റെയിൽവേ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങി; ഇപ്പോഴോ സിവിൽ സർവീസ് വിജയി

ശിവഗുരു പ്രഭാകരൻ

കഥ തുടങ്ങുന്നതിനു മുൻപ് നിയമപരമല്ലാത്തൊരു മുന്നറിയിപ്പുണ്ട്. ഒഴികഴിവുകൾ ശീലമാക്കിയവർ ദയവായി ഇതു വായിക്കരുത്. മുന്നറിയിപ്പ് അവഗണിച്ചു തുടരാനാണു  ഭാവമെങ്കിൽ വായന തീരുമ്പോൾ ഉത്തരം മുട്ടും, തീർച്ച.

∙ ചന്തുവല്ല, ഇതു ശിവഗുരു
പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തലക്കെട്ട് എഴുതിയേക്കാം. ഇനി വിട്ടുപോയാലും സാരമില്ല. അവസാന വരി വായിച്ചു കഴിയുമ്പോൾ മനസ്സിൽ വലിയ അക്ഷരത്തിൽ അതു തെളിഞ്ഞു വരും- ഈ  ശിവഗുരുവിനെ തോൽപ്പിക്കാനാവില്ല, മക്കളേ. സ്ക്രീനിൽ ഇപ്പോൾ തെളിയുന്നത് സിവിൽ സർവീസ് പരീക്ഷാ ഫലമാണ്. അതിൽ 101-ാം നമ്പറിലേക്കു സൂം ചെയ്യുമ്പോൾ അതാ ആ പേര് - ശിവഗുരു പ്രഭാകരൻ. 

∙ അൽപം ഫ്ലാഷ് ബാക്ക് 
തഞ്ചാവൂർ മേലൊട്ടൻകാവ് ഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലാണു കഥാനായകന്റെ ജനനം. തെങ്ങിന്റെ ഓലമെടഞ്ഞ് അമ്മ സമ്പാദിക്കുന്നതാണ് ഏക വരുമാനം. പന്ത്രണ്ടാം ക്ലാസ് മികച്ച  മാർക്കോടെ പാസാകുമ്പോൾ സ്വപ്നം എൻജീനിയറിങ്. മാർക്ക്  മാത്രം പോരല്ലോ, കോഴ്സിനു ചേരാൻ കാശില്ലാത്തതിനാൽ തൽക്കാലം അതു മുടങ്ങി. 

∙ കൃഷി, മരമില്ല്, പഠനം
സാധാരണ കഥ ഇവിടെ തീരേണ്ടതാണ്. ശിവഗുരു അവിടെയാണു തുടങ്ങിയത്. എൻജിനീയറിങ് സ്വപ്നം ഹൃദയത്തിൽ സൂക്ഷിച്ച്, പഠനം തൽക്കാലം നിർത്തി ശിവഗുരു മണ്ണിലേക്കിറങ്ങി-  ചെറിയ തോതിൽ കൃഷി, മരമില്ല് നടത്തിപ്പുകാരനായി ജോലി. വരുമാനത്തിന്റെ നല്ലൊരു പങ്ക് കുടുംബത്തിനായി ചെലവിട്ടു. ചെറിയ തുക തുടർ പഠനമെന്ന സ്വപ്നത്തിനായി സ്വരുക്കൂട്ടി. സഹോദരിയുടെ വിവാഹമുൾപ്പെടെയുള്ള ബാധ്യതകൾ പൂർത്തീകരിച്ച ശേഷം എൻജിനീയറിങ് പഠനത്തിലേക്ക്. 

∙ റെയിൽവേ സ്റ്റേഷനിലെ ഉറക്കം
വെല്ലൂരിലെ തന്തൈപെരിയാർ ഇൻസ്റ്റിറ്റ്യൂട്ട് ടെക്നോളജിയിൽ സിവിൽ എൻജിനീയറിങ്ങിനു ചേർന്നു. ഇംഗ്ലിഷ് അത്ര പോരാത്തതിനാൽ ചെന്നൈയിൽ വാരാന്ത്യങ്ങളിൽ ഇംഗ്ലിഷ് പരിശീലനം. അപ്പോൾ ഉറക്കം ചെന്നൈ സെന്റ് തോമസ് മൗണ്ട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ.  തിങ്കൾ മുതൽ വെള്ളി വരെ എൻജിനീയറിങ് പഠനത്തിന്റെ ഇടവേളകളിൽ മൊബൈൽ ഷോപ്പുകളിൽ പാർട്ട് ടൈം ജോലിയും ചെയ്തു.  ബാങ്ക് വായ്പയും മറ്റു കടവുമൊക്കെയുണ്ടായിരുന്ന കാലത്ത് പൊതുമേഖലാ സ്ഥാപനത്തിൽ ജോലി ലഭിച്ചതാണ്. പക്ഷേ, അതിനകം ഐഎഎസ് സ്വപ്നം മനസ്സിൽ കയറിപ്പോയി. ഐഐടി എംടെക് പ്രവേശന പരീക്ഷയിലെ ഒന്നാം റാങ്കാണ് കഠിനാധ്വാനത്തിന് ലഭിച്ച ആദ്യമധുരം. 

∙ എത്ര തിരിച്ചടികൾ, പ്രതിസന്ധികൾ. ഒരിക്കലും ആത്മവിശ്വാസം നഷ്ടപ്പെട്ടില്ലേ?
എല്ലാ പ്രതിസന്ധിയിലും ഞാൻ മുന്നിൽ കണ്ടത് വിജയ നിമിഷമാണ്. ഉദാഹരണത്തിന്, റെയിൽവേ സ്റ്റേഷനിൽ ഉറങ്ങുമ്പോഴും സ്വപ്നം കാണുന്നത് കലക്ടറായി കാറിൽ സഞ്ചരിച്ച് ജനങ്ങളുടെ പ്രശ്നം പരിഹരിക്കുന്ന എന്നെയാണ്. പ്രചോദനത്തിന് പിന്നെ എന്തു വേണം.

∙ വിജയത്തിൽ സുഹൃത്തുക്കളുടെ പങ്ക്?
എന്റെ കഠിനാധ്വാനത്തോളം തന്നെ . സിവിൽ സർവീസ് അഭിമുഖ പരീക്ഷയുടെ സമയം. പരീക്ഷയ്ക്കായി ഡൽഹിയിലേക്കു പോകാൻ10000 രൂപ ബാങ്കിലുണ്ടായിരുന്നു. എന്നാൽ, വിദ്യാഭ്യാസ വായ്പ തിരിച്ചടച്ചിട്ടില്ലാത്തതിനാൽ ബാങ്ക് ആ പണം തടഞ്ഞു.  സുഹൃത്തുക്കൾ തന്ന പണവുമായാണു പിന്നീട് പരീക്ഷയ്ക്കു പോയത്. ഐഐടിയിലെ മലയാളി സുഹൃത്തുക്കളായ ലിനി, ശാലിനി, ശ്രീനാഥ്, പാർവതി, വിനീത എന്നിവരെയൊന്നും മറക്കാനാകില്ല. 

∙  സിവിൽ സർവീസ് മൂന്നു തവണ കൈവിട്ടപ്പോൾ മടുത്തില്ലേ?
ഓരോ തവണയും അഭിമുഖം അവസാനിച്ചതിന്റെ പിറ്റേന്ന് അടുത്ത പ്രിലിമിനറിക്കുള്ള ശ്രമം തുടങ്ങും. ഓരോ തോൽവിയും ഓരോ പാഠമാക്കി അതിൽ നിന്നു പുതിയ കാര്യങ്ങൾ പഠിച്ചു. 

∙ എന്താണു കൊച്ചു കൊച്ചു സന്തോഷങ്ങൾ?
ദിവസവും മൂന്നു നേരം അമ്മയെ ഫോണിൽ വിളിക്കും. ഗ്രാമത്തിലെ വിദ്യാർഥികൾക്കു മൽസര പരീക്ഷയ്ക്കു സഹായിക്കും. പുതുതായി ഒരു കാര്യം പഠിക്കുന്നതു പോലും നൽകുന്ന സന്തോഷം ചെറുതല്ല. ചെറിയ തോതിൽ കവിതയെഴുത്തിന്റെ അസുഖവും ക്രിക്കറ്റിന്റെ കിറുക്കുമുണ്ട്.

നടൻ വടിവേലുവിന്റെ ഹാസ്യരംഗങ്ങൾ ആവർത്തിച്ച് കാണുന്നതായിരുന്ന ടെൻഷൻ മാറ്റാനുള്ള മറ്റൊരു വഴി.