17–ാം വയസ്സിൽ പഠനം നിർത്തി; 22–ാം വയസ്സിൽ കോടീശ്വരൻ

പുതുതലമുറയിലെ ചെറുപ്പക്കാര്‍ പലരും യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്. ഒരു ബാക്ക്പാക്കുമെടുത്ത് ഇറങ്ങിയാല്‍ പിന്നെ തിരികെ വീട്ടില്‍ കയറുന്നത് ആഴ്ചകളും മാസങ്ങളും കഴിഞ്ഞാകാം. ഈ യാത്രകളില്‍ രാത്രി തങ്ങുന്ന ഹോട്ടലുകളില്‍ എല്ലാത്തിന്റെയും ഗുണനിലവാരം ഒരു പോലെയാകില്ല. പരിചയമില്ലാത്ത സ്ഥലത്ത് അന്തിയുറങ്ങാനെത്തുന്ന ഇടം സൗകര്യപ്രദമല്ലെങ്കില്‍ ഉണ്ടാകുന്ന പൊല്ലാപ്പ് നിരവധി. എന്നാലും ഉള്ള സൗകര്യം വച്ച് അഡ്ജസ്റ്റ് ചെയ്ത് യാത്രയുമായി മുന്നോട്ട് പോകുന്നവരാണ് യുവാക്കളില്‍ പലരും. 

എന്നാല്‍ റിതേഷ് അഗര്‍വാള്‍ എന്ന 19കാരനെ ഈ അസൗകര്യം ഇരുത്തി ചിന്തിപ്പിച്ചു. പയ്യന്‍സ് തന്നെ അതിനൊരു പരിഹാരവും കണ്ടെത്തി. ഇന്ത്യയില്‍ എവിടെ ചെന്നാലും മിനിമം ഗാരന്റി ഗുണനിലവാരം പുലര്‍ത്തുന്ന ഹോട്ടല്‍ പോക്കറ്റിലൊതുങ്ങുന്ന ചെലവില്‍ ലഭ്യമാക്കുന്ന ഒരു പ്ലാറ്റ്‌ഫോം റിതേഷ് സൃഷ്ടിച്ചെടുത്തു.  ഒറാവല്‍ സ്‌റ്റെയ്‌സ് എന്ന പേരില്‍ 2012ല്‍ റിതേഷ് സ്ഥാപിച്ച ആ ബജറ്റ് ഹോട്ടല്‍ ശൃംഖലയുടെ ഇന്നത്തെ പേര് നിങ്ങള്‍ അറിയും. ഓയോ റൂംസ്. 

230ലേറെ നഗരങ്ങളിലെ 8500ലേറെ ഹോട്ടലുകളുടെ ശൃംഖലയാണ് ഇന്ന് ഓയോ റൂംസ്. റിതേഷ് അഗര്‍വാള്‍ എന്ന യുവ സിഇഒ ആകട്ടെ ഫോര്‍ബ്‌സിന്റെ യുവ സിഇഒമാരുടെ പട്ടികയിലടക്കം ഇടം പിടിച്ചു കഴിഞ്ഞു. 22-ാം വയസ്സില്‍ തന്നെ ഒരു സ്റ്റാര്‍ട്ട് അപ്പ് മില്യണയര്‍ ആയി മാറിയ മിടുക്കന്‍. എന്നാല്‍ ഈ മിടുക്കന്‍ കോളേജില്‍ പഠിക്കാന്‍ ചേര്‍ന്ന് മൂന്നാം ദിവസം തന്നെ അവിടുന്ന് ഗുഡ്‌ബൈ പറഞ്ഞു പോന്ന ആളാണെന്നുള്ളത്  മറ്റൊരു ചരിത്രം. റിതേഷ് എന്ന യുവ ജീനിയസിന്റെ അസൂയപ്പെടുത്തുന്ന വളര്‍ച്ചയുടെ കഥ സ്‌കൂള്‍ പഠനകാലത്ത് നിന്ന് പറഞ്ഞ് തുടങ്ങാം. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കോഡിങ് പഠനം
കംപ്യൂട്ടറായിരുന്നു റിതേഷിന്റെ അന്നത്തെ പ്രണയിനി. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെ പ്രോഗ്രാമിങ് പഠിക്കാന്‍ തുടങ്ങി. കോഡിങ് ആരംഭിക്കുമ്പോള്‍ ചെക്കന് പ്രായം വെറും എട്ട് വയസ്സ്. പത്തിലെത്തിയപ്പോള്‍ കോഡിങ് ആണ് തന്റെ ജീവിത മാര്‍ഗ്ഗമെന്ന് ഉറപ്പിച്ചു. 2009ല്‍ ഐഐടി പരീക്ഷാ പരിശീലനത്തിനായി രാജസ്ഥാനിലെ കോട്ടയിലെത്തി. എന്നാല്‍ ഇവിടെ നിന്നാല്‍ കോഡിങ് പഠനം നടക്കില്ലെന്ന് മനസ്സിലാക്കിയതോടെ റിതേഷ് പഠനം ഉഴപ്പിയുള്ള തന്റെ യാത്രകള്‍ ആരംഭിച്ചു. 

ഇതിനിടെ ഡല്‍ഹിയിലെത്തിയ റിതേഷ് യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്റെ ഇന്ത്യന്‍ ക്യാംപസില്‍ ചേര്‍ന്നെങ്കിലും മൂന്നാം ദിവസം തന്നെ പഠനം അവസാനിപ്പിച്ചു. ഉള്ളിലുയരുന്ന സംരംഭകത്വ മോഹത്തിന് പഠിത്തവും വിലങ്ങുതടിയാകുമെന്ന് കണ്ടാണ് പഠനം ഉപേക്ഷിച്ചത്. യാത്രകള്‍ക്കിടയില്‍ ഹോട്ടലുകളിലും പിജികളിലും മാറി മാറി താമസിച്ചു. ഇന്ത്യയില്‍ നല്ലൊരു താമസസ്ഥലം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ അക്കാലത്ത് മനസ്സിലാക്കി. അങ്ങനെയാണ് ഒറാവല്‍ സ്‌റ്റെയ്‌സ് ജന്മമെടുക്കുന്നത്. 

പല സ്ഥലങ്ങളില്‍ ലഭ്യമായ ബജറ്റ് ഹോട്ടലുകളുടെ വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോം മാത്രമായിരുന്നു ഒറാവല്‍. കുറഞ്ഞ സമയം കൊണ്ട് 30 ലക്ഷം രൂപയുടെ വെന്‍ച്വര്‍ മൂലധനം ഇതിനായി സംഘടിപ്പിച്ചു. 

ചീറ്റിപ്പോയ ആദ്യ ശ്രമം, തിരിച്ചുവരവ്
തന്റെ ബിസിനസ് ഐഡിയ പേ പാല്‍ സഹസ്ഥാപകന്‍ പീറ്റര്‍ തിയലിന്റെ പേരിലുള്ള തിയല്‍ ഫെലോഷിപ്പിനായി റിതേഷ് സമര്‍പ്പിച്ചു. ആഗോള മത്സരത്തില്‍ ആദ്യമെത്തിയ പത്തു പേരിലൊരാള്‍ റിതേഷ് ആയിരുന്നു. ഫെലോഷിപ്പ് തുകയും ഗുഡ്ഗാവില്‍ നിന്നുള്ള മനീഷ് സിന്‍ഹയെന്ന ബിസിനസ് പങ്കാളിയും ചേര്‍ന്നപ്പോള്‍ റിതേഷ് തന്റെ സംരംഭം ടോപ്പ്ഗിയറിലേക്കാക്കി. പക്ഷേ, കാര്യങ്ങള്‍ വിചാരിച്ച പോലെ പുരോഗമിച്ചില്ല. ബിസിനസ് ക്ലിക്കാകാതെ വന്നതോടെ പങ്കാളിയുമായി വേര്‍പിരിഞ്ഞു. 

പക്ഷേ, മനസ്സ് മടുത്ത് വീട്ടിലിരിക്കാന്‍ ഈ യുവ സിഇഒ ഒരുക്കമല്ലായിരുന്നു. ബജറ്റ് ഹോട്ടലുകളുടെ വെറുമൊരു പട്ടിക എന്ന തലത്തില്‍ നിന്നു കൃത്യമായ ഗുണനിലവാര മാനദണ്ഡങ്ങള്‍ അനുസരിച്ച് പ്രത്യേക രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ ശൃംഖല എന്ന ആശയത്തിലേക്ക് ആദ്യ പരാജയം റിതേഷിനെ നയിച്ചു. ബിസിനസ്സിന്റെ രൂപമൊന്ന് പരിഷ്‌ക്കരിച്ച് ആപ്പ് അടക്കമുള്ള സൗകര്യങ്ങളുമായി ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാക്കി തന്റെ സംരംഭത്തെ റിതേഷ് മാറ്റിയെടുത്തു. 2013ലെ പുതിയ വരവില്‍ ചന്തമുള്ള ഒരു പേരുമിട്ടു. ഓയോ റൂംസ്. ഓയോ എന്ന് വച്ചാല്‍ ഇംഗ്ലീഷില്‍ ഓണ്‍ യുവര്‍ ഓണിന്റെ ചുരുക്കെഴുത്ത്. 

ആദ്യ ഘട്ടത്തില്‍ ഒരു ഡസനോളം ഹോട്ടലുകളുമായി ടൈ അപ്പുണ്ടാക്കി. ഓയോ സംഘം ഹോട്ടല്‍ സന്ദര്‍ശിച്ച് ഓയോ നിലവാരമാനദണ്ഡം അനുസരിച്ചുള്ള സൗകര്യങ്ങള്‍ ഹോട്ടലില്‍ ലഭ്യമാക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ നിര്‍ദ്ദേശിച്ചു. ഉപഭോക്താക്കള്‍ തൃപ്തരായതോടെ കമ്പനിയുടെ വളര്‍ച്ച ആരംഭിച്ചു. രണ്ടില്‍ നിന്നു 15 ആയും പതിനഞ്ചില്‍ നിന്ന് 25 ആയും ഒടുക്കം 1500 ആയുമെല്ലാം ഓയോ ജീവനക്കാരുടെ എണ്ണം വളര്‍ന്നു. ഹോട്ടലുകളുടെ എണ്ണവും ക്രമമായി വര്‍ദ്ധിച്ചു. ഇന്ന് ഇന്ത്യയിലെ ഏതൊരു ചെറുപ്പക്കാരനും മാതൃകയാക്കാവുന്ന സംരംഭകനാണ് റിതേഷ് അഗര്‍വാള്‍. 

Success Stories>>