Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുതിയ ജോലിയോ? അറിഞ്ഞിരിക്കണം ഈ 10 കാര്യങ്ങള്‍

office

കോളജിലെ അടിപൊളി ജീവിതത്തില്‍ നിന്ന് ക്യാംപസ് പ്ലേസ്‌മെന്റുമായി ഒരു പ്രമുഖ കണ്‍സൽറ്റന്‍സി സ്ഥാപനത്തില്‍ ജോലിക്കെത്തിയാണ് സുഭാഷ്. ജോലിക്ക് കയറി രണ്ടാം ദിവസം. ഓഫിസില്‍ മാനേജര്‍ ഇല്ലാത്ത നേരം. മാനേജരുടെ മുറിയിലെ ഫോണ്‍ അടിക്കുന്നത് കേട്ട് അറ്റൻഡ് ചെയ്യാനെത്തിയതാണ് സുഭാഷ്. ഫോണ്‍ വച്ച് തിരികെ നടക്കുമ്പോള്‍ മാനേജറുടെ മേശപ്പുറത്ത് ഭംഗിയായി സ്‌പൈറല്‍ ബയന്റ് ചെയ്ത ഒരു റിപ്പോര്‍ട്ട്. കമ്പനിയുടെ പോയ വര്‍ഷത്തെ ക്ലയന്റ് മാനേജ്‌മെന്റ് സ്ട്രാറ്റജിയെ പറ്റിയുള്ള റിപ്പോര്‍ട്ടാണ്. ഒട്ടും മടിക്കാതെ റിപ്പോര്‍ട്ട് എടുത്ത് സുഭാഷ് സ്വന്തം ക്യുബിക്കിളിലെത്തി വായന തുടങ്ങി. മാനേജര്‍ തിരികെ വരുമ്പോള്‍ റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അദ്ദേഹത്തിന്റെ പ്രീതി പിടിച്ചു പറ്റണം എന്നതായിരുന്നു ഉദ്ദേശ്യം.

പക്ഷേ മാനേജര്‍ തിരികെ വന്നപ്പോള്‍ സുഭാഷ് കരുതിയതു പോലെ അഭിനന്ദനമല്ല, മറിച്ച് നല്ല ശകാരമാണ്  ലഭിച്ചതെന്നു മാത്രം. കോണ്‍ഫിഡന്‍ഷ്യലായ റിപ്പോര്‍ട്ട് അനുവാദം ചോദിക്കാതെ എടുത്തതിന് ജോലിക്കു കയറി രണ്ടാം ദിവസം തന്നെ സുഭാഷ് വഴക്ക് കേട്ടു. ഇത് സുഭാഷിന്റെ മാത്രം കഥയല്ല. കോളജ് ജീവിതത്തിലെ കുട്ടിക്കളി മാറാതെ ഒരു ഓഫിസിലെത്തി പെരുമാറുന്ന പലര്‍ക്കും നേരിടേണ്ടി വന്ന അവസ്ഥയാണ്. പഠനം കഴിഞ്ഞ് ആ ചൂടു മാറാതെ പുതുതായി ജോലിക്കെത്തുന്നവര്‍ ഓഫിസ് പെരുമാറ്റത്തില്‍ പാലിക്കേണ്ട ചില നിയമങ്ങളുണ്ട്. ഇവ പാലിച്ചാല്‍ ശകാരത്തില്‍ നിന്ന് ഒഴിവാകുമെന്ന് മാത്രമല്ല പുതിയ ഓഫിസിലെ നോട്ടപ്പുള്ളി ആകാതിരിക്കാനും സാധിക്കും. 

1. പറയുന്ന സമയത്ത് വരുകയും പോവുകയും ചെയ്യുക: ഓഫിസ് സമയക്രമത്തെക്കുറിച്ച് ആദ്യം തന്നെ മനസ്സിലാക്കി വയ്ക്കുക. പറയുന്ന സമയത്തിനും അല്‍പം മുൻപ് എത്താന്‍ ശ്രദ്ധിക്കണം. എല്ലാവർക്കുമൊപ്പം മാത്രം ഇറങ്ങുക. നേരത്തെ എത്തി എന്നത് നേരത്തെ പോകാനുള്ള ന്യായമായി കാണരുത്. പുതുതായി വരുന്നവര്‍ കാര്യങ്ങൾ പഠിക്കാൻ ജോലിസമയം കഴിഞ്ഞുള്ള സമയം ചെലവഴിക്കുന്നത് മേലധികാരിയെ തൃപ്തനാക്കും.

2. സഹപ്രവര്‍ത്തകരുടെ ഇടങ്ങളിലേക്ക് ഇടിച്ചു കയറാതിരിക്കുക: പലരും അവര്‍ ജോലി ചെയ്യുന്ന ക്യാബിനോ ക്യുബിക്കിളോ അവരുടെ സാമ്രാജ്യമായി കരുതുന്നവരാകും. അവരില്ലാത്തപ്പോള്‍ അവിടെക്കയറി എന്തെങ്കിലും എടുക്കുന്നത് അവര്‍ക്ക് ഇഷ്ടപ്പെട്ടെന്ന് വരില്ല. അനുവാദത്തോടെ മാത്രം ക്യുബിക്കിളില്‍ നിന്ന് സാധനങ്ങള്‍ എടുക്കുക.

3. പരദൂഷണ വലയങ്ങളില്‍ ചെന്ന് ചാടാതിരിക്കുക: പരദൂഷണവും ഗോസിപ്പുമെല്ലാം പല ഓഫിസുകളിലുമുണ്ടാകും. മേലധികാരികളെയോ  കമ്പനി ഉടമയെയോ സഹപ്രവര്‍ത്തകരെയോ കുറിച്ചു പരദൂഷണം പറയുന്നവരുടെ സംഘത്തിൽപ്പെടാതിരിക്കുക. ഒരു പുഞ്ചിരിയോടെ അവരെ ഒഴിവാക്കി നിങ്ങളുടെ ജോലിയില്‍ മാത്രം ശ്രദ്ധിക്കുക. പരദൂഷണ സംഘത്തിന്റെ ഒപ്പം നിന്ന് നിങ്ങള്‍ നടത്തുന്ന ഒരു ചെറു തലയാട്ടല്‍ ചിലപ്പോള്‍ അത് പ്രചരിപ്പിക്കുന്നതിന്റെ പ്രതിസ്ഥാനത്ത് നിങ്ങളെ നിര്‍ത്താം.

4. എടുക്കുന്ന വസ്തുക്കള്‍ കൃത്യമായി തിരിച്ചേല്‍പ്പിക്കുക: സഹപ്രവര്‍ത്തകരുടെ കയ്യില്‍നിന്നു വാങ്ങുന്ന സ്റ്റേപ്‌ളറോ പേനയോ ആവശ്യം കഴിഞ്ഞാല്‍ തിരിച്ചേല്‍പ്പിക്കുക. ഒരു തവണ അനുവാദം ചോദിച്ച് ഒരു വസ്തു എടുത്തു എന്നത് അടുത്ത തവണം അനുവാദം ചോദിക്കാതെ എന്തെങ്കിലും എടുക്കാനുള്ള ലൈസന്‍സ് അല്ല എന്ന് മനസ്സിലാക്കുക. 

5. സഹായം അഭ്യര്‍ഥിക്കുക: അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കുന്നതില്‍ സങ്കോചം തോന്നേണ്ടതില്ല. ഏതു ജോലിയിലാണെങ്കിലും പുതുതായി വരുന്നവര്‍ക്ക് തെറ്റുകള്‍ സ്വാഭാവികമാണ് എന്നു മറ്റുള്ളവര്‍ കരുതുന്ന ഒരു ഹണിമൂണ്‍ കാലാവധിയുണ്ട്. ഈ കാലയളവില്‍ത്തന്നെ അറിയാത്ത കാര്യങ്ങളെക്കുറിച്ചു മനസ്സിലാക്കുക. ഹണിമൂണ്‍ കാലത്ത് എല്ലാമറിയാമെന്ന മട്ടില്‍ ഇരുന്ന്, ജോലി ചെയ്യാന്‍ തുടങ്ങുമ്പോള്‍ സംശയങ്ങള്‍ ചോദിക്കുന്നത് നല്ല രീതിയില്‍ ആരും എടുക്കില്ല.

6. കംപ്യൂട്ടര്‍ ഉപയോഗത്തില്‍ ശ്രദ്ധ വേണം: സ്വന്തമായി ക്യുബിക്കിളും കംപ്യൂട്ടറുമൊക്കെ കമ്പനി തന്നു എന്നു കരുതി ആ കംപ്യൂട്ടറില്‍ എന്തുമാകാം എന്ന് കരുതരുത്. സിനിമ ഡൗണ്‍ലോഡിങ്ങിനും സ്ട്രീമിങ്ങിനുമൊക്കെയായി ഓഫിസ് കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മുകളില്‍ എല്ലാം കാണുന്ന ഒരു കണ്ണുണ്ടെന്ന ധാരണ വേണം. ഓഫിസ് കംപ്യൂട്ടറില്‍ നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യവും ട്രാക്ക് ചെയ്യപ്പെടുന്നുണ്ടാകുമെന്ന ബോധ്യം വേണം. ഉത്തരവാദിത്തത്തോടു കൂടി അവ കൈകാര്യം ചെയ്യണം.

7. സൗഹൃദമാകാം പക്ഷേ അതിരു വിടേണ്ട: ഓഫിസിലെ എല്ലാവരോടും സൗഹൃദമാകുന്നതൊക്കെ നല്ലത് തന്നെ. പക്ഷേ ചെന്ന് രണ്ടാമത്തെ ദിവസം തന്നെ എല്ലാവരെയും ഫെയ്സ്ബുക് ഫ്രണ്ടാക്കി ഫോട്ടോയില്‍ ടാഗ് ചെയ്യുന്നത് മണ്ടത്തരമാകും. നിങ്ങളുടെ ഓഫിസില്‍ ആരെയൊക്കെ നിങ്ങള്‍ക്ക് വിശ്വസിക്കാം, സഹപ്രവര്‍ത്തകരുമായി ഉണ്ടാക്കേണ്ട ബന്ധത്തിന്റെ അതിരെന്താണ് എന്നെല്ലാം അറിയുന്നതിനു മുന്‍പ് ഫെയ്സ്ബുക്കിലൂടെ നിങ്ങളുടെ വ്യക്തിജീവിതം അവരുടെ മുന്നില്‍ വെളിപ്പെടുത്തരുത്. ബോസിന്റെ ഫോട്ടോയുടെ ചുവട്ടില്‍ ചെന്ന് കൂള്‍ ബ്രോ എന്ന് കമന്റിട്ടാല്‍ അത് അത്ര നല്ല രീതിയില്‍ സ്വീകരിക്കപ്പെടാനും ഇടയില്ല.

8. ചെറിയ ജോലികള്‍ നന്നായി ചെയ്യുക: ആദ്യമൊക്കെ ചെറിയ ജോലികളാകും ഓഫിസില്‍ മറ്റുള്ളവര്‍ നിങ്ങളെ ഏല്‍പ്പിക്കുക. ഇതൊക്കെ എന്ത് എന്ന മട്ടില്‍ അവ ഉഴപ്പി ചെയ്യാതെ, കാര്യക്ഷമമായി, കഴിയുന്നതും വേഗം, തരുന്ന പണി തീര്‍ത്ത് കൊടുക്കുക. ഡെഡ്‌ലൈനുകള്‍ക്കും വളരെ മുന്‍പേ തന്നെ പണി തീര്‍ത്ത് കഴിവ് തെളിയിക്കുക. ചെറിയ ജോലികളില്‍ നിങ്ങള്‍ ശുഷ്‌കാന്തി പുലര്‍ത്തിയാല്‍ വലിയ ഉത്തരവാദിത്തങ്ങള്‍ പിന്നാലെയെത്തും.

9. ഒരു മെന്ററെ കണ്ടെത്തുക: ഓഫിസില്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ ഉപദേശിച്ചു തരാനും നിങ്ങളെ കരിയറില്‍ കൈപിടിച്ച് ഉയര്‍ത്താനും സഹാനുഭൂതിയുള്ള മേലുദ്യോഗസ്ഥരെ ആരെയെങ്കിലും കണ്ടുവയ്ക്കണം. ഇവരാണ് ഈ ഓഫിസിലെ നിങ്ങളുടെ മെന്റര്‍മാര്‍. ശരിയായ മെന്റര്‍മാര്‍ ഓഫിസില്‍ കാര്യക്ഷമമായി എങ്ങനെ പ്രവര്‍ത്തിക്കാന്‍ സാധിക്കും എന്നതിനെ പറ്റിയെല്ലാം കൃത്യമായ ഉപദേശനിര്‍ദ്ദേശങ്ങള്‍ നല്‍കും.

10. പാര്‍ട്ടി വേറെ, ഓഫിസ് വേറെ: പല ഓഫിസുകളിലും ചെറിയ വിജയങ്ങള്‍ ആഘോഷിക്കുന്നതിനും മറ്റുമായി ഓഫിസ് പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ട്. അവയില്‍ ചിലപ്പോള്‍ മദ്യമൊക്കെ വിളമ്പിയെന്നുമിരിക്കും. രണ്ട് പെഗ്ഗ് അടിച്ചിട്ട് ചിലപ്പോള്‍ നിങ്ങളുടെ ബോസ് തോളില്‍ കയ്യിട്ട് സംസാരിച്ചെന്നും നിങ്ങളുടെ ഒപ്പം നൃത്തം വച്ചെന്നുമൊക്കെ വരാം. പക്ഷേ, പിറ്റേന്ന് ഓഫിസിലെത്തുമ്പോള്‍ ഈ ഓര്‍മയില്‍ കയറി മേലുദ്യോഗസ്ഥനെ അളിയാ എന്ന് വിളിക്കാന്‍ നിക്കരുത്. പാര്‍ട്ടിയിലാണെങ്കിലും ഓഫിസിലാണെങ്കിലും നില മറന്നുള്ള പെരുമാറ്റം ദോഷം ചെയ്യും.