Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രണ്ടായിരം മൈൽ ദൂരെനിന്നു ലഭിച്ച പ്രത്യാശ

ടി.ജെ.ജെ.
prayer

സ്നേഹത്തിന്റെ അന്തരീക്ഷത്തിൽ സന്തോഷവും സമാധാനവും വ്യാപരിച്ചു മുന്നേറുന്ന ഘട്ടത്തിൽ വെള്ളിടിപോലെ തികച്ചും ആകസ്മികമായി ചില അത്യാഹിതങ്ങൾ കടന്നുവരുന്നു. ചിലർ അസ്തപ്രജ്ഞരായി നിരാശയുടെ പടുകുഴിയിൽ പതിക്കുന്നു. വിധിയെ പഴിച്ചും, സാഹചര്യങ്ങളെ കുറ്റപ്പെടുത്തിയും കഴിയുന്നു. വേറെ ചിലർ സർവശക്തനായ ദൈവത്തിലുള്ള വിശ്വാസത്തിലും, പ്രാർഥനയുടെ ആശ്രയത്തിലും അതിനെ അതിജീവിക്കാൻ ശ്രമിക്കുന്നു. ആത്യന്തികമായി അവർ വിജയിക്കുകയും ചെയ്യുന്നു. 

അമേരിക്കയിൽ ടെക്സാസിലെ റിക്കാർഡോ സാഞ്ചസിന്റെ സാക്ഷ്യം ശ്രദ്ധേയമാണ്. അദ്ദേഹം ഒരു ക്രിസ്തീയ ഗായകനും ഗാനരചയിതാവുമാണ്. അടുത്തസമയത്തു രചിച്ച ഒരു ഗാനത്തിന്റെ സന്ദേശമിതായിരുന്നു: ‘പുലരിക്കു മുൻപുള്ളത് അന്ധകാരമാണെന്നു ഞാനറിയുന്നു. അതിനാൽ ആകാശവിതാനത്തിലേക്കുനോക്കുക. സഹായം സമാഗതമാകും. ദൈവം കടന്നെത്തുമ്പോൾ, അവിടെ പരിമിതിയൊന്നുമില്ല.’ നമുക്കു വിശ്വാസത്തിലും ആശ്രയത്തിലും നിർഭയും വസിക്കാമെന്നുള്ളതാണ് അതിന്റെ മുഖ്യസന്ദേശം. 

അദ്ദേഹം ഫ്ലോറിഡയിലെ ജാക്സൻ വില്ലയിൽ ഒരു ഗാനപരിപാടിക്ക് തന്റെ ഗിറ്റാറുമൊക്കെയായി വിമാനത്തിൽ പോകുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ജാനറ്റ് കുടുംബകാര്യങ്ങൾ വിജയകരമായി നിർവഹിച്ചുപോന്നു. മൂന്ന് ആൺ മക്കൾ അവർക്കുണ്ടായിരുന്നു. സമർഥരും ഉത്സാഹമതികളുമായിരുന്നതിൽ അഭിമാനം കൊണ്ടു. ഇളയ മകൻ മീഖാ, ഒരു സമ്മർ ക്യാംപിന് പോയിരിക്കുകയാണ്. നീന്തൽ അവനു ഹരമാണ്. 

റിക്കാർഡോ ഉദ്ദിഷ്ട സ്ഥലത്ത് എത്തി വിമാനത്തിൽ നിന്നിറങ്ങിയപ്പോൾ തന്റെ ഫോണിൽ എത്തിയ സന്ദേശങ്ങൾ പരിശോധിച്ചു. നറ്റിന്റേതുമുണ്ടായിരുന്നു. അതു കണ്ട് ജാനറ്റിനെ നേരിട്ടുവിളിച്ചു. അപ്പോഴാണ് ഞെട്ടിക്കുന്ന വാർത്ത കേട്ടത്. മീഖാ ക്യാംപ് സൈറ്റിലെ സ്വിമ്മിങ് പൂളിൽ ഡൈവ് ചെയ്തപ്പോൾ തല താഴത്തെ സിമന്റ് തറയിൽ ഇടിച്ച് കഴുത്തിനും നട്ടെല്ലിനും ക്ഷതമുണ്ടായി. അവനെ ആശുപത്രിയിൽ കൊണ്ടുപോയി. ജാനറ്റ് അതിവേഗം ആശുപത്രിയിലേക്കു പോവുന്നു എന്നായിരുന്നു സന്ദേശം. റിക്കാർഡോ ഇതുകേട്ട് പരിഭ്രാന്തനും ഉത്കണ്ഠാഭരിതനുമായി. മടങ്ങിപ്പോകാനുള്ള പ്ലെയിൻ 4 മണിക്കൂർ കഴിഞ്ഞേ ഉള്ളൂ. ഹൃദയം നീറിപ്പുകഞ്ഞ് ആ സമയം ചെലവിട്ടു. അതിനിടെ ജാനറ്റിന്റെ സന്ദേശം ആശുപത്രിയിൽ നിന്നുമെത്തി. മകന്റെ അവസ്ഥ നിരാശാജനകമാണ്. അവനു ചലനശേഷി നഷ്ടപ്പെട്ടു. എക്സറേയിൽ നട്ടെല്ലിന്റെ മൂന്നുഭാഗത്തു ക്ഷതമുണ്ട്. അവൻ വേദനകൊണ്ട് ഉറക്കെ കരയുകയാണ്. 

റിക്കാർഡോ മടക്കയാത്രയിൽ പ്ലെയിനിൽ ഇരുന്നു കരഞ്ഞു മകൻ മരിച്ചുപോയാൽ! അതു ചിന്തിക്കാൻ കഴിഞ്ഞില്ല. അഥവാ അവൻ ജീവിച്ചാൽ തന്നെ ശരീരം തളർന്നവനായി ആയസ്സു മുഴുവൻ വീൽചെയറിൽ കഴിയേണ്ടിവരുമല്ലോ എന്നു ഭയപ്പെ‌ട്ടു. അവനെ കുറെക്കൂടി മെച്ചപ്പട്ട പരിശോധനയ്ക്കും ചികിത്സയ്ക്കുമായി അറ്റ്ലാന്റായിലുള്ള വലിയ ഒരു ഹോസ്പിറ്റലിലേക്കു കൊണ്ടുപോയി. 

റിക്കാർഡോ എഴുതുകയാണ്: എന്റെ ജീവിതത്തിൽ ഇത്രയും കണ്ണുനീരോടെ പ്രാർഥിച്ച അവസരം വേറെയില്ല. അതിനിടെ ഞാൻ എഴുതിയ പാട്ടിലെ വരികൾ ഓർത്തു: അതു കഴിഞ്ഞിട്ടില്ല; അത് അവസാനിച്ചിട്ടില്ല. അതൊരുതുടക്കം മാത്രമാണ്. ദൈവം അതിൽ വ്യാപരിക്കുന്നു. എങ്കിൽ, എല്ലാം നവ്യമാകും (When god is in it, all things are new) ആ വാക്കുകൾ ഇപ്പോൾ എന്റെ യഥാർഥവിശ്വാസവും അനുഭവവുമാക്കാനുള്ള അവസരമാണ്. ഞാൻ ആരിസോണായിലുള്ള എന്റെ മതാപിതാക്കളെ ഫോണിൽ വിവരമറിയിച്ചു. അവരുടെ മറുപടി: ‘‘നിങ്ങൾ നല്ല ദൈവാശ്രയമുള്ള ഉത്തമ വിശ്വാസികളാണല്ലോ; ദൈവം എന്തുകൊണ്ട് ഇങ്ങനെ നിങ്ങൾക്കു സംഭവിക്കാൻ അനുവദിച്ചു’’ 

എയർപോർട്ടിൽ നിന്ന് റിക്കാർഡോയുടെ സ്നേഹിതന്മാർ അദ്ദേഹത്തെ വേഗം ആശുപത്രിയിൽ എത്തിച്ചു. ജാനറ്റിനെ കണ്ടു വിവരം അന്വേഷിച്ചു. അപ്പോൾ ന്യൂറോ സർജൻ ഡോ. ബ്റഹ്മാനെ കാണാൻ കഴിഞ്ഞു. അദ്ദേഹം എല്ലാകാര്യങ്ങളും വിശദീകരിച്ചു. പ്രതീക്ഷയ്ക്കു വകയില്ലെന്ന സൂചനയുണ്ടായി. ആശ്ചര്യകരമായ മറ്റൊന്നു സംഭവിച്ചു. ജാനറ്റ് അവളുടെ കലിഫോർണിയയിലുള്ള മാതാവിനെ ദുരന്തം അറിയിച്ചു. ആ സമയത്ത് അവർ ഒരു വിരുന്നിൽ സംബന്ധിക്കുകയായിരുന്നു. അവിടെ ഉണ്ടായിരുന്ന അതിഥികളിൽ ഒരാൾ പ്രസിദ്ധനായ ഒരു ന്യൂറോ സർജനായിരുന്നു. അദ്ദേഹം വേഗം ഡോ. ബ്റഹ്മാനുമായി ബന്ധപ്പെട്ടു. എക്സ്റെയുടെയും, അവസാനം എടുത്ത സിടി സ്കാനിന്റെയും കോപ്പികൾ കലിഫോർണിയയിലെ ഡോക്ടർക്ക് അയച്ചു. അതു സൂക്ഷ്മമായി നിരീക്ഷിച്ചശേഷം അദ്ദേഹം റിക്കാർഡോയ്ക്കു ഫോൺ ചെയ്തു: ‘‘ഒരു ആശങ്കയും വേണ്ടാ; മീഖാ സുഖപ്രാപ്തി നേടും. അദ്ദേഹം ഒ‌ട്ടും പ്രതീക്ഷിക്കാത്തസാഹചര്യത്തിൽ രണ്ടായിരം മൈൽ ദൂരെനിന്ന് പ്രത്യാശ ഉണർത്തുന്ന സന്ദേശം ഒരു വലിയ വിദഗ്ധനിൽനിന്നു വന്നിരിക്കുന്നു. 

അതിനുശേഷം ഡോ. ബ്റഹ്മാൻ വന്നു പറഞ്ഞു; പുതിയ സ്കാൻ പരിശോധിച്ചപ്പോൾ നട്ടെല്ലിന് ഒരു കുഴപ്പവുമില്ല. കഴുത്തിന്റെ ഒടിവുമാത്രമേയുള്ളു. അത് ഓപ്പറേഷൻകൊണ്ടു ഭേദമാക്കാം. നിങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പ്രാർഥന തുടരുക. ഞാൻ ഒരു മുസ്‌ലിമാണ്, പ്രാർഥനയിൽ എനിക്കും വിശ്വാസമുണ്ട്.’’ ആ മാതാവും പിതാവും ആ രാത്രി മുഴുവൻ പ്രാർഥനയിൽ ചെലവിട്ടു. പിറ്റേദിവസത്തെ സർജറി എട്ടു മണിക്കൂറെങ്കിലും എടുക്കുമെന്നു വിചാരിച്ചതാണ്. പകുതി സമയംകൊണ്ട് വിജയകരമായി സർജറി നടത്തി. നാലുദിവസങ്ങൾക്കുശേഷം ഭവനത്തിലേക്കു മടങ്ങി. കുറെ ദിവസങ്ങൾ ഫിസിയോതെറപ്പി ചെയ്തു. ഇപ്പോൾ അരോഗദൃഢഗാത്രനായി കഴിയുന്നു. ഹൈസ്കൂളിലെ ബാസ്കറ്റ്ബോൾ താരം കൂടിയായിത്തീർന്നു. 

ഒരുദിവസം പിതാവും മകനുംകൂടി ഇരിക്കുമ്പോൾ മീഖാ അവന്റെ കഴുത്തിലെ ഓപ്പറേഷൻ വടുക്കൾ തൊട്ടുകൊണ്ടു പറഞ്ഞു: 

‘‘ഞാൻ മരിച്ച അവസ്ഥയിലായിരുന്നല്ലേ.’’ റിക്കാർഡോ അവനെ തിരുത്തി, പറഞ്ഞു: ‘‘ഈ വടു മരണത്തെ ഓർമപ്പെടുത്തുന്നതാകരുത്, ദൈവം അദ്ഭുതകരമായി നിന്നെ മരണത്തിൽനിന്നു വിടുവിച്ച കാര്യമാണ് ഓർക്കേണ്ടത്?’’ 

ഈ സംഭവം നമ്മുടെ മനസ്സിൽ ഉയർത്തുന്ന ചിന്ത ദൈവപരിപാലനത്തെക്കുറിച്ചാണ്. മാത്രമല്ല പ്രാർഥനയുടെ അദ്ഭുതകരമായ ശക്തി സുഖപ്രാപ്തിയിലേക്കു നയിച്ചു. രണ്ടായിരം മൈൽ അകലെയുള്ള ഒരു ഡോക്ടറെയും ഈ സംഭവത്തിൽ ബന്ധപ്പെടുത്താൻ ദൈവം പ്രവർത്തിച്ചു. ഭാര്യയും ഭർത്താവും പ്രാർഥനയിൽ വിശ്വസിക്കുന്നവരും പിന്തുടരുന്നവരുമായിരുന്നു. പ്രതിസന്ധികൾ ആകസ്മികമായി കടന്നുവരാം. ജാനറ്റിന്റെ മാതാവ് പറഞ്ഞതു പോലെ ‘ദൈവാശ്രയമുള്ള ഉത്തമ വിശ്വാസികൾക്ക് ഇപ്രകാരം സംഭവിക്കാൻ എന്തുകൊണ്ടു ദൈവം അനുവദിച്ചു?’ എന്ന് അപ്പോൾ ചോദിച്ചുപോകാം. എന്നാൽ ഏതു പ്രതിസന്ധിക്കും പരിഹാരം വരുത്താൻ ദൈവം ശക്തനാണെന്നും, അവിടുന്ന് അപ്രകാരം വരുത്തുമെന്നുമുള്ള സുദൃഢമായ വിശ്വാസമാണ് നമുക്കുണ്ടാകേണ്ടത്. 

More Moral Stories>>