Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രശ്നങ്ങളെ പ്രചോദനമാക്കിയ റൗളിങ്

മോൻസി വർഗീസ്
J-K-Rowling

ഒരു ഗ്രന്ഥം പുറത്തിറങ്ങി മണിക്കൂറുകൾക്കകം ഒരു കോടി പത്തു ലക്ഷം പ്രതികൾ വിറ്റഴിയുക, അതേ ഗ്രന്ഥം 65 ഭാഷകളിലേക്കു വിവർത്തനം ചെയ്യുക. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുസ്തക പ്രസാധനത്തിലെ അത്യപൂർവ നേട്ടങ്ങൾ ജെ.കെ. റൗളിങ്ങിനും അവരുടെ കൃതിയായ ഹാരി പോട്ടർക്കും സ്വന്തം. ഉന്നതമായ വിജയങ്ങൾ നേടുന്നതിനു മുൻപ് റൗളിങ് അതിജീവിച്ച പ്രതിസന്ധികളാണ് ഈ വിജയം കൂടുതൽ മഹത്തരമാക്കുന്നത്.

വിപണനമൂല്യമില്ല എന്ന കാരണം പറഞ്ഞു പന്ത്രണ്ടു പ്രസാധകരാണു ഹാരി പോട്ടറെ തിരസ്കരിച്ചത്. അവസാനം ലണ്ടനിലെ പ്രസാധകരായ ബ്ലൂംസ്ബെറി പ്രസിദ്ധീകരിക്കാൻ തയാറാവാൻ കാരണം ഒരു എട്ടു വയസ്സുകാരിയാണ്. ചെയർമാന്റെ എട്ടു വയസ്സുകാരി പുത്രി ആലീസ് ന്യൂട്ടൺ ഹാരി പോട്ടറിന്റെ ആദ്യത്തെ അധ്യായം വായിച്ചു നടത്തിയ വിലയിരുത്തലും തുടർന്നുള്ള അധ്യായങ്ങൾ വായിക്കാൻ കാണിച്ച ആവേശവുമാണു കുട്ടികൾ ഈ രചന സ്വീകരിക്കും എന്നുറപ്പിക്കാൻ കാരണമായത്. ഹാരി പോട്ടർ സീരീസിലെ ആദ്യ ഗ്രന്ഥം 1997ൽ പുറത്തിറങ്ങി. 1000 പ്രതികൾ മാത്രം. അവിടെനിന്നും റൗളിങ് ഒരു ജൈത്രയാത്രയ്ക്കു തുടക്കംകുറിക്കുകയായിരുന്നു. ഏഴു സീരീസുകളിലായി ഇതിനോടകം 45 കോടി പ്രതികളാണു വിറ്റഴിഞ്ഞിട്ടുള്ളത്. ഹാരി പോട്ടർ സിനിമകളും വൻ വിജയമായി.

1990 ൽ മാഞ്ചസ്റ്ററിൽ നിന്നും ലണ്ടനിലേക്കുള്ള ഒരു ട്രെയിൻ യാത്രയ്ക്കിടയിലാണ് ഹാരി പോട്ടർ എന്ന കഥാപാത്രം റൗളിങ്ങിന്റെ മനസ്സിൽ രൂപപ്പെടുന്നത്. നാലു മണിക്കൂർ വൈകി ഓടിയ ട്രെയിനിലിരുന്നു രൂപപ്പെടുത്തിയ ആശയം ഒരു കടലാസിലേക്ക് പകർത്താൻ അവരുടെ കൈവശം പേന ഇല്ലായിരുന്നു.

സ്വതവേ അന്തർമുഖ ആയ റൗളിങ്ങിന് മറ്റൊരാളോട് പേന ചോദിക്കാൻ പോലും ജാള്യം ആയിരുന്നു. രോഗബാധിത ആയിരുന്ന അമ്മയുടെ മരണം റൗളിങ്ങിന് ഒരു ആഘാതമായി. പിന്നീട് പോർച്ചുഗലിൽ  ഇംഗ്ലിഷ് അധ്യാപികയായിരിക്കെ നടന്ന വിവാഹം അസ്വസ്ഥതകൾ നിറഞ്ഞതായിരുന്നു. രണ്ടു വർഷമേ വിവാഹബന്ധം നീണ്ടുനിന്നുള്ളൂ. ആ ബന്ധത്തിലുണ്ടായ കൈക്കുഞ്ഞുമായി ഇംഗ്ലണ്ടിൽ തിരിച്ചെത്തിയ റൗളിങ് തന്റെ രചനകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തന്റെ വൈഷമ്യങ്ങളിൽ നിന്നുമുള്ള ഒരു മോചനമായി അവർ ‘ഹാരി പോട്ടർ’ എന്ന നോവൽ രചനയെ കണ്ടു.

പുസ്തക രചനയിലൂടെയും സിനിമയിലൂടെയും സഹസ്രകോടികൾ സമ്പാദിച്ച റൗളിങ്ങിനെ തേടി നിരവധി പുരസ്കാരങ്ങളുമെത്തി. സമ്പത്തിൽ നല്ലൊരു വിഹിതം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങള്‍ക്കായി വിനിയോഗിക്കുന്നു. തന്നെ മറ്റുള്ളവർ അംഗീകരിക്കുമോ എന്ന ചിന്ത ഒരുകാലത്ത് അവരെ വല്ലാതെ അലട്ടിയിരുന്നു.  എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാൻ തന്റെ സർവ ഊർജവും സർഗസൃഷ്ടിയിലേക്ക് കേന്ദ്രീകരിക്കാനായതു വിജയത്തിലേക്ക് വഴിത്താര ഒരുക്കാൻ കാരണമായി. ഹാരി പോട്ടർ സീരീസ് കൂടാതെ അഞ്ച് നോവലുകളും അവർ രചിച്ചിട്ടുണ്ട്. ചെറുപ്പകാലത്തു വളർത്തിയെടുത്ത ആഴത്തിലുള്ള വായനാശീലവും  മാതാപിതാക്കളുടെ പ്രോൽസാഹനവുമായിരുന്നു  തന്റെ വിജയത്തിനു അടിസ്ഥാനമിട്ടത് എന്നു റൗളിങ് സാക്ഷ്യപ്പെടുത്തുന്നു. കഴിവുകളെ ഏതെങ്കിലും ഒരു മേഖലയിൽ കേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ ഒരിക്കൽ വിജയം നേടാനാവും എന്നു റൗളിങ്ങിന്റെ ജീവിതം തെളിയിക്കുന്നു.

Be Positive>>