Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എച്ച്ആറിനോടു ഒരു ചോദ്യം; നിങ്ങൾ തിരഞ്ഞെടുത്തത് ശരിയായ ആൾക്കാരെയാണോ?

job-application

ജോലിക്കായി അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഇന്ത്യക്കാരില്‍ പത്ത് ശതമാനത്തിലധികവും കള്ളത്തരം കാണിക്കാറുണ്ടെന്ന് കണക്കുകള്‍. വിദ്യാഭ്യാസത്തെ കുറിച്ചുള്ള വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, മേല്‍വിലാസം എന്നിങ്ങനെ വിവിധ വകുപ്പുകളിലായാണ് സമയവും സൗകര്യവും പോലെ കള്ളം പറയുന്നത്. ജോലിക്ക് അപേക്ഷിക്കുന്നവരുടെ പശ്ചാത്തല വിവരങ്ങള്‍ അന്വേഷിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌ക്രീനിങ്ങ് ഏജന്‍സിയായ ഫസ്റ്റ് അഡ്വാന്റേജ് ശേഖരിച്ച കണക്കുകളാണ് ഇന്ത്യക്കാരുടെ കള്ളി വെളിച്ചത്താക്കുന്നത്. 

എന്നാല്‍ ഇക്കാര്യത്തില്‍ ഇന്ത്യക്കാര്‍ ആഗോളതലത്തില്‍ അത്ര മുന്നിലൊന്നും അല്ല. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ജോലിക്ക് വേണ്ടി സമര്‍പ്പിക്കുന്ന റെസ്യൂമേയും യഥാര്‍ത്ഥ സ്ഥിതിയുമായിട്ടുള്ള പൊരുത്തക്കേടുകള്‍ 25 ശതമാനത്തില്‍ അധികമാണ്. ഇന്ത്യക്കാരുടെ കള്ളത്തരത്തിന്റെ ശതമാനം കുറഞ്ഞിരിക്കുന്നത് പശ്ചാത്തല വിവരാന്വേഷണം നമ്മുടെ രാജ്യത്ത് അത്ര കാര്യമായി ചെയ്തു തുടങ്ങാത്തതു കൊണ്ടാണെന്നും ഫസ്റ്റ് അഡ്വാന്റേജ് ചൂണ്ടിക്കാട്ടുന്നു. 

ജോലിക്ക് വേണ്ടി കള്ളത്തരങ്ങള്‍ കാട്ടിയ ഇന്ത്യക്കാരില്‍ 10 ശതമാനവും അവരുടെ വിദ്യാഭ്യാസ യോഗ്യതയിലാണ് ചില്ലറ തിരിമറി നടത്തിക്കാണുന്നത്. അഞ്ച് ശതമാനം പേര്‍ പൂര്‍ണ്ണമായും വ്യാജ യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ളവരാണ്. ഇതില്‍ 50 ശതമാനവും വ്യാജ രേഖകളാണ് ഇതിനായി സമര്‍പ്പിക്കുന്നതും. 

ഇന്ത്യയില്‍ പൊതുവേ ഐടി, ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ തുടങ്ങിയമേഖലയിലാണ് കാര്യമായി പശ്ചാത്തല വിവരാന്വേഷണം നടക്കുന്നത്. അടുത്തിടെയായി ഹോസ്പിറ്റാലിറ്റി, നിര്‍മ്മാണ മേഖലകളിലും ഈ ട്രെന്‍ഡ് കടന്നു വരുന്നുണ്ട്. തൊഴില്‍ദാതാക്കള്‍ പശ്ചാത്തല വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നതിനാല്‍ അമേരിക്കയില്‍ മാത്രമല്ല ന്യൂസിലാന്‍ഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും റസ്യൂമേയും യഥാര്‍ത്ഥ സ്ഥിതിയുമായിട്ടുള്ള പൊരുത്തക്കേടുകളുടെ തോത് കൂടുതലാണ്.