Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മയോ ക്ലിനിക്കിന്റെ വിജയരഹസ്യം

മോൻസി വർഗീസ്
mayo

ഹൃദയം തുറന്നുള്ള ശസ്ത്രക്രിയകൾക്ക് അവശ്യം വേണ്ട ഒരു ഉപകരണമാണ് ‘ഹാർട്ട് ലംങ് മെഷീൻ’. ജോൺ ഗിബോൺ കണ്ടുപിടിച്ച ഈ ഉപകരണമാണ് ഹൃദയ ശസ്ത്രക്രിയകൾ സാധ്യമാക്കിയത്. ഈ ഉപകരണത്തിന്റെ പോരായ്മകൾ പരിഹരിച്ച് ലോകത്ത് ആദ്യമായി വിജയകരമായി പരീക്ഷിച്ചത് അമേരിക്കയിലെ റോച്ചസ്റ്റർ കേന്ദ്രമായി പ്രവർത്തിക്കുന്ന മയോ ക്ലിനിക്കാണ്. ഇന്ന് വൈദ്യശാസ്ത്രരംഗത്ത് ലോകത്തെവിടെയും ഉപയോഗിക്കുന്ന നിരവധി ഉപകരണങ്ങളും ചികിൽസാ രീതികളും ആദ്യം പ്രായോഗികമാക്കിയത് മയോ ക്ലിനിക്കിലാണ്. അത്രത്തോളം ഉന്നതമായ വൈദ്യശാസ്ത്ര ഗവേഷണ കേന്ദ്രമാണ് നൂറ്റൻപതിലേറെ വർഷങ്ങളുടെ പാരമ്പര്യമുള്ള മയോ ക്ലിനിക്.

ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ വില്യം വോറൽ മയോ ആണ് മയോ ക്ലിനിക്കിന്റെ സ്ഥാപകൻ. 1846ലായിരുന്നു കുടിയേറ്റം. 1850ൽ ഇൻഡ്യാനാ മെഡിക്കൽ കോളജിൽ നിന്നു 1854ൽ മിസ്സോറി സർവകലാശാലയിൽ നിന്നുമായി രണ്ട് മെഡിക്കൽ ബിരുദങ്ങൾ നേടിയ ഡോക്ടർ വില്യം പിന്നീട് ഒൻപത് വർഷക്കാലം വിവിധ ഇടങ്ങളിലായി തൊഴിലെടുത്തു. ലാന്റ് സർവേയർ, റിവർ ബോട്ട് പൈലറ്റ്, ന്യൂസ്പേപ്പർ എഡിറ്റർ എന്നിങ്ങനെ പല തൊഴിലുകൾ ചെയ്തു. 1863ൽ ആഭ്യന്തര യുദ്ധകാലത്ത് സേനയിൽ ഡോക്ടറായി സേവനം ചെയ്യേണ്ടതായിവന്നു. സർജറി വിഭാഗത്തിന്റെ ചുമതലയായിരുന്നു. പലരുടെ സഹായമില്ലാതെ സർജറി സാധ്യമായിരുന്നില്ല. അങ്ങനെയാണ് സന്യാസിനികളായ മരിയ, കാതറിൻ സഹോദരികളെ ചേർത്ത് ഒരു സംഘം രൂപീകരിക്കുന്നത്. സേവന തത്പരരായ ഒരു കൂട്ടം ആളുകളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് മയോ ക്ലിനിക്ക് രൂപീകൃതമാകാൻ കാരണമായത്. സമാന മനസ്കരായ മറ്റ് ഡോക്ടർമാരും അവരോടൊപ്പം ചേർന്നു.

1883ൽ റോച്ചസ്റ്ററിൽ വീശിയടിച്ച ചുഴലിക്കൊടുങ്കാറ്റ് 37 പേരുടെ ജീവനെടുത്തു. ഇരുന്നൂറോളം പേർക്ക് പരിക്ക് പറ്റി. റോച്ചസ്റ്റർ കേന്ദ്രമായി ഒരു ആശുപത്രി ആരംഭിക്കാനുള്ള കാരണം ഈ സംഭവമാണ്. വൈദ്യപഠനം പൂർത്തീകരിച്ച മക്കളായ വില്യമിനെയും ചാർളിയെയും ചേർത്താണ് ആശുപത്രി ആരംഭിച്ചത്. 27 കിടക്കകളുള്ള ആശുപത്രി സെന്റ് മേരീസ് ഹോസ്പിറ്റൽ എന്ന പേരിൽ 1889ൽ തുടങ്ങി. പിന്നീട് മയോ ക്ലിനിക് എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. 1911ൽ അന്തരിക്കുംവരെ ഡോക്ടർ വില്യം വൊറൽ മയോ തന്റെ പൂർണ്ണ സമയവും ചികിൽസയ്ക്കും ഗവേഷണങ്ങൾക്കുമായി വിനിയോഗിച്ചു. നഴ്സിങ്ങിൽ ഒരു പ്രൊഫഷണൽ സമീപനം ഉണ്ടായത് മയോ ക്ലിനിക്കിലൂടെയാണ്. 1919 മുതൽ ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷൻ ആയാണ് മയോ ക്ലിനിക് പ്രവർത്തിക്കുന്നത്.

വൈദ്യശാസ്ത്രത്തിലെ ഏതൊരു വിഭാഗത്തിലും ലോകത്തിലെ ഏറ്റവും മികച്ച ചികിൽസ നൽകുന്ന സ്ഥാപനമായി മയോ ക്ലിനിക്ക് വളർന്നു. ഏറ്റവും മികച്ച ഗവേഷണ കേന്ദ്രമായ ഇവിടെ മൂവായിരത്തോളം ശാസ്ത്രജ്ഞർ പൂർണ്ണസമയ ഗവേഷണത്തിലാണ്. 4500 ഡോക്ടർമാരും ഇതര വിഭാഗങ്ങളിലായി 58,400 പേരും ജോലിയെടുക്കുന്ന മയോ ക്ലിനിക്ക് തുടർച്ചയായി അമേരിക്കയിലെ നമ്പർ വൺ ആതുരാലയം എന്ന ഖ്യാതി നിലനിർത്തുന്നു. ലോകമെമ്പാടുമുള്ള ആശുപത്രികളിൽ നിന്നു റഫർ ചെയ്യുന്ന പതിമൂന്ന് ലക്ഷത്തോളം രോഗികളെയാണ് വർഷംതോറും ചികിൽസിച്ചുകൊണ്ടിരിക്കുന്നത്. സേവന തത്പരരായവരുടെ സംഘബോധത്തോടെയുള്ള പ്രവർത്തനമാണ് ഇവിടെയുള്ളത്. ‘രോഗം വരാതെ ദീർഘായുസോടെ ഇരിക്കാൻ ഉതകുന്നതാവണം ശാസ്ത്രമെന്ന’ വില്യം മയോയുടെ വാക്കുകളെ അർഥവത്താക്കുന്ന രീതിയിലുള്ള ഗവേഷണങ്ങളാണ് മയോ ക്ലിനിക്കിൽ നടക്കുന്നത്.

Be Positive>>

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.