Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൽപന ചാവ്‌ല; അതിരില്ലാത്ത മനക്കരുത്തിന്റെ പേര്

ബി.എസ്. വാരിയർ
Kalpana-Chawla

ഇന്ത്യാ–പാക് വിഭജനകാലത്ത് കാൽക്കാശ് കൈയിലില്ലാതെ പാകിസ്ഥാനിൽ നിന്നോടി നമ്മുടെ കർണാലിലെത്തിയയാളാണ് ബൻസാരിലാൽ ചാവ്‌ല.    ടയർബിസിനസ് ചെയ്ത് പച്ചപിടിച്ചെങ്കിലും ആ യാഥാസ്ഥിതികൻ മടിച്ചുമടിച്ചാണ് ഇളയ മകളെ എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ‌ബിരുദം നേടാനും, തുടർന്ന് അമേരിക്കയിലെ ടെക്സസ്, കൊളറാഡോ–ബോൾഡർ സർവകലാശാലകളിൽ  പഠിച്ച് രണ്ടു മാസ്റ്റർബിരുദങ്ങളും പിഎച്ച്ഡിയും സമ്പാദിക്കാനും അവസരമൊരുക്കിയത്. അവൾ വിമാനം പറത്താനും പഠിച്ചു. ഇഷ്ടപ്പെട്ട മേഖലയിൽ ജോലി ചെയ്തു. പറക്കാൻ പഠിപ്പിച്ച ഫ്രഞ്ച്–അമേരിക്കൻ  ഹാരിസനെ ജീവിതപങ്കാളിയായി വരിച്ചു. യുഎസ് പൗരത്വം സ്വീകരിച്ചു. ലോകത്തിലെ ഏറ്റവും വലിയ ബഹിരാകാശ ഗവേഷണകേന്ദ്രമെന്ന് കീർത്തികേട്ട നാസയിൽ 1995–ൽ നിയമനം സമ്പാദിച്ചു .പഠനഗവേഷണങ്ങൾ നടത്തി. നാസ ‌അസ്ട്രണോട്ട് കോറിലെ അംഗമായി.

സ്ഥിരപരിശ്രമംവഴി അടിവച്ചടിവച്ച് മുന്നേറി. 1997 നവംബറിൽ സ്പേസ് യാത്ര ചെയ്തു. ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശയാത്രികയായ കൽപന ചാവ്‌ലയെപ്പറ്റിയാണ് നാം പറഞ്ഞുവരുന്നത്. 1984–ൽ സ്പേസ് യാത്ര ചെയ്ത രാകേഷ് ശർമ്മ മാത്രമാണ് കൽപനയുടെ ഇന്ത്യൻ മുൻഗാമി. 2003 ജനുവരി 16ന് സ്പേസ് ഷട്ടിൽ കൊളംബിയ എസ്ടിഎസ്–107–ൽ കൽപന രണ്ടാമതും ബഹിരാകാശത്തെത്തി. ആറു സഹപ്രവർത്തകരോടൊത്ത് എൺപതോളം പരീക്ഷണങ്ങൾ നടത്തി. ഫെബ്രുവരി ഒന്നിന് ഭൂമിയിലേക്കുള്ള മടക്കയാത്രയിൽ അന്തരീക്ഷത്തിൽ പ്രവേശിക്കുമ്പോൾ വാഹനം തകർന്നു. 40 വയസ്സുകാരി കൽപനയുൾപ്പെടെ യാത്രികരെല്ലാം കഥാവശേഷരായി. 

പക്ഷേ, പെൺകുട്ടികൾ കടന്നുചെല്ലാതിരുന്ന എയറോനോട്ടിക്കൽ രംഗത്തു പ്രവേശിക്കുന്നതു മുതൽ കൽപന കാഴ്ചവച്ച ധീരത, ദൃഢനിശ്ചയം, പ്രവർത്തനമികവ്, ഏതു വെല്ലുവിളിയെയും നേരിടാനുള്ള മനക്കരുത്ത് എന്നീ ഗുണങ്ങൾ യുവജനങ്ങൾക്ക് എന്നെന്നും ആവേശം പകരും.

More Motivational Stories>>