മസായോഷി സൺ ആരാ മോൻ?

കയ്യിലുണ്ട് പതിനായിരം കോടി ഡോളർ. സുമാർ ആറേമുക്കാൽ ലക്ഷം കോടി രൂപ! മുടക്കാനുള്ള മുതലാണേ! ലോകം വിലയ്ക്കു മേടിക്കാമല്ലോ എന്നു തോന്നാം.  കേരളത്തിലോ മറ്റോ വന്നാൽ കാസർകോടു മുതൽ കളിയിക്കാവിള വരെ വാങ്ങാം, വസ്തു ബ്രോക്കർമാർ ക്യൂ നിൽക്കും. പക്ഷേ, മസായോഷി സൺ എന്ന ജപ്പാൻകാരൻ വസ്തുവിലല്ല, അത്യാധുനിക സാങ്കേതികവിദ്യകളുടെ കമ്പനികളിലാണു കാശിട്ടു കളിക്കുക. വിഷൻ ഫണ്ട് എന്നാണു പേരിട്ടിരിക്കുന്നത്. ലോകം മാറ്റിമറിക്കുകയാണ് ഉന്നം.

ഭൂലോകചരിത്രത്തിലെ ഏറ്റവും വലിയ മൂലധന തുകയാണത്രെ. ഇത്രയും ഭീമമായ ക്യാപിറ്റൽ ഒരു വ്യക്തി ഇതുവരെ മുടക്കാൻ തുനിഞ്ഞിട്ടില്ല. മൂലധനത്തിന്റെ മൂലസ്ഥാനമായ അമേരിക്കയിലെ സിലിക്കൺ വാലിയിൽ വെഞ്ച്വർ ക്യാപിറ്റലിസ്റ്റുകൾ 2017ൽ ആകെ മുടക്കിയത് 3300 കോടി ഡോളർ മാത്രമാണെന്നോർക്കണം.  ലോകമാകെ സർവ രാജ്യങ്ങളിലും കൂടി വെഞ്ച്വർ ക്യാപിറ്റൽ 2016ൽ 6400 കോടി ഡോളർ (സുമാർ നാലേകാൽ ലക്ഷം കോടി രൂപ) മാത്രമായിരുന്നു. അപ്പോഴാണ് പതിനായിരം കോടി ഡോളറുമായി ഒറ്റയാൻ ജപ്പൻകാരൻ ഇറങ്ങിയിരിക്കുന്നത്. 

ജപ്പാനിലെ സോഫ്റ്റ് ബാങ്ക് സ്ഥാപകനാണ് മസായോഷി സൺ. ചൈനയിലെ അലിബാബയിലും ഉബറിലും മറ്റും മുതൽമുടക്കി വൻ ലാഭം നേടിയിട്ടുണ്ട്. ഫ്ലിപ്കാർട്ടിൽ 20% ഓഹരിയെടുത്ത് അതും ലാഭമാക്കി. എന്നുവച്ചു തൊട്ടതെല്ലാം പൊന്നായിട്ടില്ല. നഷ്ടം വരുത്തിയ നിക്ഷേപങ്ങളും കുറേയുണ്ട്. സണ്ണിന് ഇത്രയും മുതൽക്കൂട്ടാൻ സഹായിച്ചതു സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ചേർന്നാണെന്നു ലണ്ടനിലെ ഇക്കണോമിസ്റ്റ് വാരിക പറയുന്നു. കിരീടാവകാശി 4500 കോടി ഡോളർ കൊടുത്തു. സൺ സ്വന്തം കമ്പനി സോഫ്റ്റ് ബാങ്കിൽ നിന്ന് 2800 കോടി ഡോളറിട്ടു. അതു കണ്ടപ്പോൾ ‍ഞങ്ങളേയും കൂടി കൂട്ടൂമോ എന്നു ചോദിച്ച്  കാശുള്ള വേറേയും നിക്ഷേപകരെത്തി. എന്തിനു പറയുന്നു, തുക 10000 കോടി ഡോളറിലെത്തി. അതാണ് ആഗോള മൂലധന ശക്തികളുടെ കളി!

നമ്മുടെ നാട്ടിൽ ആരുടെയെങ്കിലും കയ്യിൽ മുടക്കാൻ കാശുണ്ടെന്നു കണ്ടാൽ വിൽപനക്കാരുടെ വിളി കാരണം ഇരിക്കപ്പൊറുതിയുണ്ടാവില്ല. എന്റെ പത്തേക്കർ തരാം, പൊട്ടിപ്പോയ വ്യവസായം തരാം, തുരുമ്പിച്ച വർക്‌ഷാപ്പ് തരാം, സിനിമയ്ക്ക് ആളു കേറാത്ത തിയറ്റർ തരാം, കച്ചവടമില്ലാത്ത പെട്രോൾ പമ്പ് തരാം എന്നിങ്ങനെയായിരിക്കും ഓഫറുകൾ. ഇതൊക്കെ വാങ്ങിയാൽ കുത്തുപാള പാഴ്സലായി വരും. പക്ഷേ, മസായോഷി സൺ ഇമ്മാതിരി ഏർപ്പാടുകളിലൊന്നും വീഴില്ല. റോബട്ടിക്സ്, ഇന്റർനെറ്റ് ഓഫ് തിങ്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയ അപകടം പിടിച്ച അത്യന്താധുനിക വിദ്യകൾ വച്ചു കളിക്കുന്ന കമ്പനികളുണ്ടോ ? അതിലേ മുടക്കൂ. സൺ ആരാ മോൻ?

സോഫ്റ്റ് ബാങ്ക് തന്നെ ഒരു സിലിക്കൺ വാലി ആക്കി മാറ്റണമെന്നാണ് സൺ പറയുന്നത്. എന്നുവച്ച് ആരും ജപ്പാനിലേക്കു വണ്ടി കയറേണ്ട. ബില്യൺ ഡോളർ (6800 കോടി രൂപ) വാല്യുവേഷൻ ലഭിച്ച ടെക്ക് കമ്പനികൾക്കു മാത്രമേ ആ ഭാഗ്യം ലഭിക്കൂ. ഏതാണ്ട് 70 മുതൽ 100 വരെ കമ്പനികളിൽ മുടക്കാനാണു പദ്ധതി. സൺ പൊട്ടിപ്പോയാൽ ഭൂലോക ചരിത്രത്തിലെ ഏറ്റവും വലിയ പൊട്ടലുമാകും എന്നേ പറയാനുള്ളു.

ഒടുവിലാൻ ∙ നമ്മുടെ നാട്ടിലെ ശരാശരി ‘മുതലാളി’ക്ക് എത്ര കാശ് കാണും? പെട്രോൾ ബങ്ക്, ഗ്യാസ് ഏജൻസി, വാടകയ്ക്കു കൊടുത്ത കടകൾ, വീടും പറമ്പും തുടങ്ങിയതെല്ലാം കൂട്ടി നോക്കിയാലും അഞ്ചാറു കോടിയേ കാണൂ.