Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

22 വയസ്സിൽ സിഇഒ ആയ മിടുക്കി

geethu

ബിസിനസിലാണെങ്കിലും ജീവിതത്തിലാണെങ്കിലും ക്രിക്കറ്റ് ഇതിഹാസം സച്ചിനെ കണ്ടു പഠിക്കണമെന്നാണു ഗീതുവിന്റെ അഭിപ്രായം. ഇടപാടുകാരോടു സൗമ്യമായി ഇടപെടുന്നതിൽ സച്ചിന്റെ സൗമ്യത, ലോകകപ്പ് നേടാതെ കരിയർ അവസാനിപ്പിക്കാതിരുന്ന നിശ്ചയദാർഢ്യം, ഒരു സംരംഭകനു വേണ്ട അടിസ്ഥാന ഗുണങ്ങളായി ഗീതു ചൂണ്ടിക്കാണിക്കുക ക്രിക്കറ്റ് ദൈവത്തിന്റെ ഈ സ്വഭാവ സവിശേഷതകളാണ്. 

ഗീതു ആരാണ് എന്നല്ലേ, പേസ് ഹൈടെക്ക് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ സിഇഒ പദവിയിലിരുന്നു ബഹുരാഷ്ട്ര കമ്പനികളുമായി ചർച്ചകൾ നടത്തുന്ന ഇരുപത്തിരണ്ടുകാരിയാണു വട്ടിയൂർക്കാവ് സ്വദേശിയായ ഈ മിടുക്കി. ഇനിയെന്തു പഠിക്കണമെന്നു പലരും ചിന്തിക്കുന്ന പ്രായത്തിൽ ഗീതുവിനു സംസാരിക്കാനുള്ളതു രാജ്യാന്തര വിപണിയെക്കുറിച്ച്. 

എൻജിനീയറിങ് രണ്ടാം വർഷം പഠിക്കുന്ന സമയത്താണ് ആശയങ്ങളുടെ കളിത്തോഴി സ്വന്തമായി സ്റ്റാർട്ടപ് സ്ഥാപനം ആരംഭിക്കുന്നത്. ഇന്ന് ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ആവശ്യങ്ങൾ നിറവേറ്റിക്കൊടുക്കുന്ന സംരംഭമായി പേസ് ഹൈടെക് എന്ന കമ്പനി മാറിയതിനു പിന്നിലുള്ളതു ഗീതുവിന്റെ നിശ്ചയദാർഢ്യം.

രാജ്യത്തെ മുൻനിര ബിസിനസ് ഗ്രൂപ്പ് ആയ ബീറ്റാ ഗ്രൂപ്പ് ചെയർമാൻ ജെ.രാജ്‌‌‌മോഹൻ പിള്ളയുമായി ആശയവിനിമയം നടത്താൻ അവസരം ലഭിച്ചതു വഴിത്തിരിവായി. സ്റ്റാർട്ടപ്പിനൊപ്പം ബീറ്റയിലെ ചില ജോലികളും ചെയ്തു തീർക്കാൻ സാധിച്ചതോടെ ആത്മവിശ്വാസമായി. പിന്നെ രണ്ടും കൽപിച്ച് എടുത്തു ചാടി. ഇന്നു കരപറ്റി നിൽക്കുമ്പോൾ മുഖത്തു പുതിയ പ്രതീക്ഷകളുടെ പുഞ്ചിരി. 

ഐടി സേവനങ്ങൾ, ബിസിനസ് കൺസൽറ്റന്റ്, മാനേജ്മെന്റ് സോഫ്റ്റ്‍വെയറുകൾ എന്നിവയാണു പേസിന്റെ പ്രധാന ജോലി.  വയലിൻ വായനയാണ് ഇഷ്ട വിനോദം. കൂടാതെ എഴുത്തും വഴങ്ങും. 

ക്രിക്കറ്റിനോടും മനസ്സിൽ പ്രിയം സൂക്ഷിക്കുന്ന ഗീതുവിന്റെ ആരാധ്യ പുരുഷൻ മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ തന്നെ. പഠിക്കുമ്പോൾ  ക്യാ‌ംപസ് ന്യൂസ് ആപ്ലിക്കേഷൻ സ്വന്തം കോളജിനു വേണ്ടി വികസിപ്പിച്ച  ഗീതു കേരള സർക്കാർ നടത്തിയ മൽസരത്തിൽ മികച്ച വെബ് ഡവലപ്പറായും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഹിന്ദുസ്ഥാൻ ലാറ്റക്സിൽ ഉദ്യോഗസ്ഥനായ പിതാവ് ശിവകുമാറും അമ്മ സുജാകുമാരിയുമാണു ഗീതുവിന്റെ പിന്തുണ. ‌

പുതുതലമുറ സംരംഭകരോടു ഗീതുവിനു പറയാനുള്ളതു പുണ്യാളനിൽ ജയസൂര്യ പറയുന്ന വാക്കുകളാണ്, ഫോക്കസ് യുവർ വർക്ക്, ഫോർഗെറ്റ് ദ് റിസൽറ്റ്, ഇറ്റ് വിൽ കം...

Job Tips >>