Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിലെ സോഫ്ട്‌വെയര്‍ ജോലികള്‍ക്കു മരണമണി?

software-engineers

ഇന്ത്യയിലെ 95 ശതമാനം എന്‍ജിനീയര്‍മാരും സോഫ്ട്‌വെയര്‍ ഡെവലപ്‌മെന്റ് ജോലികള്‍ക്കു പറ്റാത്തവരാണെന്ന് പഠനങ്ങള്‍. എംപ്ലോയബിലിറ്റി അസെസ്‌മെന്റ് കമ്പനിയായ ആസ്പയറിങ് മൈന്‍ഡ്‌സു നടത്തിയ പഠനം അനുസരിച്ച് ഇന്ത്യയില്‍ പഠിച്ചിറങ്ങുന്ന എന്‍ജിനീയര്‍മാരില്‍ 4.77 ശതമാനത്തിനു മാത്രമാണു ഒരു പ്രോഗ്രാമിെന്റ ലോജിക് കൃത്യമായി എഴുതാന്‍ സാധിക്കുന്നത്. പ്രോഗ്രാമിങ് ജോലിക്കു വേണ്ട കുറഞ്ഞ യോഗ്യതയായ ഇതു പോലും ശരിക്കു ചെയ്യാനറിയാത്തവരാണു ബഹുഭൂരിപക്ഷവും. 500ലധികം കോളുജുകളില്‍ നിന്നുള്ള 36,000ഓളം ഐടി അനുബന്ധ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണു ഈ കണ്ടെത്തല്‍.  

പ്രോഗ്രാമിങ് കഴിവുകളുടെ അഭാവം ഇന്ത്യയിലെ ഐടി, ഡേറ്റാ സയന്‍സ് മേഖലയെ ഗുരുതരമായി ബാധിക്കുമെന്നു ആസ്പയറിങ് മൈന്‍ഡ് പഠനം മുന്നറിയിപ്പു നല്‍കുന്നു. കംപ്യൂട്ടറില്‍ യഥാര്‍ത്ഥ പ്രോഗ്രാം എഴുത്തിനു ഊന്നല്‍ നല്‍കാതെ പാഠപുസ്തകത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണു ഇന്ത്യയുടെ ഈ അവസ്ഥയ്ക്കു കാരണമായി പഠനം ചൂണ്ടിക്കാട്ടുന്നത്. പ്രോഗ്രാമിങ് പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകരുടെ അഭാവമാണു മറ്റൊരു പ്രധാന പ്രശ്‌നം. ടയര്‍ 3 നഗരങ്ങളിലെ കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രോഗ്രാമിങ് കഴിവുകള്‍ ടയര്‍ 1 കോളജുകളിലെ വിദ്യാര്‍ത്ഥികളേക്കാൾ അഞ്ചു മടങ്ങു മോശമാണെന്നും പഠനം വെളിപ്പെടുത്തി.