രക്തം സ്വീകരിച്ചതിലൂടെ എയ്ഡ്സ് രോഗിയായി; പക്ഷേ, ആഷെ തളർന്നില്ല

എന്തെങ്കിലുമൊക്കെ നേടിയെടുക്കുന്നത് മാത്രമല്ല വിജയം. ലക്ഷ്യത്തിലേക്കുള്ള യാത്രയും വിജയമാണ്. ഫലമെന്തായാലും പരിശ്രമത്തിന് പ്രാധാന്യം കൊടുക്കുക. ഉന്നതമായ വിജയം നേടിയവരുടെ നേട്ടങ്ങൾക്കു പിന്നിലെ പരിശ്രമങ്ങളെയാണ് നാം നോക്കിക്കാണേണ്ടത്. ചരിത്രനേട്ടങ്ങളിലൂടെ ശ്രദ്ധേയനായ ടെന്നീസ് താരം ആർതർ ആഷെയുടെ അഭിപ്രായത്തിൽ ഫലത്തെക്കുറിച്ച് വേവലാതിപ്പെടാതെ ഉദ്യമങ്ങളെ ആസ്വദിക്കുന്നവരാണ് യഥാർത്ഥ വിജയികൾ. ‘വിജയം ഒരു യാത്രയാണ്’ എന്ന ലോകോത്തര ഉദ്ധരണി ആർതർ ആഷെയുടേതാണ്.

കഴിഞ്ഞ നൂറ്റാണ്ടിൽ ലോകത്തെ പ്രചോദിപ്പിച്ച കായികതാരങ്ങളിൽ പ്രമുഖ സ്ഥാനമാണ് ആർതർ ആഷെക്കുള്ളത്. ഒരു ടെന്നീസ് ഇതിഹാസം എന്നതിനെക്കാളുപരി അദ്ദേഹം നേതൃത്വം നൽകിയ സന്നദ്ധ പ്രവർത്തനങ്ങളും വ്യക്തിജീവിതത്തിൽ പുലർത്തിയ മാന്യതയും മാതൃകാപരമാണ്. ലോകോത്തര വിജയങ്ങൾ ആസ്വദിച്ച ആഷെ ദുരിതങ്ങളുടെ വേദനകളും അനുഭവിച്ചിട്ടുണ്ട്. എന്നാൽ ഏതു സാഹചര്യത്തെയും പോസിറ്റീവായി നോക്കിക്കാണാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

ആർതർ ആഷെ

അമേരിക്കയിൽ വർണവിവേചനം കൊടികുത്തി വാഴുന്ന കാലത്താണ് ആർതർ ആഷെ ജനിക്കുന്നത്. 1943 ജൂലൈ പത്തിന് വിർജീനിയയിൽ ജനിച്ച ആഷെയുടെ മാതാവ് അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോൾ മരണമടഞ്ഞു. കറുത്ത വർഗ്ഗക്കാർ മാത്രം കായിക വിനോദങ്ങളിൽ ഏർപ്പെടുന്ന ബ്രൂക്ക്ഫീൽഡിലെ ഒരു ജോലിക്കാരനായിരുന്നു അച്ഛൻ. ചെറുപ്പം മുതൽ ടെന്നീസ് കളിച്ചുതുടങ്ങിയ ആഷെയുടെ പ്രതിഭ കണ്ടെത്തിയ ഡോക്ടർ വാൾട്ടർ ജോൺസൺ എന്ന കോച്ചാണ് അദ്ദേഹത്തിന് ഒരു ജേതാവാകാൻ ആവശ്യമായ പരിശീലനം നൽകിയത്.

ഏതൊരു ടെന്നീസ് കളിക്കാരന്റെയും സ്വപ്നമായ ഗ്രാൻഡ്സ്ലാം സിംഗിൾ കിരീടം മൂന്നു തവണയാണ് ആഷെ നേടിയത്. 1968 ൽ അമേരിക്കൻ ഓപ്പണും 1970 ൽ ഓസ്ട്രേലിയൻ ഓപ്പണും 1975ൽ വിംബിൾഡണും നേടിയ ആഷെ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആഫ്രോ അമേരിക്കൻ വംശജനാണ്. 1980 ൽ ഹൃദയശസ്ത്രക്രിയക്ക് വിധേയനായ ആഷെ പിന്നീട് എഴുത്തിലേക്കും മനുഷ്യാവകാശ പ്രവർത്തനങ്ങളിലേക്കും തിരിഞ്ഞു. ശസ്ത്രക്രിയാ വേളയിൽ രക്തം സ്വീകരിച്ചതിലൂടെ ശരീരത്തിൽ പ്രവേശിച്ച എച്ച്ഐവി അദ്ദേഹത്തെ എയ്ഡ്സ് രോഗത്തിന്റെ പിടിയിൽ അമർത്തി. താൻ എയ്ഡ്സ് രോഗിയാണ് എന്നോർത്ത് ആരെയും കുറ്റപ്പെടുത്താനോ പരിതപിക്കാനോ പോകാതെ അദ്ദേഹം കർമ്മമേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.

‘‘എനിക്ക് ധാരാളം നന്മകൾ ഉണ്ടായപ്പോൾ ഞാൻ ഒരിക്കലും ദൈവത്തോട് ചോദിച്ചിട്ടില്ല എന്തിന് ഇതൊക്കെ എനിക്ക് നൽകി എന്ന്. അതുപോലെതന്നെ ദുരന്തങ്ങൾ ഉണ്ടാവുമ്പോഴും ഞാൻ ദൈവത്തോട് ചോദിക്കുന്നില്ല ഇതൊക്കെ എനിക്ക് എന്തിന് നൽകി എന്ന്’’. ഏതു സാഹചര്യങ്ങളെയും പോസിറ്റീവായി കണ്ട ആർതർ ആഷെയുടെ വാക്കുകളാണിത്. 1993 ഫെബ്രുവരി ആറിന് അന്തരിച്ച ആഷെയുടെ പേരിലാണ് യുഎസ് ഓപ്പൺ നടക്കുന്ന പ്രധാന വേദി ഇന്ന് അറിയപ്പെടുന്നത്. കളിക്കളത്തിലും പുറത്തും മാന്യതയും ഉന്നത മൂല്യങ്ങളും പുലർത്തിയിരുന്ന ആഷെ എക്കാലത്തും ഏവരെയും പ്രചോദിപ്പിക്കുന്ന സവിശേഷ വ്യക്തിത്വം തന്നെയാണ്. നാം നേടുന്നതിനെക്കാൾ ഏറെ മറ്റുള്ളവർക്ക് കൊടുക്കാൻ തയ്യാറാകുന്നവരുടെ മഹത്വം എക്കാലവും നിലനിൽക്കും.

Be Positive>>