ഒന്നിച്ചു പഠിച്ച് ഒന്നാമതായി കൂട്ടുകാർ

ഒന്നിച്ചിരുന്നു പഠിച്ച് ഒന്നാം റാങ്ക് നേടിയ അനുഭവമാണ് സുനീഷയ്ക്കും പ്രതിഭയ്ക്കും പങ്കുവയ്ക്കാനുള്ളത്. കൊല്ലം ജില്ലയിലെ എച്ച്എസ്എ മാ‌‌ത്‌സ് റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്ക് ജേതാവായ എസ്. സുനീഷയും ഇതേ തസ്തികയ്ക്ക് ആലപ്പുഴ ജില്ലയിലെ ഒന്നാം റാങ്ക് ജേതാവ് ബി. പ്രതിഭയും ഒന്നിച്ചിരുന്നു പഠിച്ചവരും വർഷങ്ങളായുള്ള കൂട്ടുകാരുമാണ്. കരുനാഗപ്പള്ളി ടോപ്പേഴ്സിൽ പരീക്ഷാ പരിശീലനത്തിനെത്തിയപ്പോഴാണ് രണ്ടുപേരും ചങ്ങാതിമാരായത്. പിന്നീടു പഠനവും ഒന്നിച്ചായി. രണ്ടുപേർക്കും ഒരേ ലക്ഷ്യമായിരുന്നു. എച്ച്എസ്എ മാ‌‌ത്‌സ് റാങ്ക് ലിസ്റ്റിലെ മികച്ച വിജയവും അതുവഴി നേടാൻ കഴിയുന്ന സർക്കാർ ജോലിയും. കൊല്ലം, ആലപ്പുഴ ജില്ലകളിൽ പരീക്ഷ എഴുതിയ നൂറു കണക്കിന് ഉദ്യോഗാർഥികളെ പിന്നിലാക്കി ഒന്നാം റാങ്കോടെ അവർ അത് നേടുകയും ചെയ്തു. ആലപ്പുഴ ജില്ലയിലെ റാങ്ക് ലിസ്റ്റിൽ നിന്നു മങ്കൊമ്പ് തെക്കേക്കര ഗവ.എച്ച്എസിൽ പ്രതിഭ ജോലിക്കു പ്രവേശിച്ചു കഴിഞ്ഞു. സുനീഷയ്ക്ക് കൊല്ലം ജില്ലയിലെ റാങ്ക് ലിസ്റ്റിൽ നിന്ന് ഉടൻ നിയമനശുപാർശ ലഭിക്കും.  

തൊഴിൽവീഥിയുടെയും കോംപറ്റീഷൻ വിന്നറിന്റെയും കടുത്ത ആരാധകരാണ് സുനീഷയും പ്രതിഭയും. കോച്ചിങ് സെന്ററിലെ പരീക്ഷാപരിശീലനത്തോടൊപ്പം തൊഴിൽവീഥിയിലെ പാഠഭാഗങ്ങളും കൃത്യമായി പഠിക്കും. കംബൈൻഡ് സ്റ്റഡിക്ക് കോംപറ്റീഷൻ വിന്നർ അവിഭാജ്യ ഘടകമായിരുന്നു. പരീക്ഷയിലെ പൊതുവിജ്ഞാന ചോദ്യങ്ങൾ കൂടുതലും തൊഴിൽവീഥിയിലെ പരീക്ഷാ പരിശീലനത്തിൽ വന്നതാണ്. അതുകൊണ്ടു കൃത്യമായി ഉത്തരങ്ങൾ കണ്ടെത്താനായെന്നു രണ്ടുപേരും പറഞ്ഞു. 

എംഎസ്‌സി മാത്‌സ്, ബിഎഡ്, സെറ്റ് യോഗ്യതകൾ നേടിയിട്ടുള്ള പ്രതിഭ സർവകലാശാല അസിസ്റ്റന്റ്, എൽഡിസി തിരുവനന്തപുരം, അസിസ്റ്റന്റ് സെയിൽസ്മാൻ കൊല്ലം തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടുണ്ട്. എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് പരീക്ഷയും എഴുതിയിട്ടുണ്ട്. ഇതിന്റെ ലിസ്റ്റിലും ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. കരുനാഗപ്പള്ളി വള്ളികുന്നം കാരാഴ്മ പി.എൻ. നിവാസിൽ  പ്രസന്നന്റെയും ബേബിയുടെയും മകളാണ്.

പ്രതിഭയെപ്പോലെ എംഎസ്‌സി മാത്‌സ്, ബി.എഡ്, സെറ്റ് യോഗ്യതതകൾ നേടിയിട്ടുള്ള സുനീഷ ചവറ ഗ്രാമന്യായാലയ കോടതിയിൽ ലാസ്റ്റ് ഗ്രേഡ് തസ്തികയിൽ ജോലി ചെയ്യുകയാണിപ്പോൾ. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ്, ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിൽ സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ് തുടങ്ങിയ റാങ്ക് ലിസ്റ്റുകളിലും ഉൾപ്പെട്ടിട്ടുണ്ട്. കമ്പനി/കോർപറേഷൻ/ബോർഡ് അസിസ്റ്റന്റ് റാങ്ക് ലിസ്റ്റിൽ നിന്ന് കെഎസ്ഇബിയിൽ ജൂനിയർ അസിസ്റ്റന്റ്/കാഷ്യർ തസ്തികയിൽ ജോലി ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ റിപ്പോർട്ട് ചെയ്തിരിക്കുന്ന ഒഴിവുകളിൽ ഹൈക്കോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലേ നിയമനം നടക്കൂ. എച്ച്എസ്എ മാ‌‌ത്‌സ് റാങ്ക് ലിസ്റ്റിൽ നിന്ന് ഉടൻ നിയമനശുപാർശ ലഭിച്ചാൽ ജോലിയിൽ പ്രവേശിക്കും. എച്ച്എസ്എസ്ടി മാത്തമാറ്റിക്സ് ലിസ്റ്റിലും ഉൾപ്പെടുമെന്നാണ് പ്രതീക്ഷ. ഇൻഷുറൻസ് വകുപ്പിൽ എൽഡി ക്ലാർക്കായി ജോലി ചെയ്യുന്ന വള്ളികുന്നം പുത്തൻചന്ത കളഭത്തിൽ അജിയാണ് സുനീഷയുടെ ഭർത്താവ്. അച്ഛൻ സദാശിവൻ. അമ്മ ഉഷ.

Job Tips >>