ജെഫ് ബെസോസ് എങ്ങനെ ലോകകോടീശ്വരനായി?

മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കിയ അപ്പോളോ 11 വിക്ഷേപണം അമേരിക്ക നടത്തുന്നതു 1969ലാണ്. അമേരിക്കയിലെ ലക്ഷക്കണക്കിനു കുട്ടികള്‍ക്കും യുവാക്കള്‍ക്കും അതൊരു വല്ലാത്ത പ്രചോദനമാണു പകര്‍ന്നു നല്‍കിയത്. അമ്പിള്ളി അമ്മാവനെ കയ്യെത്തി പിടിക്കാന്‍ മനുഷ്യനു സാധിക്കുമെന്ന ചിന്ത കുറച്ചൊന്നുമല്ല അവരുടെ സ്വപ്‌നങ്ങളെ ഉത്തേജിപ്പിച്ചത്. സ്വപ്‌നങ്ങളെ റോക്കറ്റിലേറ്റി വിട്ടവരുടെ കൂട്ടത്തില്‍ ഒരു അഞ്ചു വയസ്സുകാരനുമുണ്ടായിരുന്നു. രണ്ടാനച്ഛനും അമ്മയ്ക്കുമൊപ്പം മെക്‌സിക്കോയില്‍ നിന്നു ഹൂസ്റ്റണിലെ ടെക്‌സാസിലേക്കു കുടിയേറിയ ജെഫ് ബെസോസ്.

ആകാശത്തിന്റെ സീമകള്‍ക്കുമപ്പുറം സ്വപ്‌നം കണ്ടു വളര്‍ന്ന ജെഫ് ബെസോസ് ഇന്നു ലോകത്തിലെ ഏറ്റവും പണക്കാരനായ വ്യക്തിയാണ്. 136 ബില്യണ്‍ യുഎസ് ഡോളര്‍ വരുമാനമുള്ള ആമസോണ്‍ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ സ്ഥാപകന്‍. ബ്ലൂംബെര്‍ഗ് ഡെയ്‌ലിയുടെ ബില്യണയര്‍ സൂചിക അനുസരിച്ചു 105.1 ബില്യണ്‍ യുഎസ് ഡോളറാണു ജെഫ് ബിസോസിന്റെ ആസ്തി. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ മറികടന്നാണു ജെഫ് ബില്യണയര്‍ പട്ടികയില്‍ ഒന്നാമതെത്തിയത്. ആമസോണിന്റെ ഓഹരികളുടെ 18 ശതമാനവും ജെഫിന്റെ കൈകളിലാണ്. 

1964 ജനുവരി 12ന് ജാക്കലീന്റെയും ടെഡ് ജോര്‍ഗെന്‍സന്റെയും മകനായി ജനനം. ജെഫ് പിറന്നു വീഴുമ്പോള്‍ അമ്മയ്ക്കു പ്രായം 17 വയസ്സ് മാത്രം. ജെഫിനു രണ്ടു വയസ്സുള്ളപ്പോള്‍ അച്ഛനും അമ്മയും ബന്ധം വേര്‍പെടുത്തി. ക്യൂബയില്‍ നിന്ന് അമേരിക്കയിലെത്തി സ്ഥിരതാമസമാക്കിയ മിഗുവേല്‍ ബെസോസിനെ അമ്മ വിവാഹം കഴിക്കുന്നതോടെയാണു ജെഫ് അമേരിക്കയിലെത്തുന്നത്. 

ഇന്റര്‍നെറ്റിന്റെ അപാര സാധ്യതകളെ കുറിച്ചു ലോകം തിരിച്ചറിയും മുന്‍പു 1994ലാണു ജെഫ് ആമസോണിന് രൂപം നല്‍കുന്നത്. അന്നു ജെഫിനു പ്രായം 30. പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ബിരുദപഠനത്തിനും ചില കമ്പനികളിലെ തൊഴില്‍ പരിചയത്തിനും ശേഷമാണു സ്വന്തമായി സംരംഭം ആരംഭിക്കുന്നത്.  പുസ്തകങ്ങള്‍ ഓണ്‍ലൈനായി വില്‍പന നടത്തിക്കൊണ്ടാണ് ആമസോണിന്റെ തുടക്കം. 

സിയാറ്റിലിലെ ഒരു ചെറിയ ഗാരേജ് ആയിരുന്നു ആദ്യ ഓഫീസ്. മജീഷ്യന്മാര്‍ സാധാരണ ഉപയോഗിക്കാറുള്ള ആബ്ര കഡാബ്ര എന്ന പദത്തെ അനുകരിച്ചു കഡാബ്ര.കോം എന്നായിരുന്നു ആദ്യ പേര്. പിന്നീടു ലോകത്തിലെ ഏറ്റവും വലിയ നദിയായ ആമസോണിന്റെ പേരു സ്വീകരിച്ചു. പുസ്‌കത്തില്‍ തുടങ്ങി പിന്നീട് വിവിധ മേഖലകളിലേക്കും ഉത്പന്നങ്ങളുമായി വൈവിധ്യവത്ക്കരിച്ച ആമസോണ്‍ 1996ല്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ടു. 

മത്സരരംഗത്തുള്ള ചെറിയ കമ്പനികളെ ഏറ്റെടുത്തും പുതിയ സാങ്കേതിക വിദ്യയിലും നവീന സംരംഭങ്ങളിലും നിക്ഷേപിച്ചും കമ്പനി പതിയെ വേരുപടര്‍ത്തി. ഓണ്‍ലൈന്‍ റീട്ടെയില്‍ വില്‍പന രംഗത്തു പുതിയൊരു വിജയഗാഥ ആമസോണ്‍ വരും വര്‍ഷങ്ങളില്‍ എഴുതിചേര്‍ത്തു. 1999 ല്‍ ടൈം മാസിക ജെഫിനെ പേര്‍സണ്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുത്തു. കൂടുതല്‍ ആളുകള്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കാനും അതിലൂടെയുള്ള ഷോപ്പിങ്ങനെ കുറിച്ചു ചിന്തിക്കാനും തുടങ്ങിയതോടെ ജെഫിന്റെ ബിസിനസ് വളര്‍ന്നു. അമേരിക്കയില്‍ തുടങ്ങി പിന്നെ ഇന്ത്യയടക്കം ലോകത്തിലെ പല രാജ്യങ്ങളിലേക്കും ആമസോണ്‍ ചിറക് വിരിച്ചു. 

പലതരം വ്യവസായങ്ങളിലും സംരംഭങ്ങളിലും പരീക്ഷണം നടത്താനും ഇക്കാലയളവില്‍ ജെഫ് ശ്രമിച്ചു. ജ്വല്ലറി രംഗത്തേക്ക് ആമസോണ്‍ കടന്നു വന്നെങ്കിലും അത് അത്രയ്ക്കു വിജയകരമായില്ല. പക്ഷേ, ഒരു വാര്‍ഷിക ഫീസ് നല്‍കി ഫ്രീ ഷിപ്പിങ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കുന്ന ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ് പോലുള്ള സംരംഭങ്ങള്‍ വന്‍ വിജയമായി. 2007ല്‍ ഇലക്ട്രോണിക് പുസ്തകവായനയ്ക്കായി കിന്‍ഡില്‍ പുറത്തിറക്കി. 

ആമസോണിന്റെ വളര്‍ച്ച ജെഫിനെ ശതകോടീശ്വരനാക്കിയതോടെ എയര്‍ബിഎന്‍ബി, ഊബര്‍, ട്വിറ്റര്‍ പോലുള്ള നിരവധി കമ്പനികളിലും ജെഫ് നിക്ഷേപം നടത്തി. 2013ല്‍ പ്രമുഖ പത്രം വാഷിങ്ങ്ടണ്‍ പോസ്റ്റ് ജെഫ് ബെസോസ് വിലയ്ക്കു വാങ്ങി. ടെക്‌സാസിലെ സിയറ ഡിയാബ്ലോ മലനിരകളില്‍ നിര്‍മ്മിക്കുന്ന 10,000 വര്‍ഷം അടിച്ചു കൊണ്ടിരിക്കുന്ന ക്ലോക്കിന്റെ നിര്‍മ്മാണ പദ്ധതിയില്‍ ജെഫ് നിക്ഷേപം നടത്തിയത് പലരിലും കൗതുകമുണര്‍ത്തി. അപ്പോളോ 11നെ ചന്ദ്രനിലെത്തിച്ച പേടകത്തിന്റെ എന്‍ജിനുകള്‍ കടലിന്റെ അടിത്തട്ടില്‍ നിന്നു വീണ്ടെടുക്കുന്ന എഫ്-1 എന്‍ജിന്‍ റിട്രീവല്‍ പദ്ധതിയാണു ജെഫിന്റെ മറ്റൊരു കൗതുക നിക്ഷേപം. 

2015ല്‍ ബഹിരാകാശത്തേക്കു പരീക്ഷണപറക്കലുകള്‍ ആരംഭിച്ച ബ്ലൂ ഒറിജിന്‍ കമ്പനിയുടെ സ്ഥാപകനും ജെഫ് ബെസോസ് ആണ്. ബഹിരാകാശത്തു ഹോട്ടലുകളും അമ്യൂസ്‌മെന്റ് പാര്‍ക്കും കോളനികളും ചെറുനഗരങ്ങളും സ്ഥാപിക്കുകയെന്ന ജെഫിന്റെ സ്വപ്‌നത്തിന് അന്തിമരൂപം നല്‍കുകയാണ് ബ്ലൂ ഒറിജിന്‍ കമ്പനി. ആറു വര്‍ഷത്തളം രഹസ്യമായി കൊണ്ടു നടന്ന കമ്പനി 2006ലാണു ജനശ്രദ്ധയാകര്‍ഷിച്ചത്. ചന്ദ്രനിലെ മനുഷ്യന്റെ ആദ്യ ചുവടുവയ്പ്പ് തന്നില്‍ ഇളക്കി വിട്ട ആവേശം ഒരു തരി പോലും ചോരാതെ ബഹിരാകാശത്തെ വലിയ കുതിച്ചു ചാട്ടങ്ങള്‍ക്കു കച്ചകെട്ടുകയാണു ജെഫ് ബെസോസ് എന്ന 54 കാരന്‍ ഇപ്പോള്‍. 

Job Tips >>