ഇന്‍ഫോസിസില്‍ നിന്നു കൃഷിയിലേക്ക്

Photo Courtesy: Sampath Menon

16 വര്‍ഷത്തെ ഐടി ജീവിതത്തിനു ശേഷം ഇന്‍ഫോസിസ് വിടുന്ന സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍. ഇന്ത്യയിലും വിദേശത്തുമായി ഐടി തൊഴില്‍പരിചയം. പത്തോളം പേരെ സമർഥമായി കൈകാര്യം ചെയ്തിരുന്ന ടീം ലീഡര്‍. അങ്ങനെ ഒരാള്‍ ഇന്‍ഫോസിസ് പോലൊരു കമ്പനി വിടണമെങ്കില്‍ ഒന്നുകില്‍ സ്വന്തമായൊരു ഐടി, ടെക്ക് സ്റ്റാര്‍ട്ട് അപ്പ്. അല്ലെങ്കില്‍ ഇതിലും മികച്ചൊരു വിദേശ കമ്പനിയിലെ ജോലി. ഇതൊക്കെയാകാം കാരണമെന്നു സാമാന്യ യുക്തിക്കു നമുക്കു തോന്നാം. എന്നാല്‍ ശങ്കര്‍ കൊടിയാന്‍ എന്ന എന്‍ജിനീയര്‍ ചെയ്തതു നമ്മുടെയെല്ലാം സാമാന്യ യുക്തിക്ക് അപ്പുറമുള്ള ഒരു കാര്യമായിരുന്നു. 

എസി തണുപ്പിലെ കംപ്യൂട്ടറിനു മുന്നില്‍ നിന്നു ശങ്കര്‍ നേരെ ഇറങ്ങിയതു പൊരിവെയിലത്തു മണ്ണിലേക്കാണ്. കോഡിങ്ങിനു പകരം കൃഷിയെന്ന മനുഷ്യന്റെ ആദിമ തൊഴിലെടുക്കാന്‍, വിയര്‍പ്പൊഴുക്കി അദ്ധ്വാനിക്കാന്‍. 2013ല്‍ തന്റെ 43-ാം വയസ്സിലാണ് ശങ്കര്‍ ഐടി ക്ലൗഡ് ലോകത്തു നിന്ന് വെറും മണ്ണിലേക്ക് ഇറങ്ങിയത്. 

പാരമ്പര്യ സ്വത്തോ മുന്‍ കൃഷി പരിചയമോ ഒന്നുമില്ലാത്ത ശങ്കര്‍ തുടങ്ങിയത് കര്‍ണ്ണാടകയിലെ മൂഡബിദ്രിയിലെ രണ്ടേക്കര്‍ ഭൂമിയില്‍ നിന്നാണ്. ഇന്ന് 9 ഏക്കര്‍ റബര്‍ കൃഷി, രണ്ടേക്കര്‍ അടയ്ക്കാ കൃഷി, 25 ഏക്കര്‍ ഭൂമി, 40 പശുക്കള്‍ എന്നിവയുമായി വിപുലമായ കൃഷിയിലേര്‍പ്പെട്ടിരിക്കുന്ന ഒരു തനിനാടന്‍ കര്‍ഷകനാണ് ഈ ടെക്കി. ദിവസം 130-140 ലിറ്റര്‍ പാല്‍ ദക്ഷിണ കന്നഡ കോഓപ്പറേറ്റീവ് മില്‍ക്ക് യൂണിയനില്‍ നല്‍കുന്നു. സ്ഥിരജോലിയും സൗകര്യങ്ങളുമൊക്കെ വിട്ടു കൃഷി ചെയ്യാന്‍ മണ്ണിലേക്ക് ഇറങ്ങുന്ന ഓരോരുത്തര്‍ക്കും പ്രചോദനമാണ് ശങ്കറിന്റെ ജീവിതം. 

പെട്ടെന്നൊരു ഉള്‍വിളിയുണ്ടായി കൃഷിയിലേക്ക് ഇറങ്ങിയ ആളല്ല ശങ്കര്‍. ആറു വര്‍ഷത്തോളം കൃഷി രീതികളെ പറ്റി ഗവേഷണം ചെയ്തു പഠിച്ചു. വിദേശത്തു ജോലി ചെയ്ത സമയത്തു യൂറോപ്പിലെയും ഓസ്‌ട്രേലിയയിലെയും സ്വിറ്റ്‌സര്‍ലന്‍ഡിലെയും ജപ്പാനിലെയും നെതര്‍ലാന്‍ഡ്‌സിലെയുമൊക്കെ കൃഷി ഫാമുകള്‍ സന്ദര്‍ശിക്കുകയെന്നതു ശങ്കറിനു ഹരമായിരുന്നു. ഇവിടങ്ങളിലെ കൃഷി രീതികളൊക്കെ ഇക്കാലയളവില്‍ അരികെ നിന്നു നോക്കി പഠിക്കാന്‍ സാധിച്ചു. സ്വിറ്റ്‌സര്‍ലന്‍ഡിലെ പാലുത്പാദന മാതൃക കണ്ട് ആവേശം കയറി ശങ്കര്‍ അതു പോലൊന്ന് നമ്മുടെ നാട്ടിലും ആരംഭിക്കണമെന്ന് അന്നേ മനസ്സില്‍ കുറിച്ചു. 

ജോലി രാജി വച്ചു തന്റെ കൃഷിയിടത്തിലെത്തിയ ശങ്കര്‍ ആദ്യം ചെയ്തത് അവിടെ ചെറിയൊരു വീടുണ്ടാക്കുകയായിരുന്നു. ഫാം പ്രധാന റോഡില്‍ നിന്നു വളരെ അകലെയായിരുന്നതിനാല്‍ നിത്യവും ഇവിടേക്കു വരവ് ബുദ്ധിമുട്ടായിരുന്നു. വീടു വച്ച ശേഷം സമീപത്തെ കര്‍ഷകരില്‍ നിന്നു കുറച്ചു ജൈവ വളം വാങ്ങി ഭൂമിയില്‍ പുല്ലു വളര്‍ത്താന്‍ തുടങ്ങി. ആവശ്യത്തിനു പുല്ലായപ്പോള്‍ പശുക്കളെ മേടിച്ചു. കൃഷിയുടെ തിയറിയും പ്രാക്ടിക്കലും തികച്ചും വ്യത്യസ്മാണെന്നു തിരിച്ചറിഞ്ഞ ആദ്യ വര്‍ഷങ്ങളില്‍ നിരവധി വെല്ലുവിളികള്‍ നേരിട്ടു. 

വിദേശ രാജ്യങ്ങളിലുള്ള നിലവാരത്തില്‍ എന്നാല്‍, പ്രാദേശിക ചുറ്റുപാടുകള്‍ക്ക് ഇണങ്ങും വിധം ശങ്കര്‍ തനിയെ ഡയറി ഫാം രൂപകല്‍പന ചെയ്തു.  ഫാമിന്റെ 10 ശതമാനം ശങ്കര്‍ കാടാക്കി മാറ്റി. അതിരില്‍ 150 ഓളം സസ്യങ്ങള്‍ വച്ച് പിടിപ്പിച്ചു. ഡയറി ഫാമിനൊപ്പം റബര്‍, അടയ്ക്കാ കൃഷിയും പുരോഗമിക്കുന്നു. ഇതിനകം 1800 റബര്‍ മരങ്ങളും 1000 കവുങ്ങും വച്ചു പിടിപ്പിച്ചു. ഇതിനു പുറമേ ജൈവ രീതിയില്‍ നെല്ലും പച്ചക്കറികളും ഫാമില്‍ വളര്‍ത്തുന്നുണ്ട്. ഒറ്റവയ്‌ക്കോല്‍ വിപ്ലവത്തിന്റെ പിതാവും ജപ്പാനീസ് കര്‍ഷകനുമായ മസനോബു ഫുക്കുവോക്ക, കര്‍ണ്ണാടകയിലെ കര്‍ഷകന്‍ നാരായണ്‍ റെഡ്ഡി, മഹാരാഷ്ട്രയിലെ സുഭാഷ് പാലേക്കര്‍ എന്നിവരാണ് കൃഷിയിലെ ശങ്കറിന്റെ മാതൃക. 

കൃഷിയിലേക്ക് ഇറങ്ങുന്ന യുവാക്കള്‍ക്കുള്ള ശങ്കറിന്റെ ടിപ്‌സ് ഇവയാണ്

1. കൃഷിയില്‍ നിന്നു മാത്രം വരുമാനം ലഭിച്ചു തുടങ്ങാന്‍ താമസിക്കുമെന്നതിനാല്‍ 3-4 വര്‍ഷത്തേക്കെങ്കിലും പിടിച്ചു നില്‍ക്കാന്‍ കയ്യില്‍ പൈസ ഉണ്ടായിരിക്കണം. അത്തരത്തില്‍ ആസൂത്രണം ചെയ്യണം. 

2. പരമ്പരാഗത കര്‍ഷകര്‍ ചെയ്യുന്ന കാര്യങ്ങള്‍ തന്നെ പിന്തുടരേണ്ടതില്ല. പുതിയ ടെക്‌നിക്കുകള്‍ പരീക്ഷിച്ചു നോക്കണം.

3. വായിക്കുക, ഗവേഷണം നടത്തുക. ഇന്റര്‍നെറ്റിലും മറ്റും നിരവധി സാമഗ്രികള്‍ കൃഷിയെ സംബന്ധിച്ചു ലഭ്യമാണ്.

4. കാലതാമസം കൃഷിയുടെ കൂടെപ്പിറപ്പാണ്. ആറു മാസം കൊണ്ട് എന്തെങ്കിലും പൂര്‍ത്തീകരിക്കാമെന്നു വിചാരിച്ചാല്‍ ചിലപ്പോള്‍ അതിനേക്കാൾ നീണ്ടു പോയേക്കാം.

5. കൃഷിയിലേക്ക് ഇറങ്ങുകയെന്നാല്‍ നമ്മുടെ ജീവിതരീതിയിലെ മാറ്റം കൂടിയാണ്.


Photo Courtesy: Sampath Menon
sampathmk.com


Job Tips >>