ഐൻസ്റ്റിൻ ജീനിയസ് എന്ന് വിശേഷിപ്പിച്ച ടെസ്‌ല

ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച ജീനിയസായി വിശേഷിപ്പിക്കുന്നത്, ആൽബർട്ട് ഐൻസ്റ്റിനെയാണ്. ഐൻസ്റ്റിന്റെ അസാധാരണമായ ബുദ്ധിവൈഭവം അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളിലൂടെ ലോകം തിരിച്ചറിഞ്ഞതാണ്. എന്നാൽ തന്നെ ജീനിയസ് എന്ന് വിശേഷിപ്പിക്കുന്നവരോടൊക്കെ ഐൻസ്റ്റിൻ പറയുമായിരുന്നു ആ ബഹുമതിക്ക് ഏറ്റവും യോഗ്യനായി ഒരാൾ മാത്രമേയുള്ളൂ. അത് നിക്കോളാ ടെസ്‌ല ആണെന്ന്. ആധുനിക ലോകത്തിന്റെ ശിൽപ്പി എന്ന് വിശേഷിപ്പിക്കുന്ന നിക്കോളാ ടെസ്‌ലയുടെ കണ്ടെത്തലുകൾ ഇല്ലായിരുന്നുവെങ്കിൽ ലോകം ഇന്നും ബഹുദശകം പിന്നോട്ടടിക്കുമായിരുന്നു. അതിബുദ്ധിമാനായ ശാസ്ത്രജ്ഞൻ എന്നതിലുപരി മാനവരാശിക്കായി സ്വാർത്ഥലാഭം കൂടാതെ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ ആദരണീയനാക്കുന്നു.

നിക്കോളാ ടെസ്‌ലയും തോമസ് ആൽവാ എഡിസണും സമകാലീകരായിരുന്ന പ്രതിഭകളാണ്. ഇരുവരുടെയും കണ്ടുപിടിത്തങ്ങൾ ലോകത്തിന്റെ വേഗം കൂട്ടി. അമേരിക്കയെ ഒരു വ്യാവസായിക രാഷ്ട്രമാക്കി മാറ്റുവാനാവശ്യമായ അടിസ്ഥാനമിട്ടത് എഡിസന്റെ ഡയറക്ട് കറന്റും ടെസ്‌ലയുടെ ആൾട്ടർനേറ്റിങ് കറന്റുമാണ്. വൈദ്യുതിയുടെ വ്യാവസായിക ഉൽപാദനത്തോടെയാണ് മറ്റൊരു വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിക്കുന്നത്. കച്ചവട താൽപര്യമില്ലാതെ തന്റെ കണ്ടെത്തലുകളെ ജനോപകാരപ്രദമായ പദ്ധതികളാക്കിയതാണ് ടെസ്‌ലയെ എഡിസനിൽ നിന്നും വ്യത്യസ്തനാക്കുന്നത്.

1856 ജൂലൈ 10ന് ഇന്നത്തെ ക്രൊയേഷ്യയിൽ ഉൾപ്പെടുന്ന സ്മിൽജാൻ ഗ്ര‌ാമത്തിൽ ജനിച്ച ടെസ്‌ല ചെറുപ്പം മുതൽ സ്വപ്നം കാണുന്ന സ്വഭാവക്കാരനായിരുന്നു. അതിസങ്കീർണ്ണമായ ശാസ്ത്ര വിഷയങ്ങളെ ഭാവനയിലൂടെ സൃഷ്ടിച്ചിരുന്ന ടെസ്‌ലയുടെ അസാമാന്യമായ ചിന്താശേഷിയിലൂടെയാണ് കാലാതീതമായ കണ്ടെത്തലുകൾ ഉണ്ടായത്. ഇലക്ട്രിക് മോട്ടോറും, ജനറേറ്ററും, റേഡിയോ തരംഗങ്ങളും, വയർലെസ് ആശയവിനിമയ രീതികളും പ്രകാശത്തിന്റെ അതിസൂക്ഷ്മ തലങ്ങളുമൊക്കെ അദ്ദേഹം ഭാവനയിലാണ് ആദ്യം കണ്ടത്. പിന്നീട് അവയൊക്കെ യാഥാർത്ഥ്യമായി.

‘ലോകത്തെ പ്രകാശിപ്പിച്ച ആൾ’ എന്ന വിശേഷണമുള്ള ടെസ്‌ല 1884 ൽ അമേരിക്കയിൽ എത്തി. എഡിസന്റെ സഹായിയായി പ്രവർത്തിക്കുമ്പോൾ വൈദ്യുതോൽപാദനവും വിതരണവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തി. ടെസ്‌ലയുടെ കണ്ടെത്തലുകളുടെയൊക്കെ ഗുണം അനുഭവിച്ചത് എഡിസണായിരുന്നു. അർഹമായിരുന്ന പ്രതിഫലം പോലും ലഭിക്കാതെ എഡിസനോട് പിരിഞ്ഞ ടെസ്‌ല ആൾട്ടർനേറ്റിങ്ങ് കറന്റിൽ (AC) തന്റെ ഗവേഷണം തുടർന്നു. വ്യവസായിയായ ജോർജ് വെസ്റ്റിങ് ഹൗസിനൊപ്പം ചേർന്ന് നയാഗ്രാ വെള്ളച്ചാട്ടത്തിൽ നിന്നും വൈദ്യുതി ഉൽപാദിപ്പിച്ചു തുടങ്ങിയത് ലോക ചരിത്രത്തിലെ ഒരു വഴിത്തിരിവായി. നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ശക്തി ഉപയോഗിച്ച് വൈദ്യുതി ഉൽപാദനം നടത്തുന്നത് അമേരിക്കയിലേക്ക് പുറപ്പെടും മുൻപേ ടെസ്‌ല ഭാവനയിൽ കണ്ടിരുന്നു.

എഴുന്നൂറിലേറെ കണ്ടെത്തലുകൾ സ്വന്തം പേരിൽ കുറിച്ച ടെസ്‌ല തന്റെ കണ്ടെത്തലുകളെ പണ സമ്പാദനത്തിനായി വിനിയോഗിച്ചിരുന്നില്ല. റോബോട്ട്സ്, സ്പാർക്ക് പ്ലഗ്, എക്സ് റേ മെഷീൻ, ടർബൈൻ, വയർലെസ് കമ്യൂണിക്കേഷൻ, ലേസർ ടെക്നോളജി, നിയോൺ ലൈറ്റ്, റിമോട്ട് കൺട്രോളർ, റേഡിയോ, റഡാർ ... എന്നിങ്ങനെ നിരവധി സാങ്കേതിക വിദ്യകൾക്കും ഉപകരണങ്ങൾക്കും തുടക്കം കുറിച്ചത് ടെസ്‌ലയുടെ കണ്ടെത്തലുകളിൽ ഊന്നിയാണ്. റേഡിയോ കണ്ടുപിടിച്ചത് ‘മാർക്കോണി’യാണെന്നാണ് അറിയപ്പെടുന്നതെങ്കിലും ടെസ്‌ലയുടെ പതിനേഴ് പേറ്റന്റുകൾ അദ്ദേഹം ഇതിനായി ഉപയോഗിച്ചിരുന്നു. ജീവിതാന്ത്യം വരെ അവിവാഹിതനായി കഴിഞ്ഞ ടെസ്‌ലയുടെ അസാമാന്യ ബുദ്ധിവൈഭവവും കാഴ്ചപ്പാടുകളും മാനവ സമൂഹത്തിന്റെ ഉന്നമനത്തിനായി അദ്ദേഹം വിനിയോഗിച്ചു. തന്റെ വ്യക്തിപരമായ നഷ്ടങ്ങളെ ഗൗനിക്കാതെ അഹോരാത്രം ലക്ഷ്യത്തിനായി പ്രവർത്തിച്ച ടെസ്‌ലയുടെ ജീവിതം ജയപരാജയങ്ങൾ നിറഞ്ഞതായിരുന്നു. ഒരു വൈദ്യുത ബൾബ് പ്രകാശം ചൊരിയുമ്പോൾ ചിന്തിക്കുക ഇതിന് കാരണക്കാരനായത് നിക്കോളാ ടെസ്‌ല എന്ന മഹാപ്രതിഭ ആയിരുന്നെന്ന്.