസ്കാരം ഉടലെടുത്തു. ജപ്പാനിൽ നിർമിക്കുന്നതെന്തും ലോകത്ത് മികച്ചവയാണ് എന്ന വിശ്വാസം ലോകമെമ്പാടും പ്രചരിച്ചു. അങ്ങനെയാണ് ‘‘മെയ്ഡ് ഇൻ ജപ്പാൻ’’ എന്ന സ്റ്റിക്കർ നോക്കി ആളുകൾ ഉൽപന്നങ്ങൾ വാങ്ങാൻ ആരംഭിച്ചത്.

മോറിതയുടെ അഭിപ്രായത്തിൽ ജിജ്ഞാസയിൽ നിന്നുമാണ് പുത്തൻ ആശയങ്ങൾ ഉടലെടുക്കുന്നത്. പുതിയ ആശയങ്ങളെ ലോകം സ്വീകരിക്കുമോ എന്ന ഭീതി കൂടാതെ തന്റേടത്തോടെ അവതരിപ്പിക്കാൻ കഴിഞ്ഞതാണ് മോറിതയുടെ വിജയത്തിന്റെ അടിസ്ഥാനം. പോക്കറ്റ് റേഡിയോ ആദ്യമായി അവതരിപ്പിച്ചപ്പോൾ തന്റെ സഹജീവനക്കാരുടെ പോക്കറ്റിന്റെ വലുപ്പം കൂട്ടി റേഡിയോ വച്ചുകൊണ്ടാണ് അത് അവതരിപ്പിച്ചത്. കാരണം ജപ്പാൻകാർ അന്നുവരെ ഉപയോഗിച്ചിരുന്ന പോക്കറ്റുകളിൽ കൊള്ളാവുന്ന വലുപ്പം ആയിരുന്നില്ല സോണിയുടെ റേഡിയോയ്ക്ക്. പിന്നീട് വലിയ പോക്കറ്റുകളുണ്ടാക്കുന്ന ശീലം ജപ്പാൻകാർക്കുണ്ടായി. 

വാക്ക്മാൻ എന്ന പുതിയ ഉൽപന്നം അവതരിപ്പിക്കുന്നതിനു മുൻപ് അതു വിജയിക്കാൻ സാധ്യതയില്ലാത്തതാണ് എന്ന് ഏവരും പറഞ്ഞെങ്കിലും  തന്റെ സൃഷ്ടിപരമായ പുതിയ മാറ്റത്തെ ലോകം സ്വീകരിക്കും എന്നു വിശ്വസിച്ച മോറിത ‘വാക്ക്മാൻ’ പുറത്തിറക്കുകയും 33 കോടി യൂണിറ്റുകൾ വിറ്റുകൊണ്ട് ചരിത്രം സൃഷ്ടിക്കുകയും ചെയ്തു. ‘സോനസ്’ എന്ന ലാറ്റിൻ വാക്കിൽ നിന്നുമാണ് ‘സോണി’ എന്ന പേരുണ്ടാകുന്നത്. സോനസ് എന്നാൽ ശബ്ദം എന്നാണ്. മോറിതയുടെ സോണിയും സോണിയുടെ ശബ്ദവും ഇന്നും ലോകമെമ്പാടും പ്രചരിച്ചുകൊണ്ടിരിക്കുന്നു.