Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫുൾബ്രൈറ്റിലേക്കുള്ള ശ്രീറാമിന്റെ യാത്ര

Author Details
487846256

ഇത്തവണത്തെ ഫുൾബ്രൈറ്റ് ഫെലോഷിപ് ജേതാക്കളിൽ നമ്മിൽ മിക്കവർക്കും പരിചിതമായൊരു പേരുണ്ട്- ശ്രീറാം വെങ്കിട്ടരാമൻ. സിവിൽ സർവീസിൽനിന്ന് അവധിയെടുത്തു പഠിക്കാൻ വഴി തേടിയപ്പോൾ സ്കോളർഷിപ്പുകളുടെ രാജാവായ ഫുൾബ്രൈറ്റ് ശ്രീറാമിലെ ഹാർവഡിലേക്കു ക്ഷണിച്ചു; പബ്ലിക് ഹെൽത്തിൽ മാസ്റ്റേഴ്സിന്. ഇത്തവണത്തെ ഫുൾബ്രൈറ്റ് ഫെലോകളിൽ മറ്റൊരു മലയാളിയാണു മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസിലെ (ടിസ്സ്) അധ്യാപിക മഞ്ജുള ഭാരതി. 

യുഎസ് സർക്കാരിനു കീഴിലുള്ള വിദ്യാഭ്യാസ, സാംസ്കാരിക ബ്യൂറോ നൽകുന്ന ഫുൾബ്രൈറ്റ് സ്കോളർഷിപ് ഇതുവരെ നേടിയവരിൽ 59 നൊബേൽ ജേതാക്കളും  82 പുലിറ്റ്സർ ജേതാക്കളുമുണ്ട്. സ്കോളർഷിപ്പിന്റെ വലുപ്പം അടയാളപ്പെടുത്താൻ വേറെന്തുവേണം ?

അടുത്ത വർഷത്തെ ഫുൾബ്രൈറ്റ് സ്കോളർഷിപ്പിനു യുഎസ് – ഇന്ത്യ എജ്യൂക്കേഷനൽ ഫൗണ്ടേഷൻ അപേക്ഷ ക്ഷണിച്ചിരിക്കുന്ന സമയമാണിത്. പ്രോഗ്രാമുകളിൽ ഏറ്റവും പ്രശസ്തം ഫുൾബ്രൈറ്റ് – നെഹ്റു ഫെലോഷിപ്പുകളാണ്. ഫുള്‍ബ്രൈറ്റ്– കലാം ക്ലൈമറ്റ് ഫെലോഷിപ്, ഹ്യൂബെർട് എച്ച്. ഹംപ്രി ഫെലോഷിപ്, ഫോറിൻ ലാംഗ്വേജ് ടീച്ചിങ് അസിസ്റ്റന്റ് പ്രോഗ്രാം തുടങ്ങി ഒട്ടേറെ സ്കോളർഷിപ്പുകളുണ്ട്. ഏതെങ്കിലും ഒരു വിഭാഗത്തിനു മാത്രമേ അപേക്ഷ നൽ‌കാൻ സാധിക്കൂ.

ഫുൾബ്രൈറ്റ് – നെഹ്റു മാസ്റ്റേഴ്സ് ഫെലോഷിപ്
യുഎസിൽ മാസ്റ്റേഴ്സ് ബിരുദം എടുക്കാൻ തയാറുള്ളവർക്ക് അപേക്ഷിക്കാം. ആർ‍ട്സ് ആൻഡ് കൾചർ, പരിസ്ഥിത പഠനം, പൊതുജനാരോഗ്യം, ഉന്നതവിദ്യാഭ്യാസ നിയന്ത്രണം, നിയമപഠനം, ജെൻഡർ സ്റ്റഡീസ്, നഗരവികസനം തുടങ്ങിയ മേഖലകളിലാണ് അവസരം. ഒന്നു മുതൽ രണ്ടുവർഷത്തേക്കാണു ഫെലോഷിപ്. യുഎസിൽ വേണ്ടിവരുന്ന വിദ്യാഭ്യാസ, ജീവിതച്ചെലവുകൾ, അങ്ങോട്ടും ഇങ്ങോട്ടുമുള്ള വിമാനയാത്രാച്ചെലവ്. അപകട, ആരോഗ്യ ഇൻഷുറൻസ് തുടങ്ങിയവ ഇതിന്റെ ഭാഗമായി ലഭിക്കും.55 ശതമാനം മാർക്കോടെ ബിരുദം, മൂന്നു വർഷം പ്രവൃത്തിപരിചയം തുടങ്ങിയവയാണു യോഗ്യത. ജൂലൈ 15 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.

ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് ഇന്റർവ്യൂ, തുടർന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്കു ജിആർഇ, ടോഫൽ പരീക്ഷകൾ പാസാകേണ്ടിവരും. 2019 ഓഗസ്റ്റ്–സെപ്റ്റംബർ കാലയളവിൽ പഠനം തുടങ്ങും. ഡോക്ടറൽ റിസർച് ഫെലോഷിപ്പുകൾ (അവസാനതീയതി ജൂലൈ 15), പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (ജൂലൈ 16), അക്കാദമിക് ആന്‍ഡ് പ്രഫഷനൽ എക്സലൻസ് ഫെലോഷിപ് (ജൂലൈ 16) ഇന്റർനാഷനൽ എജ്യൂക്കേഷൻ  അഡ്മിനിസ്ട്രേഷൻ സെമിനാർ (ഓഗസ്റ്റ് 31) എന്നിവയും ഫുൾബ്രൈറ്റ് – നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ ഭാഗമായുണ്ട്.

ഫുൾബ്രൈറ്റ് – കലാം ക്ലൈമറ്റ് ഫെലോഷിപ് 
കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പഠനം ഊർജിതമാക്കാൻ‌ ലക്ഷ്യമിട്ട് 2014ൽ നടപ്പിലാക്കിയതാണ് ഈ ഫെലോഷിപ്. പിഎച്ച്ഡി, പോസ്റ്റ് ഡോക്ടറൽ  തലങ്ങളിൽ ഗവേഷണത്തിനു വഴിയൊരുക്കും (അവസാനതീയതി ജൂലൈ 16). ഹ്യൂബർട്ട് എച്ച്. ഹംഫ്രി തുടങ്ങിയ മറ്റു സ്കോളർഷിപ്പുകൾ സംബന്ധിച്ച വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്.കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും : www.usief.org

ശ്രീറാം വെങ്കിട്ടരാമന്റെയും മഞ്ജുള ഭാരതിയുടെയും ഫുൾബ്രൈറ്റിലേക്കുള്ള യാത്ര ഇങ്ങനെ

sriram-venkataraman

ഇന്റർവ്യൂവിൽ സർവീസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ – ശ്രീറാം വെങ്കിട്ടരാമൻ‌
എംബിബിഎസിനു ശേഷം സിവിൽ സർവീസ് നേടിയെങ്കിലും മാസ്റ്റേഴ്സ് എടുക്കണമെന്ന ആഗ്രഹം ബാക്കിനിന്നിരുന്നു. അങ്ങനെയാണു ഫുൾബ്രൈറ്റിനു ശ്രമിച്ചത്. ഓൺലൈനിലൂടെയായിരുന്നു അപേക്ഷ. തുടർന്ന് ഷോർട്‌ലിസ്റ്റ് ചെയ്ത ശേഷം ഇന്റർവ്യൂ. ഇരുപത്തിയഞ്ചിലധികം പേർ ഇന്റർവ്യൂവിൽ പങ്കെടുത്തെന്നാണ് ഓർമ. സർവീസുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങളായിരുന്നു അധികവും. ഇന്റർവ്യൂവിൽ പങ്കെടുത്തവരിൽ നിന്നു 14 പേരെ തിരഞ്ഞെടുത്തു. അക്കാദമിക് മികവ് മാത്രമല്ല ഫുൾബ്രൈറ്റ് സ്കോളർഷിപ്പിനു പരിഗണിക്കുക. എൻജിഒകളിൽ പ്രവർത്തിക്കുന്നവർ, ഗവ. ഉദ്യോഗസ്ഥർ, സ്വകാര്യമേഖലാ ഉദ്യോഗസ്ഥർ തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്. ജനജീവിതവുമായി ബന്ധപ്പെടുന്നവരായതിനാൽ എൻജിഒകളിൽ പ്രവർത്തിക്കുന്നവർക്കു പരിഗണന കൂടുതലാണ്. യുഎസിലെ പരിശീലനത്തിനു  ശേഷം ഇന്ത്യയിൽ തിരിച്ചുവന്ന് ഇവിടത്തെ സമൂഹത്തിനു ഫെലോഷിപ് ജേതാക്കൾ എന്തു സംഭാവന ചെയ്യുമെന്നതാണു പ്രധാന പരിഗണന.

manjula-bharathi

റിസർച് പ്രപ്പോസൽ ഏറെ പ്രധാനം – മഞ്ജുള ഭാരതി, പ്രഫസർ, ടിസ്സ്, മുംബൈ
ഫുൾബ്രൈറ്റ് –നെഹ്‌റു മാസ്റ്റേഴ്സ് ഫെലോഷിപ്പിന്റെ  അക്കാദമിക് ആന്‍ഡ് പ്രഫഷനൽ എക്സലൻസ് വിഭാഗത്തിലാണു ഫെലോഷിപ് ലഭിച്ചിരിക്കുന്നത്. ടിസ്സിലെ ഫാക്കൽറ്റി സുഹൃത്തുക്കളുമായുള്ള സംഭാഷണങ്ങളാണ് അപേക്ഷിക്കാൻ പ്രചോദനമായത്. ഡിഗ്രി ലഭിക്കുന്ന ഏതെങ്കിലും പ്രോഗ്രാമിനല്ല, മറിച്ച് ഗവേഷണത്തിനാണ് ഈ പ്രോഗ്രാം വഴി അവസരം ലഭിക്കുന്നത്. യുഎസിലെയും ഇന്ത്യയിലെയും തദ്ദേശ സ്വയംഭരണ മേഖലയിലെ വ്യത്യാസങ്ങൾ, സ്ത്രീകളുടെ റോൾ തുടങ്ങിയ കാര്യങ്ങളാകും വിഷയം. വിശദമായ റിസർച് പ്രപ്പോസൽ നൽകേണ്ടിയിരുന്നു. ഇതു വളരെ പ്രധാനപ്പെട്ടതാണ്. ഇന്റർവ്യൂവിലെ ചോദ്യങ്ങള്‍ ഇതിൽ‌ നിന്നാണ്. സബ്ജക്ട് എക്സ്പർട്ടുകളും യുഎസിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ ഇന്റർവ്യൂ പാനലിലുണ്ടായിരുന്നു. അക്കാദമിക് രംഗത്തുള്ളവർക്ക് ഇതു മൂലം ലഭിക്കുന്ന ഗുണങ്ങൾ പലതാണ്. വിദഗ്ധരുമായുള്ള നെറ്റ്‌വർക്കിങ്, യുഎസിലെ സാഹചര്യങ്ങൾ മനസ്സിലാക്കി ഇന്ത്യൻ വിദ്യാഭ്യാസമേഖലയെ പരിപോഷിപ്പിക്കാനുള്ള ശ്രമങ്ങൾ, ഔട്ട്റീച്ച് പ്രവർത്തനങ്ങൾ തുടങ്ങിയവ പ്രധാനം.