Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്തുകൊണ്ട് ഞാൻ ഇത്ര ദരിദ്രനായി ?

ടി.ജെ.ജെ.
Empty

ഒരിക്കൽ വളരെ പാവപ്പെട്ട ഒരാൾ ശ്രീബുദ്ധന്റെ അടുത്തെത്തി. വളരെ വിനയത്തോടും ഭവ്യതയോടും ഒരു ചോദ്യം ഉന്നയിച്ചു. ‘‘എന്തുകൊണ്ട് ഞാൻ ഇത്ര ദരിദ്രനായി?’’ അയാൾ‌ ജനിച്ചതും വളർന്നതും ദാരിദ്ര്യത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ബുദ്ധന്റെ മറുപടി അയാളെ ആശ്ചര്യപ്പെടുത്തുകയും ചിന്താക്കുഴപ്പത്തിലാക്കുകയും ചെയ്തു. ബുദ്ധൻ പറഞ്ഞു: ‘‘താങ്കൾ ദരിദ്രനായിത്തിർന്നത് ശരിയായ വിധം ഔദാര്യം പുലർത്തുന്നതുകൊണ്ടും ദാനധർമം (Charity) ചെയ്യുന്നതുകൊണ്ടുമാണ്.’’ 

ആ മനുഷ്യൻ വളരെ ആശ്ചര്യത്തോടെ ചോദിച്ചു: ‘‘ദരിദ്രവാസിയായ ഞാൻ എന്തു ദാനം ചെയ്യാനാണ്? എന്ത് ഔദാര്യമാണ് എനിക്കു ചെയ്യാൻ കഴിയുക?’’ 

ബുദ്ധൻ മറുപടി നൽകി: ‘‘മറ്റുള്ളവരുമായി പങ്കു വയ്ക്കത്തക്കവണ്ണം അഞ്ചു നിധികൾ (Treasures) നിങ്ങൾക്കുണ്ട്. അതു നിങ്ങൾ തിരിച്ചറിയാത്തതാണ് നിങ്ങളുടെ പ്രശ്നം.’’ അയാൾക്കു മനസ്സിലാകത്തക്കവിധം ബുദ്ധൻ അവ വിശദമാക്കി: ‘‘ഒന്നാമത് നിങ്ങൾക്ക് ഒരു മുഖമുണ്ട്. ആ മുഖത്ത് പുഞ്ചിരി വിടരുമ്പോൾ, അതു മറ്റുള്ളവർക്കു കൈമാറാം. അത് അവരിൽ നിശ്ചയമായും സന്തോഷത്തിന്റെ പ്രതികരണമുളവാക്കും. പുഞ്ചിരിയുടെ വശ്യത വാക്കുകൾക്കപ്പുറമാണ്.’’ ബുദ്ധന്റെ ഈ അഭിപ്രായത്തോടു യോജിക്കാത്തവരാരും ഉണ്ടാകില്ല. ഗരിമയോടും, ഗൗരവത്തോടും, ക്രൂരഭാവത്തോടും ദുർമുഖരായിട്ടുള്ളവരെ ആരും ഇഷ്ടപ്പെടുകയില്ല. നേരേമറിച്ച് ഒരു പുഞ്ചിരി ആരെയും ആകർഷിക്കും. കൈമാറാവുന്ന ഒരു വലിയ നിധിയായി ബുദ്ധൻ അതിനെ വിശേഷിപ്പിച്ചു. 

ബുദ്ധൻ തുടർന്നു: ‘‘രണ്ടാമത്, നിങ്ങൾക്കു രണ്ടു കണ്ണുകളുണ്ട്. അവ ദയാവായ്പോടും സ്നേഹാർദ്രതയോടും മറ്റുള്ളവരെ കാണുവാൻ ഉപയോഗപ്പെടുത്തുക. നിങ്ങളുടെ നോട്ടം മറ്റുള്ളവരിൽ സദ്‍വികാരം ഉണർത്തുവാൻ പര്യാപ്തമാകണം.’’ കണ്ണിന്റെ ശക്തിയും സ്വാധീനവും നമുക്കെല്ലാം ബോധ്യമുള്ളതാണ്. ബുദ്ധന്റെ ദൃഷ്ടികളെപ്പറ്റിത്തന്നെ ഏറെ പ്രശംസകളും പ്രചോദനങ്ങളും ഉളവായിട്ടുണ്ട്. നവരസങ്ങളായ ശൃംഗാരം, ഹാസ്യം, കരുണം, രൗദ്രം, വീരം, ഭയാനകം, ബീഭത്സം, അദ്ഭുതം, ശാന്തം എന്നിവ കണ്ണുകളിൽക്കൂടി പ്രകടിപ്പിക്കുന്നതു കഥകളി നടന്മാരിൽക്കൂടി നാം കാണുന്നതാണ്. മറ്റുള്ളവരിൽ സ്നേഹവും, ആശ്വാസവും, കരുണയും ഒക്കെ ഉളവാക്കാൻ തക്കവണ്ണം നമ്മുടെ നയനങ്ങളെ ഉപയോഗപ്പെടുത്താം. അതേസമയം ഈ നിധി നമുക്ക് അനർഥമായിത്തീരാനും ഏറെ സാധ്യതയുണ്ട്. അനേകരുടെ വീഴ്ചയ്ക്കും നാശത്തിനും കാരണമായിത്തീർന്നിട്ടുള്ളത് ഈ നിധിയുടെ ദുരുപയോഗം നിമിത്തമാണ്. നോട്ടത്തിന്റെ പിഴവ് അനർഥകാരണമാകാം. 

ബുദ്ധൻ വിശദീകരിച്ചു: ‘‘മൂന്നാമത്, നിങ്ങളുടെ വായും അധരങ്ങളുമാണ്. നിങ്ങളുടെ വായ കൊണ്ട് അന്യരോടു ഹൃദ്യമായി സംസാരിക്കാൻ കഴിയും. നന്മ സംസാരിക്കുക. അന്യരെ വിലപ്പെട്ടവരായി അംഗീകരിച്ച് അവരോടു സംഭാഷിക്കുക.’’ നാവിന്റെ സാധ്യതകൾ എത്ര വലുതാണ് എന്നു വെളിപ്പെടുത്തുകയായിരുന്നു ബുദ്ധൻ. സാന്ത്വനത്തിന്റെയും, പ്രോത്സാഹനത്തിന്റെയും, അഭിനന്ദനത്തിന്റെയും, പ്രചോദനത്തിന്റെയും വാക്കുകൾ ഉതിരുമ്പോൾ എത്ര അദ്ഭുതകരമായ പ്രതികരണങ്ങൾ ഉളവാക്കുന്നു! സന്തോഷം മറ്റുള്ളവർക്കു പകരാൻ നമ്മുടെ വാക്കുകൾക്കു കഴിയട്ടെ. പക്ഷേ, പലരുടെയും പ്രശ്നം അവരുടെ നാവാണ്. 

വിമർശനത്തിന്റെയും, അഹന്തയുടെയും, ആത്മപ്രശംസയുടെയും ഒക്കെ വാക്കുകളാണ് അധികവും േകൾക്കുവാനിടയുള്ളത്. അതു മറ്റുള്ളവരിൽ അമർഷവും, പുച്ഛവും, ഈർഷ്യയും ഉളവാക്കാനേ ഉപകരിക്കൂ. നാവു വരുത്തുന്ന നന്മയുടെ സാധ്യതകൾ നമ്മുടെ ശ്രദ്ധയിൽ ഉയർന്നു നിൽക്കട്ടെ. 

ബുദ്ധൻ അനുസ്മരിച്ചു: ‘‘നാലാമത്, നിങ്ങൾക്ക് ഒരു ഹൃദയമുണ്ട്. നിങ്ങളുടെ സ്നേഹനിർഭരമായ ഹൃദയം കൊണ്ട് മറ്റുള്ളവർക്കു സന്തോഷം ആശംസിക്കാം. അവരുടെ സദ്‍വികാരങ്ങളെ ഉണർത്തുവാൻ കഴിയും; അതുവഴി അവരുടെ ജീവിതത്തെയും.’’ ഹൃദയത്തിന്റെ നൈർമല്യത്തെപ്പറ്റി യേശുക്രിസ്തു അനുശാസിക്കുന്നത്: ‘ദൈവദർശനം സാധ്യമാക്കാൻ ഹൃദയശുദ്ധി കൈവരുത്തണം. ചിന്തകളുടെയും വികാരങ്ങളുടെയും ഇരിപ്പിടമാണല്ലോ ഹൃദയം. അതു നിയന്ത്രണത്തിലും സൂക്ഷ്മതയിലും പരിരക്ഷിക്കാനും അന്യരുടെ നന്മയും, ക്ഷേമവും ആഗ്രഹിക്കുവാനും കഴിയണം. ദാവീദ് രാജാവിന്റെ പ്രാർഥന പ്രസക്തമാണ്. ‘‘ദൈവമേ, വെടിപ്പുള്ള ഹൃദയം എന്നിൽ സൃഷ്ടിക്കണമേ.’’ 

അവസാനമായി ബുദ്ധൻ കൂട്ടിച്ചേർത്തു: ‘‘അഞ്ചാമത്തെ നിധി നിങ്ങളുടെ ശരീരമാണ്. നിങ്ങളുടെ ശരീരം കൊണ്ട് അനേകം നന്മ മറ്റുള്ളവർക്കു ചെയ്യുവാൻ കഴിയും. ആവശ്യത്തിലുള്ളവർക്ക് നിങ്ങളുടെ സഹായം നൽകുക. സഹായം എന്നുള്ളത് പണമല്ല; കരുതലും കരുണയും നിറഞ്ഞ ഒരുനോട്ടം കൊണ്ടുപോലും മറ്റുള്ളവരെ ഉദ്ദീപിപ്പിക്കാൻ കഴിയും. ഇക്കാര്യങ്ങൾ ചെയ്ത്, നിങ്ങൾ സമ്പന്നൻതന്നെ എന്നു കരുതുക. 

ദരിദ്രനാണെന്നുള്ള പോരായ്മയുടെ വികാരം വിട്ട് ധന്യതയാർന്ന പലതും തനിക്കുണ്ടെന്ന മനോഭാവം വളരെ പ്രധാനമാണ്. ബുദ്ധൻ ചൂണ്ടിക്കാണിച്ച പഞ്ചനിധികളുടെ ഉടമകളാണു നാമെന്ന ബോധ്യം നിശ്ചയമായും നമ്മെ സ്നേഹത്തിന്റെയും നിസ്വാർഥതയുടെയും നിലവാരത്തിലേക്ക് ഉയർത്തും. 

മേൽപറഞ്ഞ നിധികളൊക്കെ നമ്മിൽത്തന്നെ പൂഴ്ത്തിവയ്ക്കാനല്ല, മറ്റുള്ളവർക്കു നന്മവരുത്താൻ തക്കവണ്ണം പ്രയോഗപ്പെടുത്താനാണ്. എപ്പോഴും മറ്റുള്ളവവരുടെ നന്മയും ക്ഷേമവും നമ്മുടെ ചിന്തയിലും ശ്രദ്ധയിലും വരേണ്ടതാണ്. 

More Moral Stories>>