Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛന്റെ നഷ്ടം സ്വന്തമാക്കിയ മകൻ

മോൻസി വർഗീസ്
canoeist Representative Image

1924 ൽ പാരീസിൽ നടന്ന ഒളിംപിക്സിലാണ് കനോയിങ് (ബോട്ട് തുഴച്ചിൽ) എന്ന ഇനം കൂടി ചേർത്തത്. ഈ മൽസര വിഭാഗത്തിലെ ഏറ്റവും മികച്ച ടീം അമേരിക്കയുടേതായിരുന്നു. അമേരിക്കയുടെ നാലംഗ ടീമിൽ ഒരാളായിരുന്ന ബിൽ ഹാവൻസ് വർഷങ്ങളായി ഒളിംപിക് മെഡൽ സ്വപ്നം കണ്ട് പ്രയത്നിക്കുന്ന വ്യക്തിയും. ഒളിംപിക് മൽസരം നടക്കേണ്ട അതേ സമയംതന്നെയാണ് ഗർഭിണി ആയിരുന്ന അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രസവ സമയമായി ഡോക്ടർമാർ കണക്കാക്കിയത്.

ആദ്യത്തെ കുഞ്ഞ് ഭൂമിയിലേക്ക് എത്തുമ്പോൾ സ്വീകരിക്കുവാനും പ്രിയതമയ്ക്ക് വൈകാരികമായ പിന്തുണ നൽകാനും തന്റെ സാന്നിധ്യം വേണമല്ലോ എന്ന ചിന്ത ഹാവനെ ആകുലപ്പെടുത്തി. വർഷങ്ങളായി മനസിലേറ്റി നടന്ന ഒളിംപിക് മെഡൽ വേണോ അതോ തന്റെ ജീവിതത്തിലെ സുപ്രധാന ദിനം കുടുംബത്തോടൊപ്പം നിൽക്കണോ? അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. കുടുംബത്തോടൊപ്പം നിൽക്കാൻ തന്നെ. ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും പോലും ആഗ്രഹം അദ്ദേഹം ഒളിംപിക്സിൽ പങ്കെടുക്കണം എന്നായിരുന്നു. ഹാവൻസ് ടീമിൽ നിന്നും പിന്മാറി. കനോയിങ് മൽസരത്തിലെ സ്വർണ മെഡൽ അമേരിക്കൻ ടീം കരസ്ഥമാക്കി. 

ടീം അമേരിക്കയിൽ തിരിച്ചെത്തിയതിനു ശേഷമാണ് ഹാവൻസിന്റെ ഭാര്യ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ഹാവൻസിന് വേണമെങ്കിൽ ഒളിംപിക്സിൽ പങ്കെടുക്കാമായിരുന്നു എന്നു പലരും കുറ്റപ്പെടുത്തി. എന്നാൽ തനിക്ക് ഒരു കുറ്റബോധവും തോന്നുന്നില്ല എന്നായിരുന്നു ഹാവൻസിന്റെ പ്രതികരണം.

ചിലപ്പോൾ നാം ജീവിതത്തിൽ ഏറ്റവുമധികം മൂല്യം കൊടുക്കുന്ന കാര്യങ്ങൾക്കായി നിലപാടുകൾ എടുക്കുമ്പോൾ മറ്റു ചില നേട്ടങ്ങൾ വേണ്ടെന്നു വയ്ക്കേണ്ടതായി വരും. പണത്തെയും പ്രശസ്തിയേക്കാളുമേറെ കുടുംബബന്ധത്തിനു മൂല്യം കൽപിച്ചതിനാലാണ് ഹാവൻസ് തനിക്കു ലഭിക്കാമായിരുന്ന വലിയൊരു നേട്ടം ഉപേക്ഷിച്ചത്.

ഈ കഥയ്ക്ക് ഒരു അനുബന്ധമുണ്ട്. താൻ കാത്തിരുന്ന കുഞ്ഞിന് ഫ്രാങ്ക് എന്ന പേരു നൽകി. ഇരുപത്തിയെട്ടു വർഷങ്ങൾക്കു ശേഷം1952 ൽ ഫിൻലാൻഡിലെ ഹെൽസിങ്കി ഒളിംപിക് വേദിയിൽ നിന്നും ബിൽ ഹാവനെ തേടി ഒരു ടെലിഗ്രാം എത്തി. മകൻ ഫ്രാങ്ക് ഹാവൻ അയച്ച ടെലിഗ്രാം. ‘‘ഞാൻ അത് നേടിയെടുത്തു. എന്റെ ജനനത്തിനായി അച്ഛൻ വേണ്ടെന്നു വച്ച ഒളിംപിക് സ്വർണ മെഡൽ ഞാനിതാ നേടിയിരിക്കുന്നു.’’ പതിനായിരം മീറ്റർ കനോയിങ് സിംഗിൾ ഇനത്തിൽ സ്വർണം നേടിയത് ഫ്രാങ്ക് ഹാവൻ ആയിരുന്നു. അതൊരു റിക്കാർഡ് കൂടിയാണ്. കനോയിങ്ങിൽ വ്യക്തിഗത ഇനത്തിൽ ഒരു അമേരിക്കക്കാരനും പിന്നീട് സ്വർണം നേടിയിട്ടില്ല.

ജീവിതത്തിലുണ്ടാകുന്ന നഷ്ടങ്ങൾ മറ്റു ചില നേട്ടങ്ങൾക്കു വഴിയൊരുക്കും. തന്റെ പിതാവിനു നഷ്ടമായ നേട്ടം സ്വായത്തമാക്കണമെന്ന വാശിയോടെ ചെറുപ്പം മുതൽ പരിശ്രമിച്ചതാണ് ഫ്രാങ്കിന്റെ വിജയത്തിന് അടിസ്ഥാനം. അതിനിടെ 1948 ലെ ലണ്ടൻ ഒളിംപിക്സിൽ മൽസരിച്ചെങ്കിലും വെള്ളികൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു. സ്വർണംതന്നെ നേടുമെന്ന വാശിയോടെ മൽസരിച്ച ഫ്രാങ്ക് എട്ടു സെക്കൻഡിന്റെ വ്യത്യാസത്തിലാണ് സ്വർണ മെഡൽ കരസ്ഥമാക്കിയത്.

Be Positive>>