Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കള്ളം പറയുന്നതു എങ്ങനെ കണ്ടെത്താം?

lie

മുഖം മനസ്സിലെ വിചാരവികാരങ്ങളെ അതേപടി പ്രതിഫലിപ്പിക്കുന്നു. വികാരപ്രകടനങ്ങളിൽ വാക്കുകളേക്കാൾ ശക്തമാണ് മുഖഭാവങ്ങള്‍. ആളുകൾ പരസ്പരം ഇടപഴകുമ്പോൾ മറ്റ് ഏത് അവയവങ്ങളെക്കാളുമുപരി ദൃഷ്ടികളുടക്കി നിൽ ക്കുക മുഖങ്ങളിലായിരിക്കും.

ശരീരഭാഷയ്ക്ക് സംസാരഭാഷയെപ്പോലെ  വികസിതവും വ്യക്തവുമായ ഒരു വ്യാകരണവ്യവസ്ഥയില്ലാത്തതിനാൽ ജസ്ചറുകളുടെ വ്യാഖ്യാനം താരതമ്യേന പ്രയാസകരമായേക്കാം. എന്നിരുന്നാലും സൂക്ഷ്മദൃക്കായ ഒരു ശരീരഭാഷാ വിദ്യാർഥിയെ സംബന്ധിച്ചിടത്തോളം ഈ പ്രയാസം ഏറെ നീണ്ടുനിന്നു കൊള്ളണമെന്നില്ല. ജസ്ചറുകളെ ഓരോ സാഹ ചര്യത്തിലുമുള്ള അവയുടെ പ്രസക്തിയുടെ  അടിസ്ഥാനത്തില്‍ കൂട്ടിയിണക്കി സാമാന്യബുദ്ധിയുടെ വെളിച്ചത്തിൽ വിശകലനം ചെയ്യുമ്പോൾ ആളുകളുടെ വാക്കുകൾക്കപ്പുറമുള്ള മനോഭാവങ്ങളെ ഊഹിച്ചെടുക്കാനാകും. ഓരോ ജസ്ചറും പരസ്പരപൂരകമായി വർത്തിക്കുന്നുണ്ടോയെന്നു പ്രത്യേകം നിരീക്ഷണവിധേയമാക്കേണ്ടതാണ്. പൊരുത്തമില്ലായ്മയുണ്ടെങ്കിൽ അതെന്തുകൊണ്ടെന്നുള്ളതുകൂടി കണ്ടെത്തിയാലേ അവയുടെ അപഗ്രഥനം കാര്യക്ഷമമാകൂ. ചില്ലറ വ്യാകരണത്തെറ്റുകളുണ്ടെങ്കിൽ പോലും ഭാഷയിൽ സാമാന്യജ്ഞാനമുണ്ടെങ്കിൽ വാചകങ്ങളുടെ  അർഥം മനസ്സിലാകാതെ പോവില്ലല്ലോ. ശരീരഭാഷയുടെ കാര്യത്തിലും അങ്ങനെതന്നെ!

നമ്മുടെ സാന്നിധ്യത്തെയും പെരുമാറ്റത്തെയും മറ്റുള്ളവർ എന്തു മനോഭാവത്തോടെയാണ് വീക്ഷിക്കുന്നതെന്നു മനസ്സിലാക്കാൻ ജസ്ചർ ക്ലസ്റ്ററുകളെ സസൂക്ഷ്മം നിരീക്ഷിച്ചാൽ മതി. വ്യക്തികളിലോ ഗ്രൂപ്പുകളിലോ വ്യത്യസ്ത നിമിഷങ്ങളിലുളവാകുന്ന മനോഭാവ വ്യതിയാനങ്ങൾ പോലും ജസ്ചറുകളിലൂടെ മാറി മാറി പ്രകടമാകുന്നു. നമ്മുടെ വാക്കുകൾ അനുകൂലമായോ പ്രതികൂലമായാണോ സ്വീകരിക്കപ്പെടുന്നതെന്നും അവ കേൾവിക്കാരെ രസിപ്പിക്കുകയാണോ മുഷിപ്പിക്കുകയാണോ ചെയ്യുന്നതെന്നും നമുക്കു മനസ്സിലാക്കാമെന്നു മാത്രമല്ല അതിന്റെയെല്ലാമടിസ്ഥാനത്തിൽ പെരുമാറ്റത്തെ ക്രമപ്പെടുത്തുകയുമാവാം. പലപ്പോഴും നാമുദ്ദേശിക്കുന്ന വിധത്തിലായിക്കൊള്ളണമെന്നില്ല മറ്റുള്ളവർ നമ്മെ അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നത്. 

മറ്റൊരു ഭാഷ പഠിക്കുംപോലെ
ജസ്ചറുകളെ അവയുടെ സൂക്ഷ്മാർഥത്തിൽ മനസ്സിലാക്കുകയെന്ന കലയിൽ പ്രാവീണ്യം നേടുകയെന്നത് ഒരു വൈദേശിക ഭാഷയിൽ അവഗാഹം നേടുകയെന്നതുപോലെ തന്നെ ശ്രമസാധ്യമായ ഒന്നാണ്. ചിട്ടയോടുകൂടിയ പരിശീലനം കൊണ്ടു മാത്രം നേടാനാവുന്ന ഒരു സിദ്ധിയാണത്. അവനവന്റെ നോൺവെർബൽ സ്വഭാവത്തെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടാക്കുന്നതോടൊപ്പം തന്നെ മറ്റുള്ളവരുടെ ജസ്ചറുകൾ നിരീക്ഷിക്കാൻ ദിവസവും പത്തോ പതിനഞ്ചോ മിനിറ്റുകളെങ്കിലും നീക്കി വയ്ക്കുകയും വേണം. പാർട്ടികൾ, മീറ്റിങ്ങുകൾപോലുള്ള പൊതുപരിപാടികൾ നടക്കുന്ന സ്ഥലങ്ങൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങി ആളുകൾ കൂടുന്ന എവിടെയും നിരീക്ഷണങ്ങൾക്കു പറ്റിയ  ഇടങ്ങൾ തന്നെ. ടെലിവിഷനിലെ  പരിപാടികൾ– പ്രത്യേകി ച്ചും ചർച്ചകളും അഭിമുഖങ്ങളും– ശബ്ദം മാത്രം ഇടയ്ക്കിടെ ഓൺ ചെയ്തും ഓഫ് ചെയ്തും നിരീക്ഷിക്കുന്നത് മികച്ച ഒരു പരിശീലന രീതിയാണ്. ചിത്രങ്ങൾ മാത്രം വീക്ഷിക്കുമ്പോഴു ള്ള നിഗമനങ്ങളും ശബ്ദത്തോടു കൂടി കാണുമ്പോഴുള്ള നിഗമനങ്ങളും എന്തു മാത്രം യോജിച്ചു പോകുന്നുവെന്നുള്ളത് ശ്രദ്ധിക്കുക. കൂട്ടത്തിൽ ജസ്ചറുകൾ തമ്മിലുള്ള പൊരുത്തത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ഉപേക്ഷ വരുത്തരുത്. 

മനുഷ്യ ശരീരത്തിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന ഭാഗം മുഖമാണെന്ന കാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസമുണ്ടാകാനിടയില്ല. ഏതൊരാളെക്കാണുമ്പോഴും നാം ആദ്യം നോക്കുക മുഖത്തേക്കായിരിക്കുമല്ലോ. മുഖം നോക്കിയാണ് നാം മറ്റുള്ളവരെ തിരിച്ചറിയുന്നത്. മുഖം മനസ്സിന്റെ കണ്ണാടി യാണ്. മനസ്സിലെ വിചാരവികാരങ്ങളെ അത് അതേപടി പ്രതിഫലിപ്പിക്കുന്നു. വികാരപ്രകടനങ്ങളില്‍ വാക്കുകളേക്കാൾ ശക്തമാണ് മുഖഭാവങ്ങള്‍. ആളുകള്‍ പരസ്പരം ഇടപഴകുമ്പോൾ മറ്റ് ഏത് അവയവങ്ങളെക്കാളുമുപരി ദൃഷ്ടികളുടക്കി നിൽക്കുക മുഖങ്ങളിലായിരിക്കും. അതുകൊണ്ടുതന്നെ ശരീര ഭാഷയിൽ മുഖം വായിക്കുന്നതിന് വർധിച്ച പ്രാധാന്യമുണ്ട്. 

ബ്രിട്ടീഷ് ഗവേഷകരായ ക്രിസ്റ്റഫർ ബ്രാനിഗൻ (Christopher Brannigan), ഡേവി‍ഡ് ഹംഫ്രീസ്(David Humphries) എന്നിവരുടെ നേതൃത്വത്തിൽ 1972 ൽ നടന്ന ഒരു പഠനത്തിൽ 135 ഓളം ജസ്ചറുകളെ വേർതിരിച്ചു വിശകലനം ചെയ്യുകയുണ്ടായി. അവയിൽ എൺപതും മുഖവുമായി ബന്ധപ്പെട്ടവയായിരുന്നുവെന്നതിൽ നിന്ന് ശരീരഭാഷയിൽ മുഖത്തിനുള്ള പ്രാധാന്യം വ്യക്തമാണല്ലോ. 1952 ൽ തന്നെ ബേഡ് വിസ്റ്റൽ (Birdwhistell) മുഖഭാവങ്ങളിൽ 32 സൂക്ഷ്മ ഘടകങ്ങളുണ്ടെന്ന് കണ്ടുപിടിച്ചിരുന്നു. 

മുഖത്തെ പേശികളിലെ സങ്കോചവികാസങ്ങളാണ് മുഖഭാവങ്ങളായി പ്രകടമാകുന്നത്. മുഖ പേശികളെ മൊത്തത്തിൽ നിയന്ത്രിക്കുന്നത് തലച്ചോറിലെ പോൺസ് (pons) എന്ന നാഡീ കേന്ദ്രമാണ്. ഏകദേശം 7000 മുതൽ 10000 വരെ ന്യൂറോണുകളടങ്ങുന്ന ഈ നാഡീകേന്ദ്രമാണ് മുഖവുമായി ബന്ധപ്പെട്ട എല്ലാ നോൺവെർബൽ സിഗ്നലുകളെയും നിയന്ത്രിക്കുന്നത്.

മറച്ചുവയ്ക്കാനാവാതെ
പല ഭാവങ്ങളും മുഖത്ത് അധികസമയം നിലനിന്നു കൊള്ളണമെന്നില്ല. സെക്കന്റിന്റെ വളരെ ചെറിയൊരംശം സമയത്തിനുള്ളിൽ അവ മിന്നിമറഞ്ഞു പോയേക്കാം. അതുകൊണ്ട് മുഖ ഭാവങ്ങളും ജസ്ചറുകളും നിരീക്ഷിക്കുമ്പോൾ അതീവ ജാഗ്ര ത പുലർത്തേണ്ടിയിരിക്കുന്നു. വൈകാരികാവസ്ഥകളോടുള്ള പ്രതികരണമായി മിന്നിമറഞ്ഞു പോകുന്ന ഇത്തരം സിഗ്നലുകള്‍ മറച്ചു വയ്ക്കാനോ അമര്‍ത്തിവയ്ക്കാനോ (supress) സാധ്യമല്ല. യഥാർഥ വികാരങ്ങളുടെ ബഹിർസ്ഫുരണങ്ങളായ ഈ സിഗ്നലുകൾ വ്യക്തിയുടെ വാക്കുകളുമായി  പൊരുത്തപ്പെട്ടു കൊള്ളണമെന്നില്ല. ഉദാഹരണത്തിന് ഒരാള്‍ കളവു പറയുമ്പോൾ അയാൾ പറയുന്ന വാക്കുകളുമായി പൊരുത്തപ്പെടാത്ത  നോൺവെർബൽ സിഗ്നലുകൾ അയാൾ പോലുമറിയാതെ  ക്ഷണനേരം കൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കും. സൂക്ഷ്മദൃക്കായ ഒരു കേൾവിക്കാരന്  മറ്റുള്ളവർ പറയുന്ന കാര്യങ്ങൾ സത്യമോ അസത്യമോ എന്നറിയാൻ അത്തരം ഭാവങ്ങളും സിഗ്നലുകളും നിരീക്ഷിച്ചാൽ മാത്രം മതിയാകും. കളവു പറയു ന്നവരുടെ മുഖത്ത് ഒരു കള്ളലക്ഷണം എപ്പോഴും കാണുമെന്ന് പഴമക്കാർ പറയാറുണ്ടല്ലോ. 

മുഖഭാവങ്ങൾ വിശകലനം ചെയ്യുകയും വ്യാഖ്യാനിക്കുകയും ചെയ്യുകയെന്നതു വളരെ അവധാനതയോടെ ചെയ്യേണ്ട ഒരു പ്രക്രിയയാണ്. കാരണം ആളുകൾ പലപ്പോഴും അവരുടെ യഥാര്‍ഥ വികാരങ്ങൾ മറച്ചുവെയ്ക്കാന്‍ മുഖഭാവങ്ങളെ മനഃപൂർവം നിയന്ത്രിക്കാൻ ശ്രമിക്കാറുണ്ട്. പ്രഫഷനൽ കൗൺസലർമാർ, ഡോക്ടർമാർ, നഴ്സുമാർ,അധ്യാപകർ, കലാകാരന്മാർ, ഹോട്ടലുകളിൽ ജോലി ചെയ്യുന്നവർ, എയർഹോസ്റ്റസുമാര്‍ തുടങ്ങിയവർ അവരുടെ തൊഴിലിന്റെ ഭാഗമായിത്തന്നെ ചില പ്രത്യേക മുഖഭാവങ്ങള്‍ കൈക്കൊള്ളാൻ പരിശീലനം നേടാറുണ്ട്.

മുൻ അധ്യായത്തിൽ സൂചിപ്പിച്ചതു പോലെ മുഖഭാവങ്ങളും മറ്റു ജസ്ചറുകളോടൊന്നിച്ച് ഒരു ക്ലസ്റ്ററിന്റെ  ഭാഗമായാണ് പ്രത്യക്ഷമാവുക. തലയാട്ടൽ, തലകുലുക്കൽ, ശരീരത്തിന്റെ പൊസിഷൻ മാറൽ തുടങ്ങിയവയായേക്കാം മറ്റു ജസ്ചറുകൾ. എന്നിരുന്നാലും ഒറ്റപ്പെട്ട ജസ്ചറുകളുടെ അർഥവ്യാപ്തിയും പ്രാധാന്യവും അറിഞ്ഞിരുന്നാൽ മാത്രമേ അവയുടെ പരസ്പര ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനം സാധ്യ മാകൂ. 

കടപ്പാട് 
മനസ്സുവായിക്കാൻ ശരീരഭാഷ
പി.കെ.എ റഷീദ്
മനോരമ ബുക്സ്

Order Book>>