Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇങ്ങനെയാണ് ഒർട്ടേഗ ധനികനായത്

മോൻസി വർഗീസ്
Amancio-Ortega

സ്പാനിഷ് ജനതയുടെ സ്വകാര്യ അഹങ്കാരമാണ് അമൻസിയോ ഒർട്ടേഗ (Amancio Ortega). സ്പെയിനിലെ ഒരു വിദ്യാർഥിയോട് ഭാവിയിൽ നിങ്ങൾ ആരെപ്പോലെ ആകാൻ ആഗ്രഹിക്കുന്നു എന്ന ചോദ്യത്തിന് അമൻസിയോ ഒർട്ടേഗയെപ്പോലെ എന്നായിരിക്കും ഉത്തരം. സ്പെയിനിൽ അത്രത്തോളം സ്വാധീനമുള്ള വ്യക്തിയാണ് അദ്ദേഹം. സ്വന്തം പ്രയത്നത്താൽ ഒരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായ അദ്ദേഹം എളിമയും ലാളിത്യവും നിറഞ്ഞ ജീവിതശൈലികൊണ്ടും ശ്രദ്ധേയനാണ്.

ഫാഷൻ വസ്ത്ര നിർമാണത്തിലും വിപണനത്തിലും ലോകത്തെ ഒന്നാം നമ്പർ ബ്രാൻഡായ സറ (ZARA) യുടെ സ്ഥാപകനും ഉടമയുമാണ് അമൻസിയോ ഒർട്ടേഗ. തൊണ്ണൂറ്റിയാറ് രാജ്യങ്ങളിലായി 7475 സറ ഷോറൂമുകളാണുള്ളത്. ഫാഷൻ പ്രേമികളുടെ ഇഷ്ട സന്ദർശന കേന്ദ്രമാണ് സറാ ഷോപ്പുകൾ. ഫലപ്രദമായ മാനേജ്മെന്റ് വൈദഗ്ധ്യത്തിലൂടെയും വൈവിധ്യങ്ങളായ ഉൽപന്നങ്ങളുടെ ഗുണമേന്മയിലൂടെയും ഒന്നാം നിര ബ്രാൻഡ് എന്ന ഖ്യാതി അവർ നിലനിർത്തുന്നു.

നാല് സഹോദരങ്ങളിൽ ഇളയവനായി 1936 മാർച്ച് 28നാണ് ഒർട്ടേഗയുടെ ജനനം. കുടുംബത്തിലെ സാമ്പത്തിക പ്രാരബ്ധം മൂലം പതിനാലാമത്തെ വയസ്സിൽ പഠനം ഉപേക്ഷിച്ച് തൊഴിൽ തേടി ഇറങ്ങി. ഗാലാ എന്ന വസ്ത്രനിർമാണശാലയിൽ സഹായിയായി. വസ്ത്രനിർമാണത്തിൽ താൽപര്യം ജനിച്ചതോടെ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാനാരംഭിച്ചു. ഒർട്ടേഗയുടെ ജോലിയിലുള്ള മികവ് മാനേജർ പദവിയിലേക്ക് ഉയർത്താൻ കാരണമായി. 1963ൽ ഭാര്യ റൊസാലിയയുമൊത്ത് സ്വന്തമായി ഒരു ചെറിയ വസ്ത്രനിർമാണ യൂണിറ്റ് ആരംഭിച്ചു. വസ്ത്രങ്ങൾ ഡിസൈൻ ചെയ്തിരുന്നതും തയ്ച്ച് ഉപഭോക്താക്കളിൽ എത്തിച്ചിരുന്നതുമൊക്കെ ഒർട്ടേഗയും ഭാര്യയുമായിരുന്നു. 1975 ലാണ് ആദ്യത്തെ ZARA STORE ഗലീസിയയിൽ തുറക്കുന്നത്. ക്രമേണ ZARA സ്റ്റോറുകൾ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്കും ലോകമെമ്പാടും വളർന്നു.

യൂറോപ്പിലെ ഏറ്റവും വലിയ സമ്പന്നനായി മാറിയപ്പോഴും ആർഭാടങ്ങളിൽ നിന്നും അകന്ന് ലളിതജീവിതം നയിച്ചിരുന്ന ഒർട്ടേഗയുടെ സ്വകാര്യജീവിതമോ ഒരു ഫോട്ടോ പോലുമോ 1999 വരെ മാധ്യമങ്ങൾക്ക് ലഭ്യമായിരുന്നില്ല. അദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരികൾ പബ്ലിക് ഇഷ്യു ചെയ്ത സമയത്താണ് ആദ്യമായി ചിത്രം പ്രസിദ്ധീകരിച്ചത്. അന്തർമുഖരായ ആളുകൾക്ക് ബിസിനസിൽ തിളങ്ങനാകും എന്നതിന് ഉദാഹരണമാണ് പൊതുവേദികളിൽ നിന്നും ആൾക്കൂട്ടങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കുന്ന സ്വഭാവമുള്ള ഒർട്ടേഗയുടെ വിജയം. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവൻ തന്റെ കർമ്മമേഖലയിലായിരുന്നു.

പന്തീരായിരത്തിലേറെ പുത്തൻ ഡിസൈനുകളാണ് ഓരോ വർഷവും ‘സറാ’ സ്റ്റോറുകളിൽ എത്തുന്നത്. പുത്തൻ ട്രെൻഡുകൾക്കനുസൃതമായ വസ്ത്രങ്ങൾ മാത്രമേ സ്റ്റോറുകളിൽ ഉണ്ടാവുകയുള്ളൂ. ഉപഭോക്താക്കളുടെ താൽപര്യമനുസരിച്ചുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുന്നതിൽ മികവ് കാട്ടുന്ന സ്ഥാപനത്തിന്റെ ഉടമ ഒർട്ടേഗയാവട്ടെ എന്നും വെള്ള ഷർട്ടും നീല കോട്ടുമാണ് ധരിക്കുന്നത്. ഒന്നര ലക്ഷത്തോളം ആളുകൾക്ക് പ്രത്യക്ഷമായും പത്ത് ലക്ഷത്തോളം പേർക്ക് പരോക്ഷമായും തൊഴിൽ നൽകുന്ന ‘സറാ’യിലെ ഉൽപന്നങ്ങള്‍ 2020 വർഷത്തോടെ രാസവസ്തു വിമുക്തമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ടെലിവിഷനിലൂടെയോ മറ്റ് മാധ്യമങ്ങളിലൂടെയോ ഇന്നേവരെ ഒരു പരസ്യവും നൽകിയിട്ടില്ലാത്ത ഈ സ്ഥാപനം ലോകത്തെ സുപ്രധാന നഗരങ്ങളിലെ കണ്ണായ സ്ഥലങ്ങളിൽ സ്റ്റോറുകൾ തുറന്നാണ് ജനങ്ങളെ ആകർഷിക്കുന്നത്.

നിലവിൽ യൂറോപ്പിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനായ അമൻസിയ ഒർട്ടേഗ തന്റെ എൺപത്തി രണ്ടാമത്തെ വയസ്സിലും കർമ്മനിരതനാണ്. ‘‘താൻ ചെയ്യേണ്ടത് എന്താണോ അതിൽ താൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു’’. അതാണ് തന്റെ വിജയകാരണമെന്ന് വിശ്വസിക്കുന്ന ഒർട്ടേഗയുടെ ജീവിതം സംരംഭകർക്ക് ഒരു വഴികാട്ടിയും പ്രചോദനവുമാണ്.

Be Positive>>