Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രാക് ചെയ്യാം, എന്തിനെയും

മനോജ് മാത്യു
technorip

സ്റ്റാർടപ്, സംരംഭകത്വം എന്നൊക്കെ പറയാനെളുപ്പമാണ്. പക്ഷേ, അതൊരു സംഭവമാക്കണമെങ്കിൽ അത്ര എളുപ്പമാണോ എന്നു ചോദിച്ചാൽ പി.എം. അരുൺപറയും: തീർച്ചയായും അല്ല. പത്തിൽ ഒരു പ്രോഡക്ട് രക്ഷപ്പെട്ടാലായി. വിപണി കൃത്യമായി മനസിലാക്കി മികച്ച ഇടപാടുകാരെ കണ്ടെത്തുക എളുപ്പമല്ല. പല ഉൽപന്നങ്ങളുടെയും വികസനത്തിനു വലിയ മുതൽമുടക്കും ആവശ്യം.

കളമശേരിയിലെ മേക്കർ വില്ലേജിൽ ഇൻകുബേറ്റ് ചെയ്യുന്ന ടെക്നോറിപ് ടെക്നോളജീസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറാണ് അരുൺ. ബിടെക് വിദ്യാർഥികളായിരിക്കെ 2013 ലാണ് അരുണും ടോം വിക്ടറും (ചീഫ് ടെക്നിക്കൽ ഓഫിസർ) ചേർന്നു ടെക്നോറിപ്പിനു തുടക്കമിട്ടത്. 

∙ ഹോൾഡ് ദ് ബീറ്റ് 
ഇസിജി, പൾസ് റേറ്റ് തുടങ്ങി ഹൃദയാരോഗ്യം അറിയാൻ കയ്യിൽ അണിയാവുന്ന ഉപകരണം. ഹോൾഡ് ദ് ബീറ്റ് എന്നു ചുരുക്കി വിശേഷിപ്പിച്ച ഉപകരണത്തിന്റെ വികസനം പക്ഷേ, നീണ്ടു പോയി. മെഡിക്കൽ ഡിവൈസ് ആയതുകൊണ്ടു തന്നെ സാങ്കേതിക പരിശോധനാ നടപടികൾ സങ്കീർണമാണ്. പ്രോഡക്ട് വികസിപ്പിക്കുന്നതിന് സമയം വേണ്ടിവരും. തൽക്കാലം ആ പ്രോജക്ട് മാറ്റിവച്ചു. പിന്നീടു ചെയ്യും. മോഹപദ്ധതിയെ ഉപേക്ഷിക്കുന്നില്ല, അരുൺ. ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്, ഇന്റർനെറ്റ് ഓഫ് തിങ്ക്സ് സാങ്കേതിക വിദ്യകളിലാണു ടെക്നോറിപ് പാദമൂന്നുന്നത്.  ക്രാനിയോസ് എന്ന പേരിലുള്ള ബിസിനസ് ഇന്റലിജെൻസ് ഡിവൈസാണു പുതിയ ഉൽപന്നം. ബി ടു ബി ലോജിസ്റ്റിക്സ് ട്രാക്കറാണിത്. നിശ്ചിത താപനിലയിൽ സൂക്ഷിക്കേണ്ട മരുന്നുകൾ പായ്ക് ചെയ്ത് അയയ്ക്കുകയാണെന്നു കരുതുക. പായ്ക്കിൽ ഈ ഉപകരണമുണ്ടെങ്കിൽ എത്രയാണു താപനില, യാത്ര എവിടെയെത്തി തുടങ്ങിയ വിവരങ്ങളെല്ലാം മനസിലാക്കാം.

∙ സ്വന്തം കാലിൽ
വിവിധ സ്ഥാപനങ്ങൾക്കു വെബ്, മൊബൈൽ, ക്ലൗഡ് അധിഷ്ഠിത സേവനങ്ങൾ ചെയ്തു ലഭിക്കുന്ന വരുമാനം ഉപയോഗിച്ചാണു കമ്പനി പുതിയ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നത്. ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ സംരംഭകർക്കായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കഴിഞ്ഞ വാരം സംഘടിപ്പിച്ച ടെക് ക്യാംപിൽ ഇന്ത്യയിൽ നിന്നു ക്ഷണം ലഭിച്ച 10 സ്റ്റാർടപ് സംരംഭകരിലൊരാൾ അരുണായിരുന്നു. ദക്ഷിണേഷ്യയിലെ സംരംഭകർ നേരിടുന്ന പ്രശ്നങ്ങൾക്കു സാങ്കേതികവിദ്യയിലൂന്നി പരിഹാരം കണ്ടെത്തിയാൽ ഗ്രാന്റ് നൽകാമെന്നാണു യുഎസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിന്റെ വാഗ്ദാനം – അരുൺ പറയുന്നു.