Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അഞ്ച് തലമുറയിലായി 11 സിഎക്കാര്‍; ഗിന്നസ് റെക്കോര്‍ഡ് തേടി ഒരു കുടുംബം

CA_Family

മുംബൈയിലെ ബ്രിജ് മോഹന്‍ ചതുര്‍വേദി പുതിയൊരു ഗിന്നസ്, ലിംക ലോക റെക്കോര്‍ഡിനുള്ള തയ്യാറെടുപ്പിലാണ്. വ്യക്തിഗത നേട്ടത്തിനു വേണ്ടിയല്ല മറിച്ചു തന്റെ കുടുംബത്തിനു വേണ്ടിയാണ് ബ്രിജ് മോഹന്‍ അപേക്ഷ നല്‍കി കാത്തിരിക്കുന്നതെന്നു മാത്രം. ഒരേ സന്താന പരമ്പരയില്‍പ്പെട്ട അഞ്ച് തലമുറകള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി തൊഴില്‍ ചെയ്യുന്ന ലോകത്തിലെ ഒരേയൊരു കുടുംബമെന്ന അംഗീകാരത്തിനായാണ് ഇദ്ദേഹം അപേക്ഷിച്ചിരിക്കുന്നത്. ബി. എം. ചതുര്‍വേദി ആന്‍ഡ് കമ്പനിയെന്ന ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്‍സി(സിഎ) സ്ഥാപനത്തിന്റെ ഉടമയാണു ചതുര്‍വേദി കുടുംബത്തിലെ മൂന്നാം തലമുറ സിഎക്കാരനായ ബ്രിജ് മോഹന്‍. 

ഇദ്ദേഹത്തിന്റെ ചെറുമകള്‍ മോഹിനി ചതുര്‍വേദി ഈയിടെ സിഎ പരീക്ഷ പാസ്സായതിനു പിന്നാലെയാണു ബി.എം. ചതുര്‍വേദി ഗിന്നസ്, ലിംക റെക്കോര്‍ഡിനായുള്ള ശ്രമം തുടങ്ങിയത്. മഥുരയിലെ സംസ്‌കൃത പണ്ഡിത കുടുംബത്തില്‍പ്പെട്ട ബിഷംബര്‍ നാഥ് ചതുര്‍വേദിയെന്ന ബി.എന്‍. ചതുര്‍വേദിയാണ് ഈ കുടുംബത്തിലെ ആദ്യ തലമുറ സിഎക്കാരന്‍. 1925ലാണ് ബ്രിജ് മോഹന്റെ മുത്തച്ഛനായ ബി. എന്‍. ചതുര്‍വേദി സിഎക്കാരനാകുന്നത്. 

ഇദ്ദേഹത്തിന്റെ മക്കളായ അമര്‍നാഥും ദീനാനാഥും പിന്നീടു പിതാവിന്റെ വഴിയേ സിഎക്കാരായി. അമര്‍നാഥിന്റെ മകനാണു 1976ല്‍ സിഎ ജോലി തുടങ്ങിയ ബ്രിജ് മോഹന്‍ ചതുര്‍വേദി. ബ്രിജ് മോഹന്റെ സഹോദരങ്ങളായ മദന്‍ മോഹനും സുബോധും ദീനാനാഥിന്റെ മകനായ ശ്രീകാന്ത് എം. ചതുര്‍വേദിയും സിഎക്കാര്‍ തന്നെ. ബ്രിജ് മോഹന്റെ മക്കളാരും സിഎ വഴിയിലേക്ക് വന്നില്ലെങ്കിലും സഹോദരന്‍ മദന്‍ മോഹന്റെ മക്കളായ അപൂര്‍വയും ഋഷഭും കുടുംബവഴിയില്‍ സിഎക്കാരായി. ബ്രിജ് മോഹന്റെ സഹോദരി അല്‍കയുടെ മകള്‍ ടീനാ ചതുര്‍വേദിയും നാലാം തലമുറയിലെ സിഎക്കാരിയാണ്. 

ബ്രിജ്‌മോഹന്റെ ഇളയ മകള്‍ ശ്രുതിയുടെ മകളാണ് അഞ്ചാം തലമുറയില്‍ സിഎ ജോലിയിലേക്കു വന്ന മോഹിനി ചതുര്‍വേദി. തന്റെ അറിവില്‍ നേര്‍ സന്താനപരമ്പരിയില്‍ അഞ്ച് തലമുറ സിഎ ജോലിയില്‍ തുടര്‍ന്ന വേറെ കുടുംബങ്ങളുണ്ടാവില്ലെന്നു ബ്രിജ് മോഹന്‍ അവകാശപ്പെടുന്നു. അമേരിക്കന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിപിഎസിനെയും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിനെയും ചതുര്‍വേദി കുടുംബം അംഗീകാരനത്തിനായി സമീപിച്ചിട്ടുണ്ട്. 

നൈജീരിയയിലെ അഞ്ച് സിഎക്കാരുള്ള ഡേവിഡ് ഒമീയ ഡാഫിനോണിന്റെ കുടുംബത്തിന്റെ പേരിലാണു നിലവില്‍ ഗിന്നസ് ലോക റെക്കോര്‍ഡ്. നേര്‍സന്തതി പരമ്പരയില്‍ 11 സിഎക്കാരാണു ചതുര്‍വേദി കുടുംബത്തിലുള്ളത്. ഈ വര്‍ഷം അവസാനം കുടുംബത്തിലെ രണ്ടംഗങ്ങള്‍ കൂടി സിഎ തൊഴിലിലേക്കു വരാന്‍ തയ്യാറെടുക്കുകയാണ്. 

Job Tips >>