റാണിയാണവൾ കട്‌വെയിലെ

പരിമിതമായ ജീവിതസാഹചര്യം എന്ന് വിശേഷിപ്പിച്ചാൽ പോര ഫിയോണ മുട്ടേസി (Phiona Mutesi) ജനിച്ചു വളർന്ന പശ്ചാത്തലത്തെ. അത്രയേറെ പരിതാപകരവും ശോചനീയവുമായ ചുറ്റുപാടിലാണ് അവൾ ജീവിച്ചിരുന്നത്. എന്നാൽ ഇന്നവൾ ഉഗാണ്ട എന്ന കിഴക്കൻ ആഫ്രിക്കൻ രാജ്യത്തെ ഹീറോ ആണ്. ‘കട്‌വെയിലെ റാണി’ എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ പോലും അവളെ വിശേഷിപ്പിക്കുന്നത്. അവളുടെ ജീവിതം മാറ്റിമറിച്ചത് ചതുരംഗ പലകയും പിന്നെ അവൾ ദൈവത്തെപ്പോലെ കാണുന്ന റോബർട്ട് കട്ടൻഡെ എന്ന മനുഷ്യനും.

ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിലെ എട്ട് ചേരിപ്രദേശങ്ങളിൽ ഏറ്റവും വലുതാണ് കട്‌വെ (Katwe). കഠിന ദാരിദ്ര്യവും, രോഗങ്ങളും കുറ്റകൃത്യങ്ങളും എല്ലാം കലർന്ന ഒരു പ്രദേശം. താമസയോഗ്യമായ ഒരു വീടുപോലും ആ പ്രദേശത്തില്ല. വിദ്യാഭ്യാസം നേടാനോ അതിലൂടെ വളരാനോ ഉള്ള സാഹചര്യം അവിടെയുള്ളവർക്കില്ല. ഈ ചേരിയിലാണ് 1996 ൽ ഫിയോണ മുട്ടേസി ജനിക്കുന്നത്. മൂന്ന് വയസ് പ്രായമുള്ളപ്പോൾ പിതാവ് എയ്ഡ്സ് ബാധിതനായി മരണപ്പെട്ടു. ഏതാനും മാസങ്ങൾക്കുള്ളിൽ മൂത്ത സഹോദരി ജൂലിയയും അജ്ഞാത രോഗം പിടിപെട്ടു മരിച്ചു. മാതാവും രണ്ട് സഹോദരങ്ങളും അടങ്ങുന്ന കുടുംബം വഴിയോരത്ത് കച്ചവടം ചെയ്തു കിട്ടുന്ന പരിമിതമായ വരുമാനത്തിലാണ് കഴിഞ്ഞിരുന്നത്. എട്ടാമത്തെ വയസ്സിൽ ഫിയോണയ്ക്ക് മലേറിയ പിടിപെട്ടെങ്കിലും അദ്ഭുതകരമായി രക്ഷപ്പെട്ടു.

ചേരിപ്രദേശത്തെ കുട്ടികളുടെ ബൗദ്ധികമായ വളർച്ചയ്ക്കായി റോബർട്ട് കട്ടൻഡെ എന്ന സാമൂഹിക പ്രവർത്തകൻ തുടങ്ങിയ ചെസ്സ് പരിശീലന കളരിയിൽ എത്തിയതു മുതലാണ് ഫിയോണയുടെ ജീവിതത്തിൽ വിജയത്തിലേക്കുള്ള വഴിത്താര തുറക്കുന്നത്. കട്ടൻഡെയുടെ പരിശീലനത്തിലൂടെ ചെസ്സിൽ സമർത്ഥയായ ഫിയോണ മൂന്നു തവണ ഉഗാണ്ടയിലെ ജൂനിയർ വനിതാ ചെസ്സ് ചാംപ്യനായി. രാജ്യത്തെ പ്രതിനിധീകരിച്ച് ചെസ്സ് ഒളിംപ്യാഡിൽ പങ്കെടുക്കാൻ യോഗ്യത നേടി. നാലു തവണ അന്താരാഷ്ട്ര ചെസ്സ്  മൽസരങ്ങളിൽ പങ്കെടുത്ത അവളെ അന്താരാഷ്ട്ര മാധ്യമങ്ങൾ വാനോളം പുകഴ്ത്തി. ഏറ്റവും ശോചനീയമായ ജീവിത സാഹചര്യത്തിൽ നിന്നും പ്രൈമറി വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്ത ഒരു പെൺകുട്ടി ചെസ്സ് ഒളിംപ്യാഡിൽ നടത്തിയ പ്രകടനങ്ങൾ അദ്ഭുതകരമായിരുന്നു. 2012ൽ ഫിയോണയുടെ ജീവിതകഥ ആസ്പദമാക്കി ടിം ക്രോത്തേഴ്സ് എഴുതിയ ‘ക്വീൻ ഓഫ് കട്‌വെ’ (Queen of Katwe) എന്ന ഗ്രന്ഥം ലോക ശ്രദ്ധ നേടി.

വാൾട്ട് ഡിസ്നി പിക്ചേഴ്സ് 2016ൽ ഫിയോണയുടെ ജീവിതം ‘ക്വീൻ ഓഫ് കട്‌വെ’ എന്ന പേരിൽ തന്നെ സിനിമയാക്കി. മീരാ നായർ ആയിരുന്നു സംവിധായിക. പതിനാലാമത്തെ വയസിൽ പ്രത്യേക അനുമതിയോടെ പ്രൈമറി പരീക്ഷ എഴുതി പാസായ ഫിയോണയ്ക്ക് പിന്നീട് പഠിക്കാനുള്ള അവസരം ലഭിച്ചു. ലഭ്യമായ അവസരങ്ങളെ ഫലപ്രദമായി ഉപയോഗിച്ച അവൾ വാഷിങ്ടണിലെ നോർത്ത് വെസ്റ്റ് സർവകലാശാലയുടെ സ്കോളർഷിപ്പോടെ 2017 മുതൽ അവിടെ പഠിക്കുന്നു. മുന്നൂറിലേറെ കുട്ടികൾക്ക് ചെസ്സ് പരിശീലനം നൽകിക്കൊണ്ട് ഒരു പ്രദേശത്തിന്റെയാകെ പരിവർത്തനത്തിനായി റോബർട്ട് കട്ടൻഡെ എന്ന കോച്ച് ഇന്നും പ്രവർത്തിക്കുന്നു. അവസരങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിഞ്ഞാൽ ഏതൊരാൾക്കും ജീവിതത്തിൽ പോസിറ്റീവായ മാറ്റം വരുത്താനാവും എന്ന് ഫിയോണയുടെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നു.

Be Positive>>