Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുഞ്ചിരി വിരിയിക്കുന്നവർ

സെബിൻ എസ്. കൊട്ടാരം
Author Details
smile

ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്കുളള റോഡിലൂടെ കാറോടിച്ചു വരുമ്പോൾ, റോഡരുകിൽ പാടത്തോട് ചേർന്ന് കുലച്ചു നിൽക്കുന്ന വാഴകൾ കാണാമായിരുന്നു. ആവശ്യത്തിന് വെള്ളവും വെളിച്ചവും വളവും ലഭിച്ച് ഇലകൾ വിടർത്തി നിന്നിരുന്ന അവ അതിലേ സഞ്ചരിച്ചിരുന്ന യാത്രക്കാരുടെ കണ്ണുകൾക്ക് ഏറെ ആകർഷണമേകി.

ഏതാനും ദിവസങ്ങളായി കനത്ത മഴയാണ്. മഴയിൽ അതുവഴി കഴിഞ്ഞ ദിവസം പോയപ്പോൾ കണ്ട കാഴ്ച കൂമ്പ് ചീഞ്ഞ് ഇലകൾ വാടി ഒടിഞ്ഞ് നിൽക്കുന്ന വാഴകളാണ്. വാഴച്ചോട്ടിൽ നിറയെ വെള്ളമാണ്. ഒരിക്കൽ ഇതേ വെള്ളം തന്നെ അമിതമായപ്പോൾ ആ വാഴ തന്നെ നശിച്ചില്ലാതായി. നമ്മുടെ നിത്യജീവിതത്തിലും ഒരു കാലത്ത് നല്ലതായവ തന്നെ ചിലപ്പോൾ ചീത്തയായി മാറാം. വെണ്ണ നല്ലതാണ്, എന്നാൽ അത് അമിതമായി കഴിച്ചാൽ വയറ്റിൽ പ്രശ്നങ്ങളുണ്ടാകും. എല്ലാ ഭക്ഷണസാധനങ്ങളുടെയും കാര്യം ഇതു തന്നെയാണ്. അതുകൊണ്ടാണ് അമിതമായാൽ അമൃതും വിഷമാണെന്ന് പറയുന്നത്.

മിതമായ അവസ്ഥയിലുമധികം നാം ഒരാളെ സ്നേഹിക്കുമ്പോൾ ആ സ്നേഹം ബന്ധനവും അസ്വസ്ഥത നിറഞ്ഞതുമാകുന്നു. അത് പൊസസീവ്‍നെസിലേക്കു നീങ്ങുന്നു. അപ്പോള്‍ താൻ സ്നേഹിക്കുന്നയാൾ തന്നെ മാത്രമേ സ്നേഹിക്കാവൂ എന്ന സ്വാർത്ഥചിന്ത ഉടലെടുക്കുന്നു. വാത്സല്യം അമിതമാകുമ്പോൾ കുട്ടികൾക്ക് ലഭിക്കേണ്ട ശിക്ഷണവും അപൂർണമാകുന്നു. അതോടെ ചെറിയ തെറ്റുകളിൽ കണ്ണടച്ച്, കണ്ണടച്ച് ഒടുവിൽ മാതാപിതാക്കളുടെ നിയന്ത്രണത്തിനപ്പുറത്ത് ആ കുട്ടി പ്രവർത്തിക്കുന്നു. അത് ചിലപ്പോൾ തെറ്റായ ശീലങ്ങളിലേക്കോ, കുറ്റകൃത്യങ്ങളിലേക്കോ, കൂട്ടുകെട്ടിലേക്കോ ഒക്കെ അവരെ നയിച്ചേക്കാം.

ചെറിയ പ്രായത്തിൽ തന്നെ സ്നേഹത്തിനൊപ്പം, തെറ്റു ചെയ്യുമ്പോൾ ശിക്ഷണവും നൽകിയാൽ അതവരുടെ സ്വഭാവത്തെ തന്നെ ശുദ്ധീകരിക്കുന്നു. മാതാപിതാക്കൾ‌ പറയുന്നത് കുട്ടികൾ ശ്രദ്ധിക്കുന്നു. അതുകൊണ്ടുതന്നെ മറ്റുളളവരെക്കുറിച്ച് തെറ്റായ ചിന്തകൾ കുട്ടികളിലേക്ക് പടര്‍ത്താൻ ശ്രമിച്ചാൽ അവർ വളർന്നു വരുന്നത് വെറുപ്പും അസംതൃപ്തിയും അസ്വസ്ഥതയും ശീലിച്ചു കൊണ്ടായിരിക്കും. അതിനാൽ നന്മകളുടെ വാക്കുകൾ അവരിലേക്ക് പ്രസരിപ്പിക്കാം. സ്നേഹം, ദയ, കാരുണ്യം, എളിമ, വിനയം, മുതിര്‍ന്നവരോടുളള ബഹുമാനം തുടങ്ങിയ നന്മകളാൽ കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തിയാൽ, സുഗന്ധം പരത്തുന്ന ഒരു പൂവ് പോലെ  ആ കുട്ടികൾ സമൂഹത്തിൽ ഏവരുടെയും സ്നേഹത്തിന് പാത്രമാകും. അങ്ങനെയുളള ഒരു കുട്ടിയെ കഴിഞ്ഞദിവസം ഞാൻ കണ്ടു. പക്ഷേ അത് അവസാന കൂടിക്കാഴ്ച കൂടിയായി. അവന്റെ മൃതസംസ്കാര ചടങ്ങിലായിരുന്നു ആ കൂടിക്കാഴ്ച. 14 വയസുളള മാർട്ടിനെ അവസാനമായി ഒരു നോക്ക് കാണാൻ നൂറു കണക്കിനാളുകളാണ് എത്തിയത്. ജാതിമത രാഷ്ട്രീയ ഭേദമന്യേ നാട്ടുകാർ ആ കുടുംബത്തിനൊപ്പം സഹായത്തിനെത്തി.

തോട്ടിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയായിരുന്നു നിലയില്ലാക്കയത്തിലേക്ക് ആ ജീവിതം മുങ്ങിപ്പോയത്. മുഖത്ത് എപ്പോഴും മായാത്ത പുഞ്ചിരിയും വിനയവുമായി എല്ലാവരോടും ഇടപഴകിയിരുന്ന മാർട്ടിന് നാട്ടിലും സോഷ്യൽ മീഡിയയിലുമായി നൂറുകണക്കിന് സുഹൃത്തുക്കളാണുണ്ടായിരുന്നത്.

മരണത്തിന് ഏതാനും ദിവസം മുമ്പ് ഫെയ്സ്ബുക്കിൽ കുറിച്ച വരികൾക്കും പ്രവാചകശബ്ദമുണ്ടായിരുന്നു. 

‘നിറങ്ങളില്ലാത്ത നിഴലിനെയാണെനിക്കിഷ്ടം നിശ്ചലമാകും വരെ പിന്തുടരുമ്പോഴും നിറം മാറാതെ അത് എന്നോടൊപ്പമുണ്ടാകും’ ആഴമേറിയ അർത്ഥമേകുന്ന വരികളായിരുന്നു ഒാരോ തവണയും ഈ കൗമാരക്കാരന്‍ തന്റെ ഫെയ്സ്ബുക്ക് വാളിൽ കുറിച്ചിട്ടിരിന്നത്. മറ്റുളളവരുടെ മുഖത്ത് പുഞ്ചിരി വിരിയിക്കാൻ കഴിയുന്നതാണ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമെന്ന് ഒരിക്കൽ മാർട്ടിൻ കുറിച്ചു. ജീവിച്ചിരുന്ന കാലഘട്ടം വളരെ കുറച്ചായിരുന്നെങ്കിലും തന്റെ കുഞ്ഞു ജീവിതം കൊണ്ട് അനേകരുടെ മുഖത്ത് പുഞ്ചിരിവിരിയിക്കാൻ സാധിച്ച മാർട്ടിൻ ഇവിടയുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ ഭാവിയിൽ വളരെ പ്രശസ്തനായ ഒരു പ്രചോദനാത്മക എഴുത്തുകാരൻ ഒക്കെയായി മാറുമായിരുന്നു. 

എന്റെ മൂത്ത സഹോദരന്റെ ഇളയമകനായ മാർട്ടിന് കണ്ണീരോടെ വിട. നിന്റെ ഒാർമ്മകൾ, നീ പടർത്തിയ പുഞ്ചിരി അനേകരുടെ ഹൃദയത്തിൽ എന്നും മായാതെ നിൽക്കും. ഈ ലോകത്ത് നിന്ന് നാം മടങ്ങുമ്പോൾ നമ്മുടെ സമ്പത്തും പദവികളും പ്രശസ്തിയുമൊന്നുമല്ല മറ്റുളളവരുടെ ഹൃദയത്തിൽ നാം അവശേഷിപ്പിക്കുന്നത്. അത് നമ്മുടെ പ്രവർത്തികളാണ്. നന്മയുടെ നിറമുളള പ്രവർത്തികളുടെ സുഗന്ധം ഒരിക്കലും മായില്ല. അത് മായാത്ത മുദ്രയായി എന്നും അനേകരുടെ ഹൃദയങ്ങളിൽ നിലനിൽക്കും.