Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിത്രകലയിലെ നിത്യവിസ്മയം

ബി.എസ്. വാരിയർ
Leonardo-da-Vinci

ഏതാണ്ട്  അഞ്ഞൂറ് വർഷം മുൻപ് മൺമറഞ്ഞ ഇറ്റാലിയൻ ചിത്രകാരന്റെ പേർ ലോകമെമ്പാടും വീണ്ടും വീണ്ടും പ്രതിധ്വനിക്കുന്നു. അദ്ദേഹം രചിച്ച  മോണാ ലിസ എന്ന‌ വനിതയുടെ പുഞ്ച‌ിരിയുടെ രഹസ്യം ഇന്നും ഉത്തരം കണ്ടെത്താനാവത്ത സമസ്യ. ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ‘അവസാനത്തെ അത്താഴം’ എന്ന പെയിന്റിങ് കലാരംഗത്തെ നിത്യവിസ‌്മയമായി തുടരുന്നു. ഇതിന്റെയെല്ലാം പിന്നിൽ ‌സകലകലാവല്ലഭനെന്നു വിശേഷിക്കപ്പെട‌േണ്ട ലിയണാർഡോ  ഡാവിഞ്ചി (1452 – 1519).

മോണാ ലിസയുടെയും, യേശുവിന്റെ‍ തിരുവത്താഴം ജീവസ്സുറ്റതാക്കുന്ന ലാസ്റ്റ് സപ്പറിന്റെയും പകർപ്പുകൾ ലോകമെങ്ങും വിവിധസ്ഥലങ്ങളിൽ ആദരപൂർവം അണിയിച്ചുവച്ചിരിക്കുന്നു ! ചിത്രകലയുടെ കൊടുമുടികൾ കീഴടക്കിയ  ഡാവിഞ്ചി തുടക്കത്തിൽ പ്രകൃതിയിലെ സൗന്ദര്യമാണ് പകർത്തിയത് – സസ്യങ്ങളുടെയും പക്ഷിമൃഗാദികളുടെയ‌ും മറ്റും മനോഹാരിത ആവിഷ്കരിക്കുന്നതിൽ വൈഭവം തെളിയിച്ചു.

ഇറ്റാലിയൻ നവോത്ഥാനകലയുടെ ഉജ്വലപ്രതീകമായ  ഡാവിഞ്ചി, ചിത്രകാരൻ മാത്രമായിരുന്നില്ല. ഒടുങ്ങാത്ത ജിജ്ഞാസ, സാങ്കേതിക വിഷയങ്ങളിലെ പുതുചിന്തകൾ, അനന്യഭാവനാവിലാസം എന്നിവ അനേകം കണ്ടുപിടിത്തങ്ങൾക്കു വഴ‌ിവച്ചു.  പാരാച്യൂട്ട്, ഹെലികോപ്റ്റർ, ടാങ്ക്, കവചിതവാഹനം,  മുതലായവയുടെ ആദിരൂപങ്ങൾ, യുദ്ധത്തിനുള്ള നൂതനായുധങ്ങൾ, കണക്കുകൂട്ടൽ യന്ത്രം, സൂര്യോർജ ഉപയുക്തി എന്നിങ്ങനെ പലതും. ശവശരീരം ക‌ീറിമുറിച്ച് ശരീരഭാഗങ്ങളുടെ സൂക്ഷ്മചിത്രങ്ങൾ തയാറാക്കിയത് ശരീരശാസ്ത്ര പഠനത്തിനു സഹായകമായി. ഭൂപടരചന, ശിൽപകല, വാസ്തുവിദ്യ, സംഗീതം, കേവലശാസ്ത്രം, ഗണിതം, എൻജിനീയറിങ്, ഭൂവിജ്ഞാനം, സസ്യശാസ്ത്രം, ചരിത്രം അങ്ങനെ എത്രയോ വിഷയങ്ങളിൽ പ്രാവീണ്യം തെളിയിക്കാൻ കഴിഞ്ഞു. സമർപ്പണബുദ്ധിയും സ്ഥിരപരിശ്രമവും ഉണ്ടെങ്കിൽ ഉയരങ്ങളിലെത്താൻ കഴിയുമെന്നു തെളിയിച്ച ബഹുമുഖ പ്രതിഭാശാലി.

Career Guru>>